- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഐ ക്യാമറ പദ്ധതിയിൽ വൻ അഴിമതി; രേഖകൾ കൈയിലുണ്ട്, പുറത്തുവിടും; സർക്കാർ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്, ഇപ്പോൾ 232 കോടിയായി? കെൽട്രോണിനെ മുൻനിർത്തിയുള്ള കൊള്ള; എസ്‌ഐആർടി എന്ന ബംഗലൂരു കമ്പനിക്ക് കെൽട്രോൺ കരാർ നൽകി; ടെണ്ടറിലും അവ്യക്ത; സർക്കാറിനെ വെല്ലുവിളിച്ച് ചെന്നിത്തല
തൃശ്ശൂർ: സംസ്ഥാനത്തെ എഐ ക്യാമറാ പദ്ധതയിൽ അഴിമതി ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് സുരക്ഷയുടെ പേരിൽ അഴിമതി നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതിയിൽ കെൽട്രോൺ ഉപകരാർ നല്കിയില്ലെന്ന വാദം തള്ളിക്കൊണ്ടാണ് ചെന്നിത്തല രംഗത്തുവന്നത്. പദ്ധതി സംബന്ധിച്ച എല്ലാ രേഖകളും തന്റെ പക്കലുണ്ട്. താൻ ചോദിച്ചപ്പോൾ സർക്കാർ തന്നില്ലെന്നും അദ്ദേഹേം പറഞ്ഞും. രേഖകൾ പുറത്ത് വിടാൻ സർക്കാരിന് നാല് ദിവസം സമയം കൊടുക്കും. ഇല്ലെങ്കിൽ താൻ തന്നെ രേഖകൾ പുറത്തുവിടും.
പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതിൽ ക്രമക്കേട് ആരോപിച്ച ചെന്നിത്തല കമ്പനികൾക്ക് മുൻപരിചയമില്ലെന്നും കുറ്റപ്പെടുത്തി. സർക്കാർ പദ്ധതിക്കുള്ള തുക വർധിപ്പിച്ചതിലും ചെന്നിത്തല ദുരൂഹതയാരോപിച്ചു. പൊലീസ് ആസ്ഥാനത്ത് സിംസ് എന്ന കമ്പനിയെ ക്യാമറ വെക്കാൻ ഏൽപ്പിച്ചപ്പോൾ അതിനെ താനെതിർത്തതുകൊണ്ട് പിന്നീടാ പദ്ധതിയെ കുറിച്ച് കേട്ടില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സേഫ് കേരള പദ്ധതിയെന്ന പേരിൽ നടപ്പാക്കുകയാണ്. ഈ പദ്ധതികൾ സുതാര്യവും ജനത്തിന് ബോധ്യമുള്ളതുമാകണം. 2020 ജൂണിലാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് വന്നത്. അന്ന് സർക്കാർ ചുമതല കെൽട്രോണിനെ ഏൽപ്പിച്ചുവെന്നാണ് പറയുന്നത്. എന്നാൽ സേഫ് കേരള പ്രൊജക്ടുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി കൊടുക്കുന്നില്ല. സർക്കാർ വിവരങ്ങൾ മറച്ചുവെക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
വിഷയം താൻ ഉന്നയിച്ച ഘട്ടത്തിന് ശേഷവും സർക്കാർ മറുപടി തന്നില്ല. അടിമുടി ദുരൂഹതയും അഴിമതിയും നിറഞ്ഞ, പാവങ്ങളെ കൊള്ളയടിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ മുൻനിർത്തിയുള്ള കൊള്ളയാണിത്. എസ്‌ഐആർടി എന്ന ബംഗലൂരു കമ്പനിക്ക് കെൽട്രോൺ കരാർ നൽകി. അവർക്ക് ഇതിൽ പരിചയം ഇല്ലായിരുന്നു. ഈ കരാർ നൽകിയെ ടെണ്ടറിലും അവ്യക്തതയുണ്ട്. എസ്‌ഐആർടി മറ്റ് രണ്ട് കമ്പനികൾക്ക് ഉപകരാർ നൽകി. 151. 22 കോടിക്കാണ് കെൽട്രോൺ എസ്‌ഐആർടിക്ക് കരാർ നൽകിയത്.
തിരുവനന്തപുരം നാലാഞ്ചിറയിലും ലൈറ്റ് മാസ്റ്റർ ലൈറ്റ്‌നിങ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനും കോഴിക്കോട് മലാപ്പറമ്പിലുള്ള പ്രസാദിയോ ടെക്‌നോളജീസ് എന്നീ കമ്പനികൾക്കാണ് എസ്‌ഐആർടി ഉപകരാർ നൽകിയത്. 75 കോടിക്ക് പദ്ധതി നടപ്പാക്കാമെന്നാണ് ഈ ഉപകരാറിൽ പറയുന്നത്. 30 ശതമാനം ലൈഫ് മാസ്റ്ററിനും 60 ശതമാനം പ്രസാദിയോക്കും കൊടുക്കാമെന്നാണ് ധാരണ. ഈ കമ്പനികൾക്കൊന്നും ഈ തരം പദ്ധതികളിൽ യാതൊരു മുൻപരിചയവുമില്ല. ഈ എഗ്രിമെന്റുമായി മുന്നോട്ട് പോയപ്പോൾ ലൈറ്റ് മാസ്റ്റർ കമ്പനി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പിന്മാറി. സർക്കാർ പിന്നീട് പുതിയൊരു കരാറുമായി മുന്നോട്ട് വന്നു. 232 കോടിയുടെ പദ്ധതിയാണെന്ന് പ്രഖ്യാപിച്ചു. 75 കോടിക്ക് കമ്പനികൾ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതിക്ക് സർക്കാർ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്. ഇപ്പോൾ 232 കോടിയായി. 81 കോടി രൂപ അധികം വന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
രണ്ടാമത് വർധിപ്പിച്ച തുകയ്ക്ക് കരാർ വരാനുള്ള കാരണം എന്താണ്? ആരാണ് ഇതിന് പിന്നിൽ? കൊള്ളലാഭത്തിന് സ്വകാര്യ കമ്പനിക്ക് അവസരം ഒരുക്കുകയാണ്. സർക്കാരിനും കമ്പനികൾക്കും ഈ പദ്ധതിയിൽ മുതൽമുടക്കില്ല. പാവപ്പെട്ടവനെ ഞെക്കിപ്പിഴിയുന്ന പണമാണ് 20 ഇൻസ്റ്റാൾമെന്റായി മുടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സർക്കാർ പുറത്തുവിടണം. അല്ലെങ്കിൽ ഞാൻ തന്നെ അവയെല്ലാം പുറത്തുവിടും. ആദ്യത്തെ രേഖ ഞാനിപ്പോൾ പുറത്തുവിടുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.
എഐ ക്യാമറ പദ്ധതി തങ്ങളുടെ സ്വന്തം പദ്ധതിയാണെന്നും ക്യാമറ അടക്കമുള്ളവ സ്വന്തം ഫാക്ടറിയിൽ തന്നെയാണു നിർമ്മിക്കുന്നതെന്നാണ് കെൽട്രോണിന്റെ അവകാശവാദം. ക്യാമറ നിർമ്മാണം, അവ ഘടിപ്പിക്കൽ, 12 കൺട്രോൾ റൂമുകളും ആസ്ഥാന കൺട്രോൾ റൂമും സ്ഥാപിക്കൽ, 5 വർഷത്തേക്ക് ഇവയുടെ പരിപാലനം എന്നിവയെല്ലാം ചെയ്യുന്നത് കെൽട്രോൺ നേരിട്ടാണ്. റഡാർ, എഐ സോഫ്റ്റ്‌വെയർ തുടങ്ങിയവ രാജ്യത്തിന് അകത്തും പുറത്തുമുള്ള കമ്പനികളിൽ നിന്നു സർക്കാർ ടെൻഡർ നടപടിക്രമം പാലിച്ചു വാങ്ങിയിട്ടുണ്ട്. ഇതുവരെ പദ്ധതിക്കു വേണ്ടി സർക്കാർ പണം നൽകിയിട്ടില്ല.
കരാർ പ്രകാരം 232 കോടി രൂപ 20 തവണകളായാണ് നൽകുക. ഏതെങ്കിലും ഉപകരണം പ്രവർത്തിക്കുന്നില്ലെങ്കിൽ സർക്കാർ നൽകേണ്ട പണം വെട്ടിക്കുറയ്ക്കും. കെൽട്രോണിനുള്ളത് 5% ലാഭം മാത്രമാണ്. ആദ്യ 5 വർഷം കഴിഞ്ഞാൽ നിശ്ചിത പ്രതിഫലം വാങ്ങി 5 വർഷം കൂടി കെൽട്രോൺ ഈ ഉപകരണങ്ങൾ പരിപാലിക്കും. ക്യാമറയ്ക്കു 30 ലക്ഷം രൂപയാണു വിലയെന്നതു തെറ്റായ പ്രചാരണമാണെന്നും അവർ വിശദീകരിച്ചു.
ക്യാമറ, മിനി സൂപ്പർ കംപ്യൂട്ടർ, എഐ സോഫ്റ്റ്‌വെയർ, ഇന്റർനെറ്റ്, റഡാർ, 13 കൺട്രോൾ റൂമുകൾ, അവിടത്തെ ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകളെല്ലാം കെൽട്രോണാണ് വഹിക്കേണ്ടത്. വായ്പയെടുത്താണ് പദ്ധതി കെൽട്രോൺ നടപ്പാക്കുന്നത്. നിയമലംഘനങ്ങൾക്കുള്ള പിഴ ഉദ്യോഗസ്ഥർ തന്നെ ചുമത്തണമെന്ന ചട്ടം നിലവിലുള്ളതിനാലാണ് എഐ വഴി കണ്ടെത്തുന്ന കുറ്റകൃത്യങ്ങൾ ഓരോന്നും ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടി വരുന്നതെന്നും കെൽട്രോൺ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ