- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളമാകെ യെല്ലോ അലർട്ട്; എറണാകുളത്തും കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കുട്ടനാട്ടും സ്കൂളും കോളേജും തുറക്കില്ല; പത്തനംതിട്ട ദുരിതാശ്വാസ ക്യാമ്പുകൾക്ക് അവധി; കാറ്റിനും മഴയ്ക്കും ഇനിയും സാധ്യത; അണക്കെട്ടുകൾ വീണ്ടും നിറയുന്നു; കൊച്ചിയിൽ വെള്ളക്കെട്ട് തുടരുന്നു; ട്രെയിൻ യാത്രയും ദുഷ്കരം; മഴ ദുരിതത്തിന് ശമനമില്ല
തിരുവനന്തപുരം: മഴക്കെടുതി തുടരുന്നു. അണക്കെട്ടുകൾ നിറയുകയാണ്. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് കേരളം. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. കുട്ടവഞ്ചി സവാരി, ബോട്ടിങ് എന്നിവയും നടത്താൻ പാടില്ല.
മഴ ശക്തമായ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയാണ്. ഇതോടൊപ്പം ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പത്തനംതിട്ടയിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ഇടുക്കി, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും. പല ജില്ലകളിലും കനത്ത മഴയെത്തുടർന്നുള്ള ദുരിതം രൂക്ഷമാണ്. ഇടമലയാർ, കക്കി, ബാണാസുരസാഗർ, പൊന്മുടി, ഷോളയാർ, കുണ്ടള, ലോവർപെരിയാർ, കല്ലാർകുട്ടി, മൂഴിയാർ എന്നീ ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
യെലോ അലർട്ടുള്ള ജില്ലകൾ
ഓഗസ്റ്റ് 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
സെപ്റ്റംബർ 1: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
സെപ്റ്റംബർ 2: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർകോട്
സെപ്റ്റംബർ 3: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള മഴ ലഭിച്ചേക്കും. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലർട്ടിനു സമാനമായ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
കേരളത്തിൽ അഞ്ച് ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ തീവ്ര മഴയ്ക്ക് സാധ്യതയെന്നാ സൂചന. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , പത്തനംതിട്ട ജില്ലകൾകളിലാണ് മഴക്ക് സാധ്യത. 100 മില്ലിമീറ്റർ മുതൽ 200 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളിൽ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴക്കും സാധ്യതയുണ്ട്. എറണാകുളത്ത് പല സ്ഥലത്തും വെള്ളക്കെട്ട് രൂക്ഷമാണ്. തീവണ്ടി ഗതാഗതത്തേയും ഇത് ബാധിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിലാണ് വെള്ളക്കെട്ട് രൂക്ഷം.
മറുനാടന് മലയാളി ബ്യൂറോ