- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമസിപ്പിച്ചത് 30 തടവുകാരുള്ള ബ്ലോക്കിൽ; പുലർച്ചെ ശുചിമുറിയിലേക്ക് കയറി ഉടുത്തിരുന്ന മുണ്ടിൽ കുരുക്കിട്ട് ആത്മഹത്യ; കൊടും ക്രിമിനലുകൾക്കൊപ്പമിട്ട സ്ഥിരം കുറ്റവാളിയല്ലാത്ത കൊലപാതകിക്ക് സുരക്ഷ ഒരുക്കുന്നതിൽ സംഭവിച്ചത് വൻ വീഴ്ച; വഴയില കൊലയിലെ പ്രതിയുടെ തൂങ്ങിമരണം കെടുകാര്യസ്ഥത; ആ സെല്ലിൽ സംഭവിച്ചത് എന്ത്?
തിരുവനന്തപുരം: റോഡരികിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളിൽ ജീവനൊടുക്കിയത് ശുചിമുറിയിൽ തൂങ്ങി മരിച്ച്. പേരൂർക്കട വഴയിലയിൽ സിന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ആണ് പൂജപ്പുരയിലെ ജില്ലാ ജയിലിലെ സെല്ലിനുള്ളിലെ ശുചിമുറിയിൽ. ധരിച്ചിരുന്ന മുണ്ടുപയോഗിച്ചായിരുന്നു തുങ്ങി മരണം. ഈ ബ്ലോക്കിൽ 30 വിചാരണ തടവുകാരുണ്ടായിരുന്നു. പുലർച്ച രണ്ടു മണിയോടെ ശുചി മുറിയിലേക്ക് പോയ രാജേഷ് തുങ്ങി മരിച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നതാണ് വസ്തുത. കൊടും ക്രിമിനലുകൾക്കൊപ്പമാണ് രാജേഷിനേയും താമസിപ്പിച്ചത്.
ശുചിമുറിയിൽ വച്ച് ഉടുത്തിരുന്ന മുണ്ട് കുരുക്കിട്ടാണ് ആത്മഹത്യയെന്ന് പൊലീസും പറയുന്നു. ജയിൽ തടവുകാരുടെ ആത്മഹത്യയും മറ്റും ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കാറ് പതിവാണ്. സ്ഥിരം കുറ്റവാളി അല്ലാത്ത രാജേഷ് കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കൊല നടത്തിയത്. ഇത് തിരിച്ചറിഞ്ഞുള്ള സുരക്ഷയൊന്നും നാടിനെ ഞെട്ടിച്ച കൊലക്കേസ് പ്രതിക്ക് നൽകിയില്ല. ഈ സുരക്ഷാ വീഴ്ചയിലേക്കാണ് രാജേഷിന്റെ ആത്മഹത്യ ചർച്ചയാകുന്നത്. സെല്ലിൽ ഉള്ളവരുമായി തർക്കമോ സംഘർഷമോ ഉണ്ടായിട്ടില്ലെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. വിവാദമൊഴിവാക്കാൻ പരമാവധി കരുതൽ എടുത്താകും പ്രതികരണങ്ങൾ. തിരുവനന്തപുരം പുജപ്പുര ജില്ലാ ജയിലിലെ ആത്മഹത്യ വലിയ ചർച്ചകൾക്ക് വഴിയൊരുക്കും.
സിന്ധുവും രാജേഷും 12 വർഷമായി ഒന്നിച്ച് കഴിയുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി ഇരുവരും അകൽച്ചയിലായിരുന്നു. വ്യാഴാഴ്ച രാവിലെ വഴയിലയിലെ റോഡരികിൽ വച്ചാണ് രാജേഷ്, സിന്ധുവിനെ ആക്രമിച്ചത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ സിന്ധുവിനെ പൊലീസുകാരും നാട്ടുകാരു ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിളിമാനൂരിൽ ജ്യൂസ് കട നടത്തുകയായിരുന്നു രാജേഷ്. സിന്ധു അകന്നുമാറുന്നുവെന്ന സംശയത്തെ തുടർന്നാണ് രാജേഷ് ആക്രമണം നടത്തിയത്. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഇത്. ഒരു സൈക്കോയെ പോലെ പെരുമാറുകയും ചെയ്തു. അത് മനസ്സിലാക്കിയുള്ള കരുതൽ ജയിൽ അധികൃതർ ഒരുക്കിയില്ല. അതാണ് ആത്മഹത്യയ്ക്ക് വഴിയൊരുക്കിയത്. അതിക്രൂരമായി നിശ്ചയിച്ചുറപ്പിച്ചാണ് സിന്ധുവിനെ പട്ടാപ്പകൽ വഴയിലയിൽ വച്ച് രാജേഷ് വെട്ടിക്കൊന്നത്.
ബസിലിരിക്കുന്ന തന്നെ പാലോടുനിന്ന് രാജേഷ് കൈകാണിച്ചുവെന്നും നന്ദിയോടുവരെ ഇരുചക്രവാഹനത്തിൽ പിന്തുടർന്നുവെന്നും സിന്ധു സഹോദരിയെ ഫോണിൽ വിളിച്ചുപറഞ്ഞിരുന്നു. വെട്ടേൽക്കുന്നതിനു തൊട്ടുമുൻപും സിന്ധു സഹോദരിയെ വിളിച്ചിരുന്നു. സിന്ധുവും രാജേഷും അയൽക്കാരും ബാല്യകാല സുഹൃത്തുക്കളുമായിരുന്നു. രാജേഷും കുടുംബവും താമസിച്ചിരുന്ന ക്വാട്ടേഴ്‌സിനു സമീപം പൊൻകുഴിയിലായിരുന്നു സിന്ധുവിന്റെ കുടുംബവീട്. പിന്നീട് സിന്ധു നന്ദിയോട് പയറ്റടിയിലേക്കു താമസം മാറി. സിന്ധുവിന്റെ വിവാഹം കഴിഞ്ഞ് ഏറെ താമസിക്കാതെ ഭർത്താവ് വീടുവിട്ടുപോയതോടെ വളരെ കഷ്ടപ്പെട്ട് വീട്ടുജോലികൾ ചെയ്തും കെയർടേക്കറായി ജോലി നോക്കിയുമാണ് മകളെ വളർത്തിയത്.
ഇതിനിടയിൽ പന്ത്രണ്ട് വർഷം മുൻപാണ് രാജേഷ് വീണ്ടും സിന്ധുവിന്റെ ജീവിതത്തിലെത്തിയത്. പത്തുവർഷത്തിലേറെയായി തിരുവനന്തപുരത്തുള്ള ഒരു ഡോക്ടറുടെ വീട്ടിൽ ഹോംനഴ്‌സ് ആയിരുന്നു. സിന്ധുവിന്റെ മകളുടെ വിവാഹത്തിനും മറ്റും ഈ കുടുംബമാണ് സഹായം നൽകിയത്. രാജേഷിനു കച്ചവടം നടത്താനും ഓട്ടോറിക്ഷ വാങ്ങാനും മറ്റും ധാരാളം പണം തന്റെ സമ്പാദ്യത്തിൽനിന്നും കടംവാങ്ങിയും മറ്റും സിന്ധു നൽകിയിരുന്നു. എന്നാൽ രാജേഷ് ഈ പണമെല്ലാം ധൂർത്തടിച്ചും അറിവില്ലാത്ത കച്ചവടം നടത്തിയും നഷ്ടപ്പെടുത്തി. രാജേഷുണ്ടാക്കിയ കടങ്ങളെല്ലാം സിന്ധുവാണ് ജോലിചെയ്തു തീർത്തിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഡോക്ടറുടെ വീട്ടിലെ സിന്ധുവിന്റെ ജോലി നഷ്ടപ്പെട്ടതോടെ വീട്ടിൽ സ്ഥിരം വഴക്കും മർദനവുമായിരുന്നു. എന്നാൽ സിന്ധു ഇതു മകളെയോ ബന്ധുക്കളെയോ അറിയിച്ചിരുന്നില്ല. വീടിന്റെ വാടക തുടർച്ചയായി മുടങ്ങിയപ്പോൾ വീട്ടുടമസ്ഥൻ മകളെ വിവരം അറിയിച്ചു. തുടർന്നാണ് മകളും സഹോദരിയുംകൂടി വീട്ടിലെത്തി സഹോദരിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ജോലിയില്ലാതെ മാസങ്ങളായുള്ള കഷ്ടപ്പാടിനുശേഷം ജോലി കിട്ടിയതിലുള്ള സന്തോഷത്തിലാണ് സിന്ധു പുതിയ സ്ഥാപനത്തിലേക്കു തിരിച്ചത്. പക്ഷേ, സ്ഥാപനത്തിനു സമീപമെത്തിയപ്പോൾ പങ്കാളിയുടെ പ്രതികാരം സിന്ധുവിന്റെ ജീവനെടുക്കുകയായിരുന്നു.
സിന്ധുവിനെ പങ്കാളിയായ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത് നേരിട്ടുകണ്ട, വഴയില ഐശ്വര്യനഗർ-45-ൽ താമസിക്കുന്ന ബേബി ജോർജ് ഇപ്പോഴും നടുക്കത്തിലാണ്. സ്ത്രീയെ വെട്ടിവീഴ്‌ത്തിയശേഷം ഭാവമാറ്റമൊന്നുമില്ലാതെ നടപ്പാതയുടെ അരികിലെ പുല്ലിലേക്ക് അയാൾ ഇരിക്കുകയായിരുന്നുവെന്ന് ബേബി പറയുന്നു. ഓടിയെത്തിയവർ അക്രമിയെ വളഞ്ഞുവെച്ചു. അപ്പോൾത്തന്നെ പൊലീസിലും 108 ആംബുലൻസിലും വിവരമറിയിച്ചു. അപ്പോഴേക്കും അടുത്തുണ്ടായിരുന്ന പൊലീസ് സംഘവും എത്തി. യുവതിയെ പൊലീസ് വാഹനത്തിൽത്തന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അക്രമിയെയും പൊലീസെത്തി കൊണ്ടുപോയി. കടുത്ത മാനസിക സമ്മർദ്ദത്തിൽ സംഭവിച്ചതെല്ലാം രാജേഷ് പൊലീസിനോട് സമ്മതിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ