എറണാകുളം: കനത്ത ചൂടിന് പരിഹാരമായി വേനൽ മഴ പെയ്തു തുടങ്ങുകയാണ്. അപ്പോഴും ആശങ്കയാണ് സജീവമാകുന്നത്. കൊച്ചിയിൽ പെയ്ത വേനൽ മഴയിൽ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര എഴുത്തുകാരനായ രാജഗോപാൽ കമ്മത്ത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജഗോപാലിന്റെ സ്ഥിരീകരണം. ആസിഡ് സാന്നിധ്യം തെളിയിച്ചത് ലിറ്റ്മസ് ടെസ്റ്റിലൂടെയാണെന്നു വ്യക്തമാക്കി ചിത്രവും പോസ്റ്റ് ചെയ്തു. ബ്രഹ്‌മപുരം തീപിടിത്തത്തിനു ശേഷം പെയ്ത ആദ്യ മഴയാണ്. കൊച്ചിയിലെ അന്തരീക്ഷം എത്രത്തോളം മോശമാണെന്നതിന്റെ തെളിവാണ് ഇത്. വ്യാപകമായ മഴയാണ് ഈ മേഖലയിൽ കിട്ടിയത്. ബ്രഹ്‌മപുരത്ത് ഇനി തീ കത്തില്ലെന്ന് ഉറപ്പിക്കുന്നത് കൂടിയാണ് വേനൽ മഴ. അപ്പോഴും ആശങ്ക മറ്റൊരു തലത്തിൽ എത്തുന്നു.

കഴിഞ്ഞദിവസം കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ വിവിധ മേഖലകളിൽ പരക്കെ മഴ പെയ്തു. കോട്ടയം ജില്ലയുടെ മലയോര മേഖലയിലും മികച്ച രീതിയിൽ മഴ ലഭിച്ചു. വിവിധ ജില്ലകളിൽ വെള്ളിയാഴ്ച വരെ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. അറബിക്കടൽ 29 ഡിഗ്രിയിലധികം ചൂടായതിനാൽ, അവിടെ നിന്നുള്ള ഉഷ്ണക്കാറ്റ് വലിയതോതിൽ കരയ്‌ക്കെത്തിതുടങ്ങിയതാണ് മഴയായി മാറിയത്. ചൂടിന്റെ തീവ്രത പലയിടങ്ങളിലും ഇനിയും വർധിച്ചേക്കും. കൊല്ലം, കോട്ടയം മേഖലകളിൽ 38 ഡിഗ്രി വരെയാണു ചൂട് രേഖപ്പെടുത്തിയത്. ബാക്കിയിടങ്ങളിൽ ശരാശരി 36 ഡിഗ്രിയും. ഈ സാഹചര്യം മഴയ്ക്കും അവസരമൊരുക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ പെയ്തു. കൊടും ചൂടിനിടെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. കൊച്ചിയിലെ കളമശേരി, കലൂർ അടക്കമുള്ള വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടായി. ബ്രഹ്‌മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിലുണ്ടായ ആദ്യ മഴയായിരുന്നു ഇന്ന് വൈകീട്ടത്തേത്. കൊച്ചിയിലെ വായു ഗുണനിലവാര സൂചിക ഏറ്റവും മോശമായ സ്ഥിതിയിലാണ്. തീപിടുത്തം കാരണം വലിയ തോതിൽ വിഷപ്പുക അന്തരീക്ഷത്തിൽ പടരുകയും അത് വായുമലിനീകരണത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുള്ളതിനാൽ ആദ്യ മഴ നനയരുതെന്നും കൊച്ചിയിലുള്ളവർ വീടുകളിൽ തന്നെ കഴിയണമെന്നും നിർദ്ദേശമുണ്ടായിരുന്നു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൊച്ചിയിലെ വായുവിൽ രാസമലിനീകരണ തോത് ക്രമാതീതമായി വർധിച്ചെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ഈ വർഷത്തെ വേനൽ മഴയിൽ രാസപദാർഥങ്ങളുടെ അളവു കൂടുതലായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞതെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) വായു ഗുണനിലവാര സൂചിക വ്യക്തമാക്കുന്നു. ഡിസംബറിനു ശേഷം വളരെ മോശമായി. രാസബാഷ്പ സൂക്ഷ്മകണികകളുടെ അളവ് 300 പോയിന്റ് (ലോകാരോഗ്യ സംഘടന അനുവദിച്ച അളവ് 50 പോയിന്റ്) കടന്നു നിൽക്കുമ്പോഴാണു ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ തീപിടിത്തമുണ്ടായത്.

ബ്രഹ്‌മപുരം തീപിടിത്തത്തിനുശേഷം രാസബാഷ്പ കണികകൾക്കു പുറമേ സൾഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാർബൺ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം10 കരിമാലിന്യത്തിന്റെ അളവും വർധിച്ചു. അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്‌സൈഡ് , സൾഫർ ഡയോക്‌സൈഡ് എന്നിവയുടെ അളവും കൂടി. ഇതോടെ ആദ്യ വേനൽമഴയിൽ സൾഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവു വർധിക്കാൻ സാധ്യതയുണ്ടെന്നു പരിസ്ഥിതിശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനൊപ്പം മഴയുടെ മറ്റ് കെടുതികൾക്കും ഈ വേനൽകാലത്ത് സാധ്യതയുണ്ട്. ചാറ്റൽമഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം. വേനൽക്കാലമായതിനാൽ മഴക്കാറ് മൂടുമ്പോൾ പെട്ടെന്നു തുണികൾ എടുക്കാൻ ടെറസിലേക്കും മുറ്റത്തേക്കും ചുറ്റുപാടുകൾ നിരീക്ഷിക്കാതെ പോകരുതെന്നു ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകുന്നു.

ഈ സമയത്തു വളർത്തുമൃഗങ്ങളെ അഴിച്ചുകെട്ടാൻ പോകുന്നതും ഒഴിവാക്കുക. വേനൽമഴയിലെ മിന്നലിൽ ഊർജം വലിയതോതിലുണ്ടാകും അതിനാൽ ഏതു സമയത്തും അപകടമുണ്ടാകാം. മിന്നലുള്ള സമയത്തു കുളിക്കുന്നതും ടാപ്പിൽനിന്നു വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം. മിന്നൽ വഴി പൈപ്പിലൂടെ വൈദ്യുതി സഞ്ചരിക്കാൻ സാധ്യതയുണ്ട്. മഴക്കാറു മൂടി നിൽക്കുമ്പോൾ കുളങ്ങൾ, തോടുകൾ, ഡാമുകൾ എന്നിവിടങ്ങളിൽ മീൻപിടിക്കാൻ പോകരുത്. ചൂണ്ടയിടുന്നത് അപകടത്തിനു കാരണമാകാം. കാർമേഘങ്ങളുള്ള അന്തരീക്ഷത്തിൽ കുട്ടികൾ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കണം. മിന്നൽസമയത്തു യാത്രയിലാണെങ്കിൽ വാഹനത്തിൽതന്നെ തുടരുക.

ഒറ്റപ്പെട്ട സ്ഥലത്തു നിൽക്കുമ്പോഴാണ് ഇടിമിന്നൽ ഉണ്ടാകുന്നതെങ്കിൽ പാദങ്ങൾ ചേർത്തുവച്ച്, തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തു പോലെ ഉരുണ്ട് ഇരിക്കണം. മിന്നലിന്റെ ആഘാതത്തിൽ ഗുരുതരമായി പൊള്ളുകയും കാഴ്ചയും കേൾവിയും നഷ്ടമാവുകയും ചെയ്യാം. ഹൃദയാഘാതത്തിനും സാധ്യതയുണ്ട്. മിന്നലേറ്റ വ്യക്തിക്ക് അടിയന്തര പരിചരണ നൽകാം. അയാളിൽ നിന്ന് ആർക്കും അപകടം സംഭവിക്കില്ല. മിന്നലേറ്റശേഷമുള്ള ആദ്യ 30 സെക്കൻഡാണ് ജീവൻ രക്ഷിക്കാനുള്ള സുവർണാവസരമെന്നും ദുരന്തനിവരാണ അതോറിറ്റി വ്യക്തമാക്കുന്നു.