- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിൽ വിള്ളലുണ്ടാക്കി ഐഎൻടിയുസി രൂപീകരിച്ച കെ എസ് യു സെക്രട്ടറി; ഇവനെ വളരാൻ വിട്ടാൽ വിനയാകുമെന്ന തിരിച്ചറിവിൽ സഖാക്കൾ വളഞ്ഞിട്ട് വെട്ടിയത് 25 കൊല്ലം മുമ്പ്; ഒടുവിൽ ഹൈക്കോടതിയും നീതി നൽകി; ഒത്തു തീർപ്പിന് വഴങ്ങാതെ റെജി ഇലിപുലിക്കാട്ടിൽ കാലുവെട്ടിയവരെ നിയമ വഴിയിൽ തോൽപ്പിക്കുമ്പോൾ
തൊടുപുഴ: റോഡിൽ തടഞ്ഞുനിർത്തി വലതുകാൽ വെട്ടിമാറ്റിയവർക്കെതിരെ 25 വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ ജയിലിൽ അടയ്ക്കുകയാണ് റെജി ഇലിപുലിക്കാട്ടിൽ. സംഭവം നടന്ന് കാൽ നൂറ്റാണ്ടിന് അപ്പുറം ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി നേടിയെടുത്ത് റെജി ഇലിപുലിക്കാട്ടിൽ. ഏറെ സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് കേസിൽ വിജയം നേടുന്നത്.
1998 ജനുവരി 20നായിരുന്നു അന്ന് കെഎസ്‌യു ജില്ലാ സെക്രട്ടറിയായിരുന്ന റെജിക്കെതിരായ ആക്രമണം. പള്ളിക്കാനത്ത് സിപിഎമ്മിൽ നിന്ന് ആളുകളെ രാജിവയ്‌പ്പിച്ച് ഐഎൻടിയുസി രൂപീകരിച്ചതിന്റെ പേരിലായിരുന്നു സിപിഎം ചെമ്പകപ്പാറ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. പല തവണ ഒത്തുതീർപ്പു ചർച്ചകൾ നടന്നെങ്കിലും കേസുമായി മുന്നോട്ടു പോകാനായിരുന്നു റെജിയുടെ തീരുമാനം. ആർക്കും വഴങ്ങിയില്ല. ഇതാണ് പ്രതികൾക്ക് ശിക്ഷ കിട്ടാൻ കാരണം.
മുരിക്കാശേരി വില്ലേജ് ഓഫിസിൽ നിന്നു മടങ്ങിവരികയായിരുന്ന റെജിയെ 26 പേർ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ചു. വെട്ടേറ്റ് റെജിയുടെ വലതു കാൽ അറ്റുപോയി. ഏറെനാളത്തെ ചികിത്സയ്ക്കു ശേഷമാണ് റെജി എഴുന്നേറ്റു നടന്നത്. ഇതിന് ശേഷം നിയമ പോരാട്ടമായി. രാഷ്ട്രീയത്തിലും സജീവമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുകയും വിവിധ സ്ഥാനങ്ങളിലെത്തുകയും ചെയ്തു. അപ്പോഴും പഴയ ആക്രമികളെ നിയമത്തിന് മുമ്പിൽ കൊണ്ടു വരാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു.
സിപിഎം ചെമ്പകപ്പാറ ലോക്കൽ സെക്രട്ടറി റോയി വടക്കേക്കുന്നേൽ, പി.കെ.നാരായണൻ എന്നിവരുൾപ്പെടെ 8 പേരെ 3 വർഷം തടവിനും ഒരു ലക്ഷം വീതം പിഴ അടയ്ക്കാനും കട്ടപ്പന സബ് കോടതി ശിക്ഷിച്ചിരുന്നു. പ്രതികൾ പിന്നീട് ജില്ലാ കോടതിയിൽ അപ്പീലിനു പോയി. അവിടെ നിന്നും വിധി ശരിവച്ചതോടെ പ്രതികൾ 2004ൽ ഹൈക്കോടതിയെ സമീപിച്ചു. ഇതിന് ശേഷം പല വിവാദങ്ങളിലും പ്രതികൾ പെട്ടു. എന്നാൽ ഇടതു ഭരണകാലത്ത് ഇവരെല്ലാം പല പദവികളിൽ വിലസി. ഇതിനിടെയാണ് ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി വരുന്നത്.
പ്രതികളിലൊരാളായ പി.കെ.നാരായണൻ ഇതിനിടെ അന്തരിച്ചു. പ്രതിയുടെ ഭാര്യയിൽ നിന്നോ, മക്കളിൽ നിന്നോ പിഴത്തുക ഈടാക്കാൻ കോടതി നിർദേശിച്ചു. കീഴ്‌ക്കോടതി കുറ്റക്കാരെന്നു വിധിച്ച 3, 5 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. മറ്റ് 6 പ്രതികളുടെ ശിക്ഷ കോടതി പിരിയുന്നതു വരെ തടവും 51,000 രൂപ പിഴയുമാക്കി കുറച്ചു.
പിഴയടച്ചില്ലെങ്കിൽ 6 മാസം തടവ് അനുഭവിക്കണം. ബിനോയ്, കൊച്ചുമോൻ എന്നിവർ 3 വർഷം തടവു ശിക്ഷ അനുഭവിക്കണം. ആകെ പിഴത്തുകയായ 3,06,000 രൂപയിൽ 3 ലക്ഷം റെജിക്കു നൽകാനും കോടതി ഉത്തരവായി.
മറുനാടന് മലയാളി ബ്യൂറോ