- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അരികെ; രമേശ് ചെന്നിത്തലയെ സ്ഥാനാർത്ഥി നിർണയ സമിതി ചെയർമാനായി നിയമിച്ച് എഐസിസി; ദേശീയ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ മുന്നൊരുക്കമെന്ന് സൂചന; ഹിമാചൽ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിനും സമിതി
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല നൽകി എഐസിസി നേതൃത്വം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ സമിതി ചെയർമാനായാണ് രമേശ് ചെന്നിത്തലയെ എഐസിസി നിയമിച്ചത്. രമേശ് ചെന്നിത്തല, അഡ്വ ശിവാജി റാവു മോഗെ, ജയ് കിഷൻ എന്നിവരാണ് സ്ഥാനാർത്ഥി നിർണയത്തിനുള്ള മൂന്നംഗ സമിതിയിലുള്ളത്.
മുൻപ് ദേശീയ തലത്തിൽ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിച്ച ചെന്നിത്തലയെ ദേശീയ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി കോൺഗ്രസ് പദ്ധതിയിടുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനായിട്ടാണ് പുതിയ സമിതി. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനു ദീപാദാസ് മുൻഷി ചെയർപേഴ്സണായ സമിതിയെയാണ് നിയമിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പ്രതിപക്ഷനേതൃസ്ഥാനത്തു നിന്നു മാറ്റിയ രമേശ് ചെന്നിത്തലയ്ക്ക് പുതിയ ചുമതലകൾ നൽകാൻ എഐസിസി ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രവർത്തനം ഏകോപ്പിക്കാനുള്ള ചുമതല ചെന്നിത്തലയ്ക്ക് നൽകിയേക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നത്. എഐസിസി പുനഃസംഘടന വൈകുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയ്ക്ക് ഹൈക്കമാൻഡ് പുതിയ ചുമതല നൽകുന്നതെന്നായിരുന്നു റിപ്പോർട്ട്.
എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ചെന്നിത്തലയെ ഉയർത്തുമെന്ന് നേരത്തെ റിപ്പോർട്ടുൾ വന്നിരുന്നെങ്കിലും പുനഃസംഘടന വൈകുന്ന സാഹചര്യത്തിൽ ഇതും വൈകിയേക്കും. ഈ കാരണങ്ങൾ പരിഗണിച്ച് വരുന്ന തെരഞ്ഞെടുപ്പുകൾക്കു വേണ്ടിയുള്ള ഒരുക്കങ്ങളിലേയ്ക്ക് കടക്കുകയാണ് കോൺഗ്രസ് പാർട്ടി.
മുൻപ് ദേശീയതലത്തിൽ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിച്ച ചെന്നിത്തലയെ തിരിച്ചു ദേശീയരാഷ്ട്രീയത്തിലേയ്ക്ക് തന്നെ കോൺഗ്രസ് എത്തിക്കാനാണ് പദ്ധതിയിടുന്നത്.. മുൻപ് രാജ്യത്തെ 23 സംസ്ഥാനങ്ങളിലായി വിവിധ ചുമതലകൾ ചെന്നിത്തല വഹിച്ചിട്ടുണ്ട്. ഈ പ്രവൃത്തിപരിചയമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രവർത്തനം ഏകോപിപ്പിക്കാൻ ചെന്നിത്തലയെ രംഗത്തിറക്കുന്നതിൽ ഹൈക്കമാൻഡിനെ പ്രേരിപ്പിക്കുന്നത്.
ഗുജറാത്തിലെ 182 നിയമസഭാ സീറ്റുകളിലേക്കാണ് ഈ വർഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ൽ 99 മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചിരുന്നു. അതേസമയം മറുവശത്ത് കോൺഗ്രസ് എങ്ങനേയും തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. ഗുജറാത്തിൽ നിന്നുള്ള ഏറ്റവും ഉയർന്ന നേതാവും തന്ത്രജ്ഞനുമായ അഹമ്മദ് പട്ടേലിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
പട്ടേലില്ലാതെ സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. പാർട്ടി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് നേരിടുന്നതിനാൽ പട്ടേലിന്റെ അഭാവം കോൺഗ്രസിനെ വല്ലാതെ അലട്ടുന്നുണ്ട്. അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പോലും കഴിഞ്ഞ മാസം പങ്കുവെച്ച ട്വീറ്റ് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു. ചുറ്റുപാടും കാത്തിരുന്ന് മടുത്തു. ഉന്നതരുടെ പ്രോത്സാഹനമില്ല. എന്റെ ഓപ്ഷനുകൾ തുറന്നിടുന്നു എന്നായിരുന്നു.
കോൺഗ്രസ് എം എൽ എ അശ്വിൻ കോട്വാൾ, മുൻ എം എൽ എ മണിഭായ് വഗേല, മുതിർന്ന നേതാക്കളായ പ്രവീൺ മാരു, വസന്ത് ഭട്ടോൾ എന്നിവരും ഇതിനോടകം പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയിട്ടുണ്ട്. പതിറ്റാണ്ടുകളായി ബിജെപിയും കോൺഗ്രസും തമ്മിൽ നേരിട്ട് മത്സരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. എന്നാൽ ഇത്തവണ ആം ആദ്മിയുടെ വരവ് ശ്രദ്ധേയമാകും. കോൺഗ്രസ് വോട്ട് ബാങ്കിനെ ആകർഷിക്കാൻ ആം ആദ്മി ശ്രമിക്കുന്നതിനാൽ ഈ നിയമസഭാ തിരഞ്ഞെടുപ്പ് വ്യത്യസ്തമായിരിക്കും. കോൺഗ്രസിന് ബദലായി ഉയർന്നുവരാനാണ് ആം ആദ്മി ശ്രമിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ