ചെന്നൈ: ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് ഉപയോഗിച്ചതുമൂലം യു.എസിൽ ചിലർക്ക് കാഴ്ച നഷ്ടമായെന്ന റിപ്പോർട്ടിന് പിന്നാലെ മരുന്ന് കമ്പനിയിൽ റെയ്ഡ്. ചെന്നൈയിലെ 'ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ' എന്ന മരുന്നുനിർമ്മാണ കമ്പനിയിലാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും തമിഴ്‌നാട് ഡ്രഗ് കൺട്രോളറും വെള്ളിയാഴ്ച അർധരാത്രി പരിശോധന നടത്തിയത്. മണിക്കൂറുകൾ നീണ്ടുനിന്ന പരിശോധനയിൽ തുള്ളിമരുന്നിന്റെ സാമ്പിളുകളടക്കം ശേഖരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി നടന്ന പരിശോധനയിൽ യു.എസിലേക്ക് അയച്ച തുള്ളിമരുന്നുകളുടെ സാമ്പിളുകൾ കമ്പനിയിൽനിന്ന് ശേഖരിച്ചതായി തമിഴ്‌നാട് ഡ്രഗ് കൺട്രോളർ ഡോ. പി.വി.വിജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.മരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.യു.എസിൽനിന്നുള്ള സാമ്പിളുകൾക്കായി കാത്തിരിക്കുകയാണെന്നും സംഭവത്തിൽ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഡ്രഗ് കൺട്രോളർ വ്യക്തമാക്കി.

ഗ്ലോബൽ ഫാർമയുടെ 'എസ്രികെയർ ആർട്ടിഫിഷ്യൽ ടിയേഴ്സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്സ്' ഉപയോഗിച്ചത് കാരണം ഒരുമരണം ഉൾപ്പെടെ സംഭവിച്ചതായാണ് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെ അവകാശവാദം.കണ്ണിലെ അണുബാധ, കാഴ്ച നഷ്ടപ്പെടൽ എന്നിവയടക്കം 55-ഓളം അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും യു.എസ്. അധികൃതർ അവകാശപ്പെട്ടിരുന്നു.

തുള്ളിമരുന്നിൽ അണുബാധയുണ്ടാകാനാണ് സാധ്യതയെന്നും ഇത് ഉപയോഗിച്ചാൽ കണ്ണിൽ അണുബാധയ്ക്കും കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും യു.എസ് അധികൃതരുടെ റിപ്പോർട്ടിലുണ്ടായിരുന്നു. കണ്ണുകളിലെ വരൾച്ച, അസ്വസ്ഥ തുടങ്ങിയവയിൽനിന്നുള്ള സംരക്ഷണത്തിനായാണ് ആർട്ടിഫിഷൽ ടിയേഴ്സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്സ് ഉപയോഗിക്കുന്നത്.

യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് വിവാദമായ തുള്ളിമരുന്ന് ഗ്ലോബൽ ഫാർമ അമേരിക്കൻ വിപണിയിൽനിന്ന് പിൻവലിച്ചത്. മരുന്ന് ഉപയോഗിക്കരുതെന്നും നിർദ്ദേശം നൽകി. സംഭവത്തിൽ യു.എസ്. അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്നും മരുന്ന് ഉപയോഗിച്ച ആർക്കെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും കമ്പനി അറിയിച്ചു. ഇതിനുപിന്നാലെയാണ് ചെന്നൈയിലെ ഗ്ലോബൽ ഫാർമയിൽ റെയ്ഡ് നടത്തിയത്.

ഗ്ലോബൽ ഫാർമ ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് ആരോപണം. കണ്ണ് വരണ്ടതായി തോന്നുമ്പോൾ കൃത്രിമ കണ്ണുനീരായി ഉപയോഗിക്കുന്ന തുള്ളിമരുന്നാണു വിവാദത്തിൽപ്പെട്ടത്.മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയ തുള്ളിമരുന്നിൽ കലർന്നതാണ് അപകടങ്ങൾക്കു കാരണമെന്നാണു യുഎസ് ആരോഗ്യവിഭാഗം പറയുന്നത്. ഗ്ലോബൽ ഫാർമയുടെ എസ്രികെയർ ആർട്ടിഫിഷ്യൽ ടിയേഴ്‌സ് ഐ ഡ്രോപ്‌സ് ആണ് ചിലരിൽ പ്രശ്‌നമുണ്ടാക്കിയത്.

തുള്ളിമരുന്നിലെ അപകടകരമായ ബാക്ടീരിയ രക്തം, ശ്വാസകോശം, മുറിവുകൾ എന്നിവിടങ്ങളിൽ വ്യാപിച്ച് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിച്ചെന്നാണു റിപ്പോർട്ട്. മരുന്ന് നിർമ്മാണത്തിനും കയറ്റുമതിക്കും ആവശ്യമായ ലൈസൻസുകൾ കമ്പനിക്ക് ഉണ്ടെന്ന് അധികൃതർ പറയുന്നു. യുഎസിലെ പൊട്ടിക്കാത്ത ബാച്ച് മരുന്നുകളുടെ സാംപിൾ കൂടി പരിശോധിച്ചുള്ള റിപ്പോർട്ട് കിട്ടിയാലെ അന്തിമ നിഗമനത്തിൽ എത്താനാകൂവെന്ന് ഡ്രഗ് കൺട്രോൾ അധികൃതർ വ്യക്തമാക്കി.

ഇന്ത്യൻ കമ്പനി ഉൽപാദിപ്പിച്ച ചുമ സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചെന്ന് ഉസ്ബെക്കിസ്ഥാൻ അടുത്തിടെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ മരുന്നിന്റെ ഉൽപാദനം മാരിയോൺ ബയോടെക് നിർത്തിവച്ചു. ഇന്ത്യൻ നിർമ്മിത ചുമ സിറപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) രംഗത്തെത്തി. ആംബ്രനോൾ സിറപ്പ്, ഡോക്-1 ബാക് സിറപ്പ് എന്നിവയ്ക്കെതിരെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കമ്പനിയുടെ നിർമ്മാണ ലൈസൻസ് ഉത്തർപ്രദേശ് സർക്കാർ റദ്ദാക്കിയിരുന്നു.