തിരുവനന്തപുരം: സർക്കാർ- ഗവർണർ തമ്മിലടിക്കിടെ കേരളാ രാജ്ഭവന് 75 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പിന്റെ നടപടി. സെപ്റ്റംബർ മാസം 22 ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി 75 ലക്ഷം അനുവദിക്കണം എന്നാവശ്യപ്പെട്ട് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പിന് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനു ശേഷം 75 ലക്ഷം രൂപ അനുവദിക്കാനുള്ള ഫയൽ ധനകാര്യ വകുപ്പിന് കൈമാറുക ആയിരുന്നു. ഈ മാസം 27 നാണ് ധനകാര്യ വകുപ്പ് അധിക ഫണ്ടായി 75 ലക്ഷം രാജ്ഭവന് അനുവദിച്ചത്.

രാജ് ഭവനിൽ ഇ ഓഫിസ് നടപ്പിലാക്കാനാണ് 75 ലക്ഷം അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയാണ് തുക അനുവദിച്ചത്. അതുകൊണ്ട് തന്നെ തുക രാജ്ഭവന് ട്രഷറിയിൽ നിന്ന് ഉടൻ മാറാൻ സാധിക്കും. 25 ലക്ഷം രൂപയ്ക്ക് മേലുള്ള തുക മാറണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. ഒന്നാം തീയതി മുതൽ ശമ്പളവും പെൻഷനും നൽകാനുള്ളതുകൊണ്ട് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ധനവകുപ്പ്.

ഈ മാസം 26നായിരുന്നു സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്തയച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ കത്തിൽ പറഞ്ഞിരുന്നു. ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഒരുകാരണവശാലം ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു.

സർക്കാരുമായുള്ള പോര് ഓരോ ദിവസവും കടുപ്പിക്കുകയാണ് ഗവർണർ. സർവകലാശാല നിയമന വിഷയത്തിൽ തുടങ്ങിയ ഏറ്റുമുട്ടൽ, അടുത്തിടെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർ വി സിമാരുടെ രാജി ആവശ്യപ്പെട്ടതോടെ കൂടുതൽ വഷളായിരുന്നു. ഈ വിഷയം കോടതിയുടെ മുന്നിലെത്തുകയും വിസിമാർക്ക് തത്കാലം തുടരാമെന്ന് വിധി വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രീതി നഷ്ടപ്പെട്ടെന്ന് കാണിച്ച് ഗവർണർ സംസ്ഥാനത്തെ ഒരു മന്ത്രിയെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പോര് ശമിപ്പിക്കാനാണോ ഇപ്പോൾ പണം അനുവദിച്ചത് എന്നും ഇനി കണ്ടറിയണം.

അതേസമയം കേരളഹൗസിലെ കൊച്ചിൻ ഹൗസിലാണ് മുഖ്യമന്ത്രിയും ഗവർണറും താമസിക്കുന്നത്. പക്ഷേ ഇരുവരും തമ്മിൽ കണ്ടതു പോലുമില്ലെങ്കിലും. പി എസ് സി ചെയർമാന്റെ നിയമനം ഗവർണ്ണർ അംഗീകരിച്ചു. ഇത് സർക്കാരിന് ആശ്വാസമാണ്. എന്നാൽ യൂണിവേഴ്സിറ്റി വിവാദത്തിലും പ്രീതി നഷ്ടമാകൽ കത്തിലും ഗവർണ്ണർ നിർണ്ണായക തീരുമാനങ്ങൾ എടുത്തുവെന്നാണ് സൂചന. അതിനിടെ ഗവർണർ വാളോങ്ങിയ ധനമന്ത്രിയും അഡ്വക്കേറ്റ് ജനറലും കൂടി കേരളഹൗസിൽ എത്തിയതോടെ സസ്പെൻസ് മുറുകുകയാണ്. അഡ്വക്കേറ്റ് ജനറലിനെതിരേയും അതൃപ്തി കത്തുകൊടുക്കുമന്ന് സൂചനയുണ്ട്.

കൊച്ചിൻ ഹൗസിലെ ആ വലിയ വാരന്തയിലെ രണ്ട് മുറികളിലായാണ് ഗവർണറും മുഖ്യമന്ത്രിയും താമസിക്കുന്നത്. താമസം ഒരിടത്താണെങ്കിലും പരസ്പരം മുഖാമുഖം നോക്കാതെയാണ് ഇരുകൂട്ടരുടേയും പോക്ക് വരവ്. ഒരേ സമയം ഇരുവരും മുഖാമുഖം എത്താതിരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരും പ്രത്യേകം ശ്രമിക്കുന്നു. ധനമന്ത്രി കെ എൻ ബാലഗോപാലും എ ജി ഗോപാലകൃഷ്ണക്കുറുപ്പും ഇപ്പോൾ കേരളഹൗസിലാണ് താമസം. ഗവർണ്ണറുടെ ഇടപെടലുകളെ തടയാനുള്ള നിയമ വഴികളാണ് മുഖ്യമന്ത്രിയും മന്ത്രി ബാലഗോപാലും ആലോചിക്കുന്നത്. എ്ന്നാൽ കേരളത്തിലെ ഇടപെടലുകളിൽ ജ്യൂഡീഷറിയുടെ തിരിച്ചടിയുണ്ടാകാതിരിക്കാൻ ഗവർണ്ണറും ശ്രദ്ധിക്കുന്നു. ഡൽഹിയിലെ നിയമ വിദഗ്ധരുമായും സുഹൃത്തുക്കളുമായും ഗവർണ്ണർ ചർച്ചയിലാണ്.