കോട്ടയം: സംസ്ഥാനത്ത് അരിവില ഉയരുന്നു. മൂന്നുമാസത്തിനിടെ അരിവില കിലോഗ്രാമിന് ശരാശരി 13 രൂപ ഉയർന്നു. 780 കോടി രൂപയാണ് നഷ്ടമായത്. 10 ലക്ഷം ടൺ അരിയാണ് മൂന്നുമാസത്തേക്ക് കേരളത്തിന് വേണ്ടത്. ഇതിൽ ആറുലക്ഷം ടണ്ണും പൊതുവിപണിയിൽനിന്നാണ്. ഉത്തരേന്ത്യയിൽ നെൽക്കൃഷിവിസ്തൃതി 5.62 ശതമാനംവരെ (22.9 ലക്ഷം ഹെക്ടർ) കുറഞ്ഞതാണ് വില ഉയരാൻ കാരണം. അരിക്ക് പുറമേ മുളകിനും മല്ലിക്കും ഉഴുന്നിനും പയറിനും പഞ്ചസാരയ്ക്കും വില കൂടി.

മുമ്പ് വെള്ള അരിക്ക് മട്ട അരിയെക്കാൾ വിലക്കുറവായിരുന്നു. ഇപ്പോൾ മട്ടയെ കടത്തിവെട്ടി വെള്ള മുമ്പിലെത്തി. 50-53 തോതിലായിരുന്നു, വെള്ള അരിക്ക് വ്യാഴാഴ്ചത്തെ മൊത്തവില. മട്ടയ്ക്ക് 48-52 വരെയും. ചില്ലറവില 3-4 രൂപ കൂടും. ആന്ധ്ര ജയ (വെള്ള) പുതിയ ലോഡ് ശനിയാഴ്ച എത്തിയത് 55 രൂപ നിരക്കിലാണെന്ന് ചങ്ങനാശ്ശേരി മാർക്കറ്റിലെ മൊത്തവിതരണക്കാരൻ രാജേഷ് പറഞ്ഞു. കേരളത്തിലെ ചില വെള്ള അരി ബ്രാൻഡുകൾക്ക് ശനിയാഴ്ച മൊത്തവില 58 ആയി. മുളകിനും മല്ലിക്കും വലിയ വിലക്കയറ്റമാണ്. കശ്മീരി മുളകിന് 100 രൂപയാണ് വർധന. അടിയന്തര വിപണി ഇടപെടൽ വേണ്ട സാഹചര്യമാണുള്ളത്.

കാലാവസ്ഥാവ്യതിയാനംമൂലമുള്ള ഉത്പാദനക്കുറവും ഗോതമ്പ് വില ഉയർന്നതുമൂലം അരിയുടെ ആവശ്യം കൂടിയതും വെല്ലുവിളിയാണ്. കർണാടക, ആന്ധ്ര, തമിഴ്‌നാട് അരി ഉത്തരേന്ത്യയിലേക്ക് കൂടുതൽ പോയത് കേരളത്തിന് പ്രതിസന്ധിയായി. വാഹന ഇന്ധനത്തിൽ 20 ശതമാനം എഥനോൾ കലർത്തി ഇന്ധനച്ചെലവും മലിനീകരണവും കുറയ്ക്കാനുള്ള കേന്ദ്രപദ്ധതിയും വിലകൂട്ടി.

പഞ്ചസാര ഫാക്ടറികളിലെ ഉപോത്പന്നമായ എഥനോൾ മതിയാകാതെവന്നതോടെ എഫ്‌സിഐ. ഗോഡൗണുകളിലെ അധിക അരി എഥനോൾ ഉത്പാദനത്തിനായി മാറ്റി. ഇതെല്ലാം അരിയുടെ ലഭ്യതയെ ബാധിച്ചു. വിലയും കൂടി. രാജ്യത്ത് അരിവില ഇനിയും കുതിച്ചുയരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഭക്ഷ്യമന്ത്രാലയം രംഗത്തു വന്നിരുന്നു. ഖാരിഫ് സീസണിൽ ഉൽപ്പാദനം കുറഞ്ഞതിനാൽ ചില്ലറ, മൊത്ത വിൽപ്പന വില ഉയരുമെന്ന് മന്ത്രാലയം പ്രസ്താവനയിറക്കി. കേന്ദ്ര സർക്കാർ കയറ്റുമതി നയത്തിൽ വരുത്തിയമാറ്റവും വിലക്കുതിപ്പിന് വഴിവെച്ചിട്ടുണ്ട്.

ബസുമതി ഇതര അരിയുടെ കയറ്റുമതി വൻ തോതിൽ ഉയർന്നു. ഉൽപ്പാദനം ഇതിനനുസരിച്ച് ഉയർന്നിട്ടില്ല. ഈ മാസം ആദ്യം കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നെങ്കിലും കാര്യമായ നേട്ടമുണ്ടായിട്ടില്ല. മന്ത്രാലയത്തിന്റെ റിപ്പോട്ട് പ്രകാരം ഇത്തവണ 10.4കോടി ടണ്ണൺ അരി ഉൽപ്പാദനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണിൽ ഇത് 11.1 കോടി ടണ്ണായിരുന്നു. അരികയറ്റുമതി 11 ശതമാനം ഉയരുകയും ചെയ്തു. രാജ്യത്ത് ചെറുകിട വില സൂചിക പ്രകാരം അരി, ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ വില കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കൂടുതലാണ്.

അരിവില ആഴ്ചയിൽ 0.24 ശതമാനവും മാസത്തിൽ 2.46 ശതമാനവുമാണ് കൂടുന്നത്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് സെപ്റ്റംബറിൽ 8.67 ശതമാനമാണ് വിലക്കയറ്റം. അഞ്ച് വർഷത്തിനിടെ ശരാശരി 15.14 ശതമാനമാണ് അരിവില ഉയർന്നത്.