- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഉടനെ ഹെഡ് നഴ്സ് ആകും,നമുക്ക് കുറച്ച് സ്ഥലം വാങ്ങണം'; ഒത്തിരി മോഹങ്ങളുണ്ടായിരുന്നു അവൾക്ക്; സംക്രാന്തിയിലെ ഹോട്ടലുകാർ ഭക്ഷണത്തിൽ മായം കലർത്തി ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ ആകെ പ്രതീക്ഷ; തേങ്ങലടങ്ങാതെ കോട്ടയത്തെ നേഴ്‌സ് രശ്മി രാജിന്റെ കുടുംബം
കോട്ടയം:കോട്ടയം സംക്രാന്തിയിലെ ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് നേഴ്‌സ് രശ്മി രാജ് മരിച്ചതിന് പിന്നാലെ സംസ്ഥാനത്താകെ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനകളാണ്.എന്നാൽ ആ മരണത്തിലൂടെ ഒരു കുടുംബത്തിന് നഷ്ടമായത് അവരുടെ ആകെയുള്ള പ്രതീക്ഷയായിരുന്നു.കിളിരൂരിൽ പാടത്തിനരികെയുള്ള വീട്ടിൽ അതിന്റെ തേങ്ങലുകൾ അടങ്ങിയിട്ടില്ല.ആ കൊച്ചുവീടിന്റെ ഏക ആശ്രയം അവളായിരുന്നു.എല്ലാ പ്രതീക്ഷകളും അവളിലായിരുന്നു.അവൾ ഇനി തിരിച്ചുവരില്ലെന്ന് വിശ്വസിക്കാൻ അമ്മയ്ക്കും ബന്ധുക്കൾക്കും കഴിയുന്നില്ല.
''ആശുപത്രിയിൽ ചെല്ലുമ്പോഴും ഇറങ്ങുമ്പോഴും ഒക്കെ വിളിക്കുമായിരുന്നു. ഉടനെ ഹെഡ് നഴ്സ് ആകും, നമുക്ക് കുറച്ച് സ്ഥലം വാങ്ങണം, എന്നൊക്കെ പറയും. ഒത്തിരി മോഹങ്ങളുണ്ടായിരുന്നു അവൾക്ക്. പോയില്ലേ എന്റെ കൊച്ച് ''അമ്മ അംബികയുടെ വാക്കുകളാണിത്.അവരുടെ കണ്ണീരിന് മറുപടിപറയാൻ ആർക്കും കഴിയുന്നില്ല.രശ്മിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരുമെല്ലാം അവസാനമായി കാണാൻ അവിടെയെത്തി.നാലുമാസം മുമ്പായിരുന്നു രശ്മിയുടെ വിവാഹം നടന്നത്.
ഭർത്താവ് തിരുവനന്തപുരം സ്വദേശി വിനോദ്കുമാർ ഇലക്ട്രീഷ്യനാണ്.പുതിയ ജീവിതം സന്തോഷത്തോടെ തുടങ്ങിയതേയുള്ളു. എട്ടുവർഷമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചിട്ട്.അസ്ഥിരോഗ തീവ്രപരിചരണ വിഭാഗത്തിലെ നഴ്സിങ് ഓഫീസറായിരുന്നു രശ്മി.സഹോദരൻ വിഷ്ണുരാജ് മർച്ചന്റ് നേവിയുമായി ബന്ധപ്പെട്ട കോഴ്സ് പൂർത്തിയാക്കിയശേഷം ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു.അതിനാൽ തന്നെ സഹോദരന്റെ പഠനത്തിനടക്കം രശ്മിയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ വലിയ ആശ്രയം.
ഒരുമാസം മുമ്പ് വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിവെച്ചതാണ്. പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.വയറിങ്ങും പ്ലംബിങ്ങും ബാക്കിയുണ്ട്. അമ്മ അംബിക ജില്ലാ ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റായാണ് വിരമിച്ചത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്. തുടർന്ന് അവിടെ പൊതുദർശനത്തിനുവെച്ചു. അതിനുശേഷമാണ് തിരുവാർപ്പ് കിളിരൂരിലെ പാലത്തറ വീട്ടിലെത്തിച്ചത്.നാലുമണിയോടെ സംസ്‌കാരച്ചടങ്ങുകൾ നടന്നു.
മറുനാടന് മലയാളി ബ്യൂറോ