തിരുവനന്തപുരം: കേരളത്തിൽ മഴയുടെ സ്വഭാവത്തിൽ അസാധാരണ മാറ്റം. കേരളത്തിൽ അതിതീവ്രമഴപ്പെയ്ത്ത് 70 വർഷത്തിനിടെ ആദ്യമാണ്. ഏറ്റവും വർധിച്ചത് ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുൾപ്പെടുന്ന മധ്യകേരളത്തിലാണ്. 1950 മുതൽ 2021 വരെയുള്ള കണക്കനുസരിച്ചാണ് മഴക്കൂടുതൽ കണക്ക്. വരുംവർഷങ്ങളിലും അതിതീവ്രമഴയുടെ ഇടവേളയും ശക്തിയും വ്യാപ്തിയും വർധിക്കും. കുറഞ്ഞ നേരത്തിനുള്ളിൽ അതിശക്ത മഴ പെയ്യുന്നതാണു മിന്നൽ പ്രളയത്തിന് ഇടയാക്കുന്നത്.

ചൂടുവായു ഈർപ്പത്തെ കൂടുതൽനേരം പിടിച്ചുവെക്കും. അതിലൂടെ കൂമ്പാരമഴമേഘങ്ങൾ ഉണ്ടാകുന്നു. ഇതു പ്രാദേശികമായാണു രൂപപ്പെടുന്നത്. ഇവ കൂടുതൽ ഈർപ്പം ഉൾക്കൊള്ളുന്നതായതിനാൽ മേഘവിസ്‌ഫോടനവും അതിതീവ്രമഴയുമുണ്ടാകുന്നു. ഒരു സീസണിൽ കിട്ടേണ്ട മഴ രണ്ടോമൂന്നോ മണിക്കൂറിലോ രണ്ടോമൂന്നോ ദിവസത്തിലോ കിട്ടും. ഇത് മിന്നിൽ പ്രളയമാകും.

അതിതീവ്രമഴ കൂടുന്നുണ്ടെങ്കിലും സംസ്ഥാനത്ത് മഴയുടെ മൊത്തം അളവു കുറയുകയാണ്. അതിനാൽ വരൾച്ചയും വെള്ളപ്പൊക്കവും കൂടുകയാണ്. ഇതു ജലസുരക്ഷയ്ക്കു ഭീഷണിയാണ്. അതിതീവ്രമഴയിലെ വെള്ളം വളരെപ്പെട്ടെന്ന് ഒഴുകി അറബിക്കടലിലെത്തും. പരന്നൊഴുകി മണ്ണിൽ ആഴത്തിലിറങ്ങുന്നില്ല. ഇതു ജലക്ഷാമത്തിനിടയാക്കും. വെള്ളപ്പൊക്കം കഴിഞ്ഞ് രണ്ടോമൂന്നോ ആഴ്ചകൾക്കകം പുഴകൾ വരളും. ഇതും ആശങ്കയാണ്.

കാലാവസ്ഥാ മാറ്റം പ്രകടമാണ്. രാവിലെ യെലോ, ഉച്ചയ്ക്ക് ഓറഞ്ച്, വൈകിട്ട് റെഡ് അലർട്ട് എന്ന രീതിയിലാണ് ഇപ്പോൾ മൺസൂണിന്റെ ഘടനയിലെ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പു നൽകുന്ന മുന്നറിയിപ്പുകൾ മിക്ക ദിവസങ്ങളിലും മാറുന്നു. കുറഞ്ഞ നേരത്തിനുള്ളിൽ അതിശക്ത മഴ പെയ്യുന്നുവെന്നതാണ് വസ്തുത. പ്രവചനം പോലും അപ്രസക്തമാണ്. ആഗോള താപനമാണു കാലാവസ്ഥ മാറുന്നതിനു പ്രധാന കാരണം. മൺസൂൺ മഴ കുറയേണ്ട മാസങ്ങളിൽ മഴ കൂടുകയും ചെയ്തു. മൺസൂൺ ഇതര സാഹര്യങ്ങളിലും ന്യൂനമർദവും കടലിന്റെ അതിതാപനവും കാരണം കൂമ്പാരമേഘങ്ങൾ രൂപപ്പെടുന്നു. ഇതാണ് പ്രളയത്തിന് കാരണമാകുന്നത്.

മൺസൂൺ കാലത്ത് മഴയും വെയിലും ഇടവിട്ടു വരുന്ന പ്രതിഭാസമാണ് കൂമ്പാര മേഘങ്ങളുടെ രൂപവൽക്കരണത്തിനു കാരണം. മൺസൂൺ കാറ്റിന്റെ വ്യതിയാനവും ശക്തിയിൽ ഉണ്ടാകുന്ന വ്യത്യാസവുമാണ് ഇടയ്ക്ക് മഴ കുറയ്ക്കും. മൺസൂണിൽ ഇടയ്ക്ക് തെളിച്ചവും വൈകിട്ട് ഇടിയും ശക്തമായ മഴയും എന്ന പ്രവണതയാണ് കാണുന്നത്. വളരെ പെട്ടെന്ന് കൂമ്പാരമേഘങ്ങൾ രൂപപ്പെടുന്നതാണ് മിന്നൽപ്രളയത്തിലേക്ക് നയിക്കുന്ന മഴയ്ക്ക് കാരണമാകുന്നു. ഇത്തരം കൂമ്പാരമേഘങ്ങളുടെ രൂപീകരണം മുൻകൂട്ടി പ്രവചിക്കുക സാധ്യമല്ലെന്നാണ് വിദഗ്ധാഭിപ്രായം..

വ്യാപകമായി പെയ്യുന്ന അതിതീവ്രമഴ രണ്ടോമൂന്നോ ദിവസംമുമ്പ് പ്രവചിക്കാനാകും. വളരെ പ്രാദേശികമായി മേഘവിസ്‌ഫോടനം മൂലമുണ്ടാകുന്ന മഴ ഇത്തരത്തിൽ സാധ്യമല്ല. എന്നാലിത്, റഡാറും ഉപഗ്രഹവും കൊണ്ടുള്ള നിരീക്ഷണത്തിലൂടെ രണ്ടോമൂന്നോ മണിക്കൂർ മുമ്പ് പ്രവചിക്കാം. മേഘങ്ങളുണ്ടാകുന്നതും ചലനവും നോക്കി പ്രാദേശികമായി എവിടെയാണ് മഴപെയ്യുകയെന്നു പ്രവചിക്കാൻ (നൗകാസ്റ്റ്) കഴിയും.

ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ അടയാളപ്പെടുത്തുന്നതുപോലെ മേഘവിസ്‌ഫോടനത്തിനും അതിതീവ്രമഴയ്ക്കും സാധ്യതയുള്ള മേഖലകളും സൂക്ഷ്മതലത്തിൽ അടയാളപ്പെടുത്താനാകും. വ്യക്തവും കൃത്യവുമായ വിവരങ്ങൾ വേണം. അതിനു പ്രാദേശികാടിസ്ഥാനത്തിൽ മഴമാപിനികൾ വെച്ചു മഴയളവെടുക്കണം. ഇതിലൂടെ മേഘവിസ്‌ഫോടനസാധ്യതയുള്ള മേഖലകൾ അടയാളപ്പെടുത്താം. ഈ സംവിധാനത്തിന്റെ അപര്യാപ്ത കേരളത്തിലുണ്ട്.