കൊച്ചി: സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഞായർ വരെ മഴയ്ക്ക് ശമനമില്ലെന്നാണ് റിപ്പോർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ടും (അതിശക്ത മഴ) മറ്റു ജില്ലകളിൽ മഞ്ഞ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാന ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയിരുന്ന തീവ്രമഴ ഇപ്പോൾ നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമാകുന്നതും ആശങ്കയാണ്.

മലയോരമേഖലയിലെ രാത്രിസഞ്ചാരം ഒഴിവാക്കണം. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യത. കടലിൽ മീൻപിടിക്കാൻ പോകരുത്. കനത്തമഴയിൽ റെയിൽപ്പാതയിലുണ്ടായ വെള്ളക്കെട്ട് തീവണ്ടി ഗതാഗതത്തേയും ബാധിക്കും. അതിതീവ്രമഴയ്ക്ക് കാരണമാകുന്ന മേഘവിസ്ഫോടനം കേരളത്തിൽ വർധിക്കുന്നുണ്ട്. 2018നുശേഷമാണ് ഈ പ്രതിഭാസം ആവർത്തിക്കുന്നതായി രേഖപ്പെടുത്തുന്നത്. നേരത്തേ തുലാവർഷത്തിൽമാത്രമുണ്ടായിരുന്ന മേഘവിസ്ഫോടനം മാർച്ചിനും ഡിസംബറിനും ഇടയിൽ എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്ന അവസ്ഥയാണ്. ഇതാണ് ഇപ്പോൾ കേരളത്തെ ഭീതിയിലാക്കുന്നത്.

കരയിലും കടലിന്റെ ഉപരിതലത്തിലും ചൂടുകൂടുന്നതും മൺസൂൺ കാറ്റിലുണ്ടാകുന്ന വ്യതിയാനവും ഇതിന് കാരണമാണ്. കൊച്ചി നഗരത്തിൽ ചൊവ്വ രാവിലെയുണ്ടായ തീവ്രമഴയ്ക്കുകാരണം ലഘു മേഘവിസ്ഫോടനമായിരുന്നു. മണിക്കൂറിൽ അഞ്ച് സെന്റീമീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തിയാൽ ലഘു മേഘവിസ്ഫോടനവും പത്തിൽ കൂടുതൽ രേഖപ്പെടുത്തിയാൽ മേഘവിസ്ഫോടനവുമാണെന്നാണ് കണക്കാക്കുന്നത്. കൊച്ചിയിൽ ചൊവ്വാഴ്ച 7.5 സെന്റീമീറ്റർ രേഖപ്പെടുത്തി.

കാലാവസ്ഥാവ്യതിയാനത്തെത്തുടർന്ന് കടലിന്റെ ഉപരിതലത്തിലെ ചൂടും കരയിലെ ചൂടും നിയന്ത്രണാതീതമായി കൂടുന്നതായും ഇത് കാറ്റിന്റെ ദിശയിൽ അടിക്കടി മാറ്റം വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചക്രവാതച്ചുഴികൾ, കടലിലെ ന്യൂനമർദം, മൺസൂൺ കാറ്റ് കുന്നുകളിൽ ഇടിച്ച് മഴമേഘങ്ങൾ ചിതറുന്നത് എന്നിവയിൽ ഏതെങ്കിലുമൊന്നാണ് മേഘവിസ്ഫോടനത്തിനു കാരണമാകുന്നത്. വ്യക്തമായ ആകാശം കണ്ട് 45 മിനിറ്റിനുള്ളിൽപ്പോലും തീവ്രമഴ ഉണ്ടാകുന്നതാണ് അവസ്ഥ.

തമിഴ്‌നാടിനും സമീപപ്രദേശങ്ങൾക്കു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. തമിഴ്‌നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നു. ഇതിന്റെ ഫലമായാണ് കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത പ്രവചിക്കുന്നത്.

മഞ്ഞ അലേർട്ട്

01-09-2022:തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
02-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്
03-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
04-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

ഈ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ മൂന്ന് വരെ മൽസ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ മൂന്ന് വരെ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

01-09-2022: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്‌നാട് തീരം, തെക്കു-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള തെക്കു- കിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

02-09-2022: കന്യാകുമാരി തീരം, ശ്രീലങ്കൻ തീരത്തുനിന്നു മാറി തെക്കു-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

03-09-2022 വരെ: മാലിദ്വീപ് പ്രദേശം, അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക്, മധ്യ കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.