- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മിന്നൽ പ്രളയം; നാദാപുരത്തും കരുവാരകുണ്ടും നെടുംപൊയിൽ മേഖലയിലും മലവെള്ളപ്പാച്ചിൽ; വനത്തിൽ ഉരുൾപൊട്ടലെന്നും സംശയം; പത്ത് ജില്ലകളിൽ വ്യാപക മഴയ്ക്ക് സാധ്യത; ജാഗ്രതയിലേക്ക് വീണ്ടും കേരളം; കാലവർഷം തുടരുമ്പോൾ
കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളുടെ മലയോര മേഖലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നൽ പ്രളയം. അതിനിടെ സംസ്ഥാനത്ത് അടുത്ത 4 ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ബുധനാഴ്ച വരെ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. പ്രളയ സാധ്യത മുന്നിൽ കണ്ട് മുന്നൊരുക്കങ്ങൾ സർക്കാർ എടുക്കുന്നുണ്ട്. മലയോരത്ത് കൂടുതൽ ജാഗ്രത പുലർത്തും.
ഇന്ന് പത്തു ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണം. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളിൽ മണിക്കൂറിൽ 50 കിമീ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
കോഴിക്കോടും കണ്ണൂരും മലപ്പുറത്തും മിന്നൽ പ്രളയം ഉണ്ടായി. കോഴിക്കോട്ട് നാദാപുരത്തിനടുത്ത് വിലങ്ങാട്ടും മലപ്പുറത്ത് കരുവാരകുണ്ട് ഭാഗത്തും കണ്ണൂരിൽ നെടുംപൊയിൽ മാനന്തവാടി റോഡ് മേഖലയിലും ആണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. മൂന്നിടത്തും വനത്തിനുള്ളിൽ കനത്ത മഴയോ ഉരുൾപൊട്ടലോ ഉണ്ടായതായാണ് കരുതുന്നത്.
വിലങ്ങാട്ട് ഉച്ചയ്ക്കു രണ്ടിനു ശേഷമുണ്ടായ മലവെള്ളപ്പാച്ചിൽ രാത്രിയും തുടർന്നു. രാത്രിയോടെ വെള്ളിയോട്, പാക്വയി പുഴയോരം, വാണിമേൽ, ചെറുമോത്ത്, വിഷ്ണുമംഗലം ഭാഗങ്ങളിലും ക്രമാതീതമായി വെള്ളമുയർന്നു. ഇടയ്ക്ക് പുഴയിൽ വെള്ളം അൽപം കുറഞ്ഞെങ്കിലും വീണ്ടും ശക്തമായി. എവിടെയാണ് ഉരുൾപൊട്ടലുണ്ടായതെന്ന് രാത്രി വൈകിയും കണ്ടെത്താനായില്ല.
മലപ്പുറം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയുണ്ടായി. വൈകിട്ട് നാലോടെ തുടങ്ങിയ മഴ കനത്തതോടെ കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ മലവെള്ളം കുത്തിയൊഴുകിയെത്തി. ഒലിപ്പുഴയിൽ വെള്ളമുയർന്നു. പുഴ ഗതിമാറിയൊഴുകി ചിറയ്ക്കൽക്കുണ്ട് പുൽവെട്ട റോഡിലും സമീപത്തെ കൃഷിയിടങ്ങളിലും വെള്ളംകയറി. വ്യാഴാഴ്ചയും ഒലിപ്പുഴയിൽ സമാനമായ രീതിയിൽ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു.
മഴ സാധ്യതാ പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
28-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം
29-08-2022: കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
30-08-2022: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം
31-08-2022: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
ലക്ഷദ്വീപ് തീരത്ത് ഓഗസ്റ്റ് 30 വരെയും, കേരള തീരത്ത് ഓഗസ്റ്റ് 29 മുതൽ 30 വരെയും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് ഓഗസ്റ്റ് 30 വരെയും, കേരള തീരത്ത് ഓഗസ്റ്റ് 29 മുതൽ 30 വരെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
31-08-2022 വരെ: കന്യാകുമാരി തീരത്തും, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
29-08-2022 വരെ: മാലിദ്വീപ് മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
29-08-2022 മുതൽ 30-08-2022 വരെ: കേരള-ലക്ഷദ്വീപ് തീരങ്ങളിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
മറുനാടന് മലയാളി ബ്യൂറോ