തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്ത് ചെന്നിത്തലയുടെ വിവാഹത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.ഭാര്യയ്ക്കും കൊച്ചുമകനുമൊപ്പമാണ് മുഖ്യമന്ത്രി വിവാഹത്തിനെത്തിയത്. മുഖ്യമന്ത്രിയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്ന വധൂവരന്മാരുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഇന്ന് രാവിലെ തിരുവനന്തപുരം നാലാഞ്ചിറം ഗിരിദീപം കൺവെൻഷൻ സെന്ററിൽവച്ചാണ് രമിത്ത് ചെന്നിത്തലയും ഐടി വിദഗ്ദ്ധയായ ജൂനിറ്റയും വിവാഹതരായത്.ബഹ്റൈനിൽ താമസമാക്കിയ ജോൺ കോശിയുടെയും ഷൈനി ജോണിന്റെയും മൂത്ത മകളാണ് ജൂനിറ്റ. ഇരുവരും തമ്മിൽ ഏറെക്കാലമായുള്ള പ്രണയത്തിനൊടുവിലാണ് ഇന്ന് വിവാഹിതരായത്. തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളജിലാണ് രമിത്തും ജൂനിറ്റയും പഠിച്ചത്. പഠനകാലയളവിലെ സൗഹൃദമാണ് പ്രണയത്തിലേക്കും വിവഹാത്തിലേക്കും എത്തിയത്.

കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ കുടുംബ സമേതം പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു.

എം എ യൂസഫലി ഉൾപ്പടെ വ്യവസായ രംഗത്തെ പ്രമുഖരും വിവാഹത്തിനെത്തിയിരുന്നു. ഹണി റോസ് ഉൾപ്പടെ സിനിമാ രംഗത്തെ പ്രശസ്തരും വധൂ വരന്മാർക്ക് ആശംസ നേരാനെത്തി. മംഗലാപുരത്ത് ഇൻകംടാക്സ് വകുപ്പിൽ ഡെപ്യൂട്ടി കമ്മീഷണറാണ് രമിത്ത്. ബഹ്റൈനിൽ കിംസ് ഹോസ്പിറ്റൽസ് ഗ്രൂപ്പ് ഐടി വിഭാഗത്തിലാണ് ജൂനീറ്റ ജോലി ചെയ്യുന്നത്.