കോട്ടയം: ചീട്ടുകളി പിടിക്കാൻ പോയ എസ്‌ഐ കെട്ടിടത്തിന് മുകളിൽ നിന്ന് കാൽതെറ്റി വീണ ദുരന്ത വാർത്ത കേട്ടുകൊണ്ടാണ് മലയാളികൾ ഞായറാഴ്ച ഉറക്കം ഉണർന്നത്. രാമപുരം എസ്. ഐ. ജോബി ജോർജിന്റെ മരണത്തിനു കാരണമായത് വീഴ്ചയിൽ തലയ്ക്കു പിൻഭാഗത്തുണ്ടായ മൂന്ന് സെന്റിമീറ്റർ നീളത്തിൽ ആഴത്തിലുള്ള മുറിവ്. രാത്രി 11 മണിയോടെ രാമപുരം പൊലീസ് സ്റ്റേഷന് സമീപത്തായി കെട്ടിടത്തിൽ നിന്നുമാണ് എസ്. ഐ വീണത്.

വീഴ്ചയിൽ തലയ്ക്കും, നടുവിനും നെഞ്ചിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഒപ്പം ഒരു പൊലീസുകാരൻ ഉണ്ടായിരുന്നിട്ടും നിസ്സഹായനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. മൂന്നാം നിലയിൽ നിന്നും താഴേക്ക് രണ്ടു കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന പൊലീസുകാരൻ സ്റ്റേഷനിലേക്ക് ഉടൻ തന്നെ വിവരം അറിയിച്ചതോടെ എസ്. ഐ ഉൾപ്പെടെ ഓടിയെത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പുറമെ ഗുരുതരമായ പരുക്കുകൾ ഒന്നും തന്നെ തോന്നിയിരുന്നില്ല. വാഹനത്തിൽ കയറ്റയപ്പോഴും അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നുവെന്ന് സഹ പൊലീസുകാർ പറഞ്ഞു. ആന്തരിക രക്തസ്രാവം സംഭവിച്ചതോടെ ജീവൻ രക്ഷിക്കാനായില്ല.

ഇതര സംസ്ഥാനക്കാരുടെ ക്യാമ്പിൽ ചീട്ടുകളിയും സംഘർഷവും നടക്കുന്നതായി പരാതി കേട്ടാണ് എസ്. ഐയും സ്റ്റേഷൻ ഡ്രൈവറും എത്തുന്നത്. പൊലീസുകാർ വരുന്നറിഞ്ഞതോടെ ഇതര സംസ്ഥാനക്കാർ ചീട്ടുകളി നടന്നതിനു സമീപമുള്ള മറ്റൊരു മുറിയിൽ കയറി കതകടച്ചിരുന്നു. ഒരുപാടു തവണ പൊലീസ് വിളിച്ചിട്ടും അവർ തുറന്നില്ല. ഒടുവിൽ എസ്. ഐ. കതകിൽ ചവിട്ടുകയും പെട്ടെന്ന് പിന്നോട്ട് മറിയുകയും ആയിരുന്നു. കെട്ടിടത്തിന്റെ വരാന്തയിലുള്ള പാരപറ്റിന് പൊക്കം കുറവായതിനാൽ രണ്ടു കെട്ടിടങ്ങളുടെ ഇടയിലൂടെ പിന്നോട്ട് മറിഞ്ഞ എസ്. ഐ. താഴെയുള്ള മതിലിൽ ഇടിച്ചു നിലത്തു വീണു.

രണ്ടു വർഷം മുൻപാണ് ജോബി ജോർജ് ഗ്രേഡ് എസ്. ഐയായി രാമപുരത്ത് എത്തുന്നത്. സമർത്ഥനായ ഒരു പൊലീസുകാരനാണെന്ന് നാട്ടുകാരും പറയുന്നു. നിയമങ്ങളെ പറ്റിയെല്ലാം വ്യക്തമായി അറിയാം. കുറ്റാന്വേഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇതര സംസ്ഥാനക്കാരൻ പരാതി പറഞ്ഞ സമയം തന്നെ എസ്. ഐ അവിടെയെത്തിയത്. റൂമിൽ മറ്റുള്ളവർ ചീട്ടുകളിയും സംഘർഷവുമാണെന്നും തനിക്ക് ഉറങ്ങാൻ പറ്റുന്നില്ലെന്നുമായിരുന്നു ഇതര സംസ്ഥാനക്കാരന്റെ പരാതി. അങ്ങനെയാണ് സ്റ്റേഷന് നൂറ് മീറ്റർ മാറിയുള്ള കെട്ടിടത്തിൽ എത്തുന്നത്. ഈ കെട്ടിടത്തിന്റെ മുകളിലത്തെ രണ്ടു നിലകളിലായി അന്യ സംസ്ഥാനക്കാരാണ് താമസിക്കുന്നത്. മുറി പൂട്ടി കതകടച്ചിരുന്നവർ സംഭവ ശേഷം ഓടി രക്ഷപെട്ടു. അവർ ആരെന്നുള്ള രേഖകൾ പോലും പൊലീസിന്റെ പക്കൽ ഇല്ല.

കോട്ടയം ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സംഭവ സ്ഥലത്തെത്തി. പാലാ എസ്. എച്ച്. ഒ. കെ. പി. ടോംസൺ ആണ് കേസിന്റെ അന്വേഷണ ചുമതല. ആസ്വഭാവിക മരണത്തിനു കേസ് എടുത്തതായി അദ്ദേഹം അറിയിച്ചു. ഫോറൻസിക് വിഭാഗമെത്തി പരിശോധന നടത്തി. അപകട മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

നാളെ ഉച്ചയ്ക്ക് 12 ന് കോട്ടയം പൊലീസ് ക്ലബ്, 12.30 ന് രാമപുരം പൊലീസ് സ്റ്റേഷൻ, പൊൻകുന്നം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ മൃതദ്ദേഹം പൊതുദർശനത്തിന് എത്തിക്കും.തുടർന്ന് പൊൻകുന്നം ഇരുപതാം മൈലിലുള്ള കുടുംബ വീട്ടിലെത്തിക്കും. സഹോദരൻ ജോളി കുടുംബങ്ങൾക്കൊപ്പം അഞ്ച് ദിവസം മുൻപാണ് യു. കെ യിലേക്ക് പോയത്. അവർ വന്ന ശേഷമാണ് സംസ്‌കാരം നടത്തുക. ജ്യേഷ്ഠൻ ജോർഡി ജില്ല പൊലീസ് കാര്യാലയത്തിലെ പൊലീസ് ഓഫീസർ ആണ്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പൊൻകുന്നം ഹോളി ഫാമിലി ഫോറോന ചർച്ചിൽസംസ്‌ക്കാരം നടത്തും. ഭാര്യ ബിന്ദു അരീക്കതുണ്ടത്തിൽ (കളത്തൂർ ), മകൾ: അൽഫോൻസാ (കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി ).