കൊച്ചി: ഞങ്ങൾ ഒരു പക്ഷവും പിടിക്കുന്നില്ല-പ്രിയാ വർഗ്ഗീസ് കേസിൽ വിധി പ്രസ്താവം നടത്തുമ്പോൾ ഇടയ്ക്ക് കയറി ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. യുജിസി മാനദണ്ഡം തന്നെയാണ് പ്രധാനമെന്നും കോടതിയിൽ സർക്കാർ പറഞ്ഞു. വിധി എതിരാകുമെന്ന സൂചനകൾ വന്നതോടെയാണ് കോടതി തങ്ങളുടെ ഭാഗം വിശദീകരിച്ചത്. കണ്ണൂർ സർവ്വകലാശാലയും പ്രിയാ വർഗ്ഗീസും തമ്മിലെ വിഷയമായി അസോസിയേറ്റ് പ്രഫസർ നിയമനത്തെ സർക്കാർ മാറ്റി. ഫലത്തിൽ കോടതി വിധി എന്തായാലും അതിൽ പ്രതിരോധം തീർക്കാനുള്ള ആയുധം ഉണ്ടാക്കുകയായിരുന്നു സർക്കാർ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമന വിവാദത്തിലാണ് തന്ത്രപരമായി നീങ്ങി പക്ഷം പിടിക്കൽ സർക്കാർ ഒഴിവാക്കുന്നത്.

സർക്കാരുമായി ഏറ്റുമുട്ടുന്ന ഗവർണർക്ക് രണ്ട് വി സിമാരെ പുറത്താക്കിയ കോടതിവിധി അനുകൂലമായതിന് പിന്നാലെ ഇന്നത്തെ വിധി കൂടിയായപ്പോൾ മറ്റൊരു വിജയമായി. പ്രിയ വർഗീസിന്റെ നിയമനം ഗവർണർ മരവിപ്പിപ്പിക്കുകയും വി സി നൽകിയ വിശദീകരണം തള്ളി അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. അസോസിയേറ്റ് പ്രൊഫസർ എന്നത് ഉന്നതമായ സ്ഥാനമാണെന്നും അവിടേയ്ക്കുള്ള നിയമനം കുട്ടിക്കളിയല്ലെന്നും അതിന്റെതായ ഗൗരവത്തോടെ വേണം നിയമന നടപടി സ്വീകരിക്കാനെന്നും വാദത്തിനിടയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം ഗവർണ്ണറുടെ വാദത്തിന് ശക്തിപകരും. ഇത് മനസ്സിലാക്കിയാണ് വിധിപ്രസ്താവത്തിനിടെ പക്ഷം പിടിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. ഫലത്തിൽ പ്രിയാ വർഗ്ഗീസിന് മാത്രമുള്ള തിരിച്ചടിയായി വിധിയെ വിശകലനത്തിന് വിധേയമാക്കാനാകും. ഇതിനൊപ്പം കണ്ണൂർ സർവ്വകലാശാലയ്ക്കും തിരിച്ചടിയാണ് വിധി.

രണ്ടു മണിക്കൂറിൽ അധികം എടുത്താണ് തുറന്ന കോടതിയിൽ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വിധി പറഞ്ഞത്. ഭരണഘടനാ കേസുകളിലേതിന് പോലെ വിശകലനവും വിശദീകരണവും പഴതും അടച്ചാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കോടതി വിധി പറയുന്നത്. പ്രിയാ വർഗ്ഗീസിന് യോഗ്യതയില്ലെന്ന് കോടതി കാര്യകാരണങ്ങൾ സഹിതം വിശദീകരിച്ചു. ഇത്തരമൊരു വിധിയാണ് വരുന്നതെന്ന് മനസ്സിലാക്കിയാണ് കോടതിയിൽ സർക്കാർ അഭിഭാഷകൻ നിലപാട് എടുത്തത്. രാഷ്ട്രീയ വിവാദമായി മാറിയ പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കുമെന്ന തിരിച്ചറിവിലായിരുന്നു ഇതെല്ലാം. സൈബർ സഖാക്കളും പാർട്ടി നേതാക്കളും ചാനൽ ചർച്ചയിലും എടുത്ത നിലപാടുകൾ പ്രിയാ വർഗ്ഗീസിന് അനുകൂലമായിരുന്നു. ഇതെല്ലാം കോടതി വധിയോടെ അപ്രസക്തമായി. ഇനി ചാനൽ ചർച്ചകളിൽ സർക്കാരിന്റേത് പക്ഷം പിടിക്കാത്ത നിലപാടായിരുന്നുവെന്ന് വാദിക്കുകയും ചെയ്യും. ഈ വിധിയിൽ ഗവർണ്ണർ എടുക്കുന്ന നിലപാട് നിർണ്ണായകമാണ്. കണ്ണൂർ സർവ്വകലാശാല വിസിക്കെതിരെ പുതിയ ആയുധം കൂടി കിട്ടുകയാണ് ഗവർണ്ണർക്ക്.

കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസിനെ നിയമിച്ച നടപടിയാണ് റദ്ദാക്കിയത്. പ്രിയക്ക് യുജിസി മാനദണ്ഡപ്രകാരമുള്ള മതിയായ അദ്ധ്യാപന പരിചയം ഇല്ല, ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ല എന്നീ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധി പ്രസ്താവിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവും രാജ്യസഭാ മുൻ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി നേരത്ത സ്റ്റേ ചെയ്തിരുന്നു. യുജിസി ചട്ടം ലംഘിച്ചുള്ള നിയമനമാണെന്ന് കാണിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി വിധി സർക്കാരിന് വൻ തിരിച്ചടിയായി.

നിയമനത്തിന് ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയെ രേഖമൂലം അറിയിച്ചിരുന്നു. പ്രിയാ വർഗീസിന് നിയമനത്തിന് വേണ്ട മതിയായ യോഗ്യതയില്ലെന്നുള്ള സത്യവാങ്മൂലമാണ് യുജിസി കോടതിയിൽ നൽകിയത്. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സർവീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനിൽ നടത്തിയ പ്രവർത്തനങ്ങളും അദ്ധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വർഗീസ് വാദിച്ചത്. എന്നാൽ കോടതി ഈ വാദം അംഗീകരിച്ചില്ല. ഗവേഷണം അദ്ധ്യാപനത്തോടൊപ്പം നടത്തിയാൽ മാത്രമേ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള പരിചയമായി കണക്കാക്കാനാകൂവെന്നാണ് യുജിസി. വ്യക്തമാക്കിയത്. ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസ്, എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ എന്നീനിലകളിൽ പ്രവർത്തിക്കുമ്പോൾ ക്ലാസെടുത്തിരുന്നോയെന്ന കോടതിയുടെ ചോദ്യത്തിന് പ്രിയാ വർഗീസിന്റെ അഭിഭാഷകന് കൃത്യമായ വിശദീകരണം നൽകാനാകാനായിരുന്നില്ല.

അവധിയെടുക്കാതെയുള്ള ഗവേഷണകാലം സർവീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനിൽ നടത്തിയ പ്രവർത്തനങ്ങളും അദ്ധ്യാപനപരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വർഗീസ് വാദിച്ചത്. തൃശ്ശൂർ കേരള വർമ്മ കോളേജിൽ അദ്ധ്യാപികയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ നവംബറിൽ വൈസ് ചാൻസലറുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുൻപ് അവരുടെ അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയ നടപടി വിവാദമായിരുന്നു. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള താത്കാലിക ലിസ്റ്റിൽ ഉൾപ്പെട്ട പ്രിയ വർഗീസിനെ ന്യായീകരിച്ച് യൂണിവേഴ്സിറ്റി രജിസ്ട്രാർ സത്യവാങ്മൂലം നൽകിയതിനെ കോടതി രൂക്ഷമായി വിമർശിച്ചു. എന്തിനാണ് രജിസ്ട്രാർ പ്രിയയ്ക്കായി വാദിക്കുന്നതെന്നും ചോദിച്ചു. ഹർജിക്കാരനും പ്രിയ വർഗീസും തമ്മിലുള്ള കേസാണിത്. സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം ശരിയോ എന്നതാണ് ചോദ്യം.

പ്രിയ വർഗീസിന്റെ അദ്ധ്യാപന പരിചയം എത്തരത്തിലാണ് കണക്കിലെടുത്തത് എന്നതു പോലും സത്യവാങ്മൂലത്തിൽ വ്യക്തമല്ല. ഇന്റർവ്യൂവിൽ എത്ര മാർക്ക് കിട്ടി എന്നതല്ല എങ്ങനെ ഇന്റർവ്യൂവിലേക്ക് എത്തി എന്നതാണ് പരിശോധിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനായുള്ള അദ്ധ്യാപന പരിചയം പ്രിയ വർഗീസിന് ഇല്ലെന്ന വാദമായിരുന്നു ഹർജിക്കാരൻ പ്രധാനമായും ഉന്നയിച്ചത്. ഗവേഷണ കാലത്തിനു ശേഷമുള്ള അദ്ധ്യാപന പരിചയം മൂന്നുവർഷത്തിൽ താഴെയാണ്. അതിനാൽ പ്രിയയെ ഇന്റർവ്യുവിനു പോലും വിളിക്കാനാകുമായിരുന്നില്ല. റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ സ്വീകരിച്ച നടപടിക്രമങ്ങളിൽ തെറ്റുണ്ടെന്നും വാദിച്ചു.

നിയമനത്തിന് അഭിമുഖത്തിൽ പരിഗണിച്ച ആറ് പേരിൽ റിസർച്ച് സ്‌കോറിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ വർഗീസ്. റിസർച്ച് സ്‌കോറിൽ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിക്ക് 651 മാർക്കുണ്ടായിരുന്നു. പ്രിയക്ക് ലഭിച്ചത് 156 മാർക്കും. എന്നാൽ അഭിമുഖം കഴിഞ്ഞപ്പോൾ പ്രിയ വർഗീസ് ഒന്നാമതായി റാങ്ക് ലിസ്റ്റിൽ.