തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയെ മുന്നിൽ നിർത്തി എൽഡിഎഫ് സംഘടിപ്പിക്കുന്ന രാജ്ഭവൻ പ്രതിരോധത്തിന് ആളുകൾ എത്തി തുടങ്ങി. രാജ്ഭവനു ചുറ്റുമായി ഒരു ലക്ഷം പേരെ അണിനിരത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വൻ രാഷ്ട്രീയ പോർമുഖം തുറക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. അതേസമയം, ഗവർണർ ഉത്തരേന്ത്യൻ പര്യടനത്തിലാണ്. അതുകൊണ്ട് തന്നെ ഗവർണ്ണർ സ്ഥലത്ത് ഇല്ലാത്തപ്പോഴാണ് സമരം. ഇടതു പക്ഷ ആഹ്വാനപ്രകാരമാണ് സമരമെങ്കിലും പിന്നീട് അത് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലേക്ക് മാറ്റി. തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിനെതിരായ കേന്ദ്ര നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണു സമരം. രാജ്ഭവനു മുന്നിൽ ലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളിലെ കൂട്ടായ്മകളിൽ പതിനായിരങ്ങളും അണിനിരക്കുമെന്നു സമിതി അറിയിച്ചു. രാവിലെ 10ന് മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിൽനിന്നു പ്രകടനം ആരംഭിക്കും. കൂട്ടായ്മ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും. എന്നാൽ രാവിലെ മുതൽ തന്നെ പ്രവർത്തകർ രാജ്ഭവനിലേക്ക് എത്തുന്നുണ്ട്. സമ്പൂർണ്ണ രാജ്ഭവൻ പ്രതിരോധമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല. ഈ മാർച്ചോടെ ഗവർണ്ണറും സർക്കാരും തമ്മിലെ പോര് പുതിയ തലത്തിലെത്തും. ഗവർണ്ണറെ പ്രകോപിപ്പിക്കാനാണ് ഈ മാർച്ച്.

ഗവർണ്ണറെ ചൊടിപ്പിക്കുന്ന തരത്തിലാകും പ്രസംഗങ്ങൾ. വിസി നിയമനത്തിൽ ഗവർണ്ണറുടെ വാദങ്ങൾക്ക് കരുത്താണ് ഹൈക്കോടതി ഉത്തരവുകളും. സമരത്തിന്റെ പേരിൽ രാജ്ഭവൻ അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ 600 പൊലീസുകാരെ വിന്യസിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു. രാവിലെ 9.30 മുതൽ ഒന്നു വരെയാണ് ഉപരോധം. രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്. കമാണ്ടോ സുരക്ഷയും കേരളാ പൊലീസ് ഒരുക്കിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ തുടരെ ഇടപെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു നടക്കുന്ന പ്രതിഷേധം രാജ്യശ്രദ്ധയാകർഷിക്കും മെന്നാണ് സിപിഎം പ്രതീക്ഷ.

രാജ്ഭവൻ മാർച്ചിനൊപ്പം ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും പതിനായിരങ്ങൾ പങ്കെടുക്കുന്ന മാർച്ചും നടത്തും. പ്രതിഷേധം വൻവിജയമാക്കാനുള്ള തയ്യാറെടുപ്പുകൾ സംസ്ഥാന വ്യാപകമായി നടത്തിയിരുന്നു. രാജ്ഭവനു മുന്നിൽ ലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളിൽ കൂട്ടായ്മകളിൽ പതിനായിരങ്ങളും അണിനിരക്കും. ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കാൻ ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാരും ആർഎസ്എസും നടത്തുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരായ കേരളത്തിന്റെ താക്കീതായി പ്രതിഷേധം മാറും. എന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തില്ല. ഗവർണ്ണറുടെ 'പ്രീതി' മന്ത്രിമാർക്ക് എതിരായാൽ ഉണ്ടാകുന്ന ഭരണഘടനാ പ്രശ്‌നങ്ങൾ മനസ്സിലാക്കിയാണ് മന്ത്രിമാർ വിട്ടു നിൽക്കുന്നതെന്നാണ് സൂചന.

രാവിലെ 10ന് ആരംഭിക്കുന്ന കൂട്ടായ്മകളിൽ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അദ്ധ്യാപകരും രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും അടക്കം അണിനിരക്കും. കർഷക, തൊഴിലാളി, വിദ്യാർത്ഥി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. രാജ്ഭവനു മുന്നിലെ പ്രതിഷേധത്തിന് മുന്നോടിയായി രാവിലെ 10ന് മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിൽനിന്ന് പ്രകടനം ആരംഭിക്കും. ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി അടക്കമുള്ള ദേശീയ നേതാക്കളും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ് കെ മാണി, മാത്യു ടി തോമസ്, പി സി ചാക്കോ, വർഗീസ് ജോർജ്, രാമചന്ദ്രൻ കടന്നപ്പള്ളി, പി സി ജോസഫ്, കെ ബി ഗണേശ്‌കുമാർ, ബിനോയ് ജോസഫ് തുടങ്ങിയവരും പങ്കെടുക്കും.

ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി ചൊവ്വാഴ്ച രാജ്ഭവനിലേക്ക് നടത്തുന്ന പ്രതിഷേധ കൂട്ടായ്മയിൽ തൊഴിലുറപ്പ് തൊഴിലാളികളും സർക്കാർ ജീവനക്കാരും പങ്കെടുത്താൽ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. ഇത് കാണിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. നടപടിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെക്കൂടി കക്ഷിചേർത്ത് നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. മാർച്ച് തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പു തൊഴിലാളികളെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സമരരംഗത്തിറക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു.