- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൺജീത് ശ്രീനിവാസൻ ആലപ്പുഴ ബാറിൽ അഭിഭാഷകൻ ആയിരുന്നതിനാൽ പ്രതിഭാഗത്തിനു വേണ്ടി കേസ് നടത്താൻ ആലപ്പുഴയിലെ അഭിഭാഷകർ സഹകരിച്ചില്ലെന്ന് ആദ്യ ആക്ഷേപം; കേസ് മാവേലിക്കരയിൽ എത്തിയിട്ടും സ്ഥിതിക്ക മാറ്റമില്ല; പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന പ്രതികൾക്ക് അഭിഭാഷകരേയും കിട്ടുന്നില്ല; ആ ക്രൂര കൊലയിൽ വിചാരണ തുടങ്ങാൻ ഒരു മാസം കൂടി നീളും
കൊച്ചി: ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ വധിച്ച കേസിൽ പ്രതികൾക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകർക്കു പൊലീസ് സുരക്ഷ ഒരുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. മാവേലിക്കര കോടതിയിൽ അഭിഭാഷകർക്കു നിർഭയമായി കേസ് നടത്താവുന്ന സാഹചര്യമൊരുക്കാൻ വിചാരണ വേളയിൽ കോടതി പരിസരത്തു മതിയായ പൊലീസിനെ വിന്യസിക്കണമെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു നിർദ്ദേശം നൽകി. വിചാരണ കോട്ടയം സെഷൻസ് കോടതിയിലേക്കു മാറ്റണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല.
ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പങ്കെടുത്തവരെല്ലാം എസ് ഡി പി ഐ-പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരാണെന്നാണ് ആരോപണം. ൺജീത് ശ്രീനിവാസിനെ (45) അക്രമികൾ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിൽവച്ചാണ് വെട്ടിക്കൊന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകൾക്കകമായിരുന്നു രൺജീതിന്റെ കൊലപാതകം. രാഷ്ട്രീയ പ്രതികാരമായിരുന്നു കൊലയ്ക്ക് കാരണം. പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ ഈ കൊലക്കേസും ഒരു കാരണമായിരുന്നു.
അഭിഭാഷകരെ കണ്ടെത്തി ചുമതലപ്പെടുത്താൻ സമയം വേണമെന്നു പ്രതികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ഈ മാസം തുടങ്ങാനിരുന്ന വിചാരണ ഒരു മാസം നീട്ടി വയ്ക്കാൻ കോടതി നിർദേശിച്ചു. കേസിൽ പ്രതികളായ നൈസാം, അജ്മൽ തുടങ്ങി 15 പേർ നൽകിയ ഹർജി പരിഗണിച്ചാണു ജസ്റ്റിസ് എ. സിയാദ് റഹ്‌മാന്റെ ഉത്തരവ്. ആലപ്പുഴയിൽ 2021 ഡിസംബർ 19നാണ് രൺജീത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. രൺജീത് ശ്രീനിവാസൻ ആലപ്പുഴ ബാറിൽ അഭിഭാഷകൻ ആയിരുന്നതിനാൽ പ്രതിഭാഗത്തിനു വേണ്ടി കേസ് നടത്താൻ ആലപ്പുഴയിലെ അഭിഭാഷകർ സഹകരിക്കുന്നില്ലെന്നായിരുന്നു ആദ്യ ആരോപണം. പിന്നീട് പ്രതികൾ നൽകിയ ഹർജിയിൽ വിചാരണ മാവേലിക്കര അഡീ. സെഷൻസ് കോടതിയിലേക്കു മാറ്റിയിരുന്നു.
എന്നാൽ മാവേലിക്കര കോടതിയിലെ അഭിഭാഷകരും സഹകരിക്കുന്നില്ലെന്നും വിചാരണ കോട്ടയം സെഷൻസ് കോടതിയിലേക്കു മാറ്റണമെന്നും പറഞ്ഞാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. ചില അഭിഭാഷകർ ഹാജരാകാൻ സന്നദ്ധമാണെങ്കിലും സുരക്ഷയിൽ ആശങ്ക അറിയിച്ചുവെന്നും വാദിച്ചു. ഈ സാഹചര്യത്തിലാണ് സുരക്ഷ നൽകാനുള്ള നിർദ്ദേശം. കൊല്ലപ്പെട്ട രൺജീത് ശ്രീനിവാസന്റെ അമ്മ കോടതി മാറ്റത്തെ എതിർത്തു. ഇതും കോടതി അംഗീകരിച്ചു. സുരക്ഷാ പ്രശ്‌നം ഉണ്ടെങ്കിൽ പൊലീസ് സേനയെ ഏർപ്പെടുത്താൻ സാധ്യമാണെന്നു പ്രോസിക്യൂഷൻ അറിയിച്ചു. വിചാരണ കോട്ടയത്തേക്കു മാറ്റുന്നത് ആലപ്പുഴ സ്വദേശികളായ സാക്ഷികൾക്കു ബുദ്ധിമുട്ടാകുമെന്നു കോടതി വ്യക്തമാക്കി.
സംസ്ഥാനത്തെ രണ്ടു സംഘടനകളുടെ രാഷ്ട്രീയ, മത വൈരാഗ്യത്തെ തുടർന്നു കൊല നടത്തിയെന്നാണു കേസ്. ഈ സാഹചര്യത്തിൽ പ്രതികൾക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം തള്ളിക്കളയാനാവില്ലെന്നും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ