ഡെഹ്‌റാഡൂൺ: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടത്തിൽ പെട്ട മെഴ്‌സിഡീസ് ജി എൽ ഇ തീപിടുത്തത്തിൽ പൂർണമായി ചാമ്പലായി പോയി. ഇനി പരിശോധിക്കാൻ കാര്യമായി ഒന്നുമില്ല എന്നാണ് സ്ഥലം സന്ദർശിച്ച പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഒരു മിനിറ്റിനകം വാഹനം തീപിടിച്ച് നശിച്ചു. അപകടത്തിന്റെ സിസി ടിവി ക്യാമറ ഫുട്ടേജും ഉദ്യോഗസ്ഥർ പരിശോധിച്ചു.

'ഒരുമിനിറ്റിനുള്ളിലാണ് അപകടം നടന്നത്. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അപകടം എങ്ങനെയാണ് ഉണ്ടായത് എന്ന് മനസ്സിലായി. ഡിവൈഡർ റെയിലിങ്ങിൽ പന്തിന്റെ കാർ ഇടിച്ചുകയറുന്നതും, തീഗോളമായി മാറുന്നതും 20-25 സെക്കൻഡിൽ സംഭവിച്ചു. അതിന് മുമ്പ് നിരവധി തവണ വാഹനം കരണം മറിഞ്ഞു. ആർക്കെങ്കിലും, തീയണയ്ക്കാൻ കഴിയും മുമ്പേ എല്ലാം കഴിഞ്ഞു', ഹരിദ്വാർ റൂറൽ എസ്‌പി സ്വപൻ കിഷോർ സിങ് പറഞ്ഞു.

റിഷഭ് പന്ത് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ പെട്ടുലഞ്ഞെങ്കിലും, അദ്ദേഹം വളരെ വേഗം മനോനില വീണ്ടെടുത്തു. കാര്യങ്ങൾ എല്ലാം പൊലീസിനോട് വിശദീകരിച്ചു. അതിനൊപ്പം, തന്റെ അമ്മയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു, സ്വപൻ കിഷോർ സിങ് അറിയിച്ചു.

കാറിന്റെ ഇപ്പോഴത്തെ നില വച്ച് മെഴ്‌സിഡീസ് ബെൻസിന്റെ വിദഗ്ധ സംഘത്തിന് മാത്രമേ സാങ്കേതിക പരിശോധന നടത്താൻ കഴിയൂ. നരർസൻ ചെക് പോസ്റ്റിലാണ് കാറിന്റെ അവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. കമ്പനി അധികൃതർ ഇതുവരെ പരിശോധനയ്ക്ക് എത്തിയിട്ടില്ല.

അതിവേഗത്തിലെത്തിയ മെഴ്‌സിഡീസ് ബെൻസ് ജി.എൽ.ഇ 43 കാർ ഡിവൈഡറിൽ ഇടിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു വിഡിയോയിൽ കാറിന് തീപിടിക്കുന്നതും കാണാം. ഡൽഹി-ഹരിദ്വാർ ഹൈവേയിൽ കഴിഞ്ഞ ദിവസം പുലർച്ചെ 5.30ഓടെയായിരുന്നു അപകടം.

പുതുവത്സരം ആഘോഷിക്കാൻ ഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലെ റൂർക്കിയിലേക്കു വരുന്ന വഴിയായിരുന്നു അപകടം. പന്ത് തന്നെയായിരുന്നു വാഹനം ഓടിച്ചത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിൽ കലാശിച്ചത്. വാഹനത്തിനു തീപിടിച്ചതോടെ ഗ്ലാസ് തകർത്താണു പന്ത് പുറത്തിറങ്ങിയത്.

മെഴ്‌സിഡീസ് ബെൻസ് ജിഎൽഇ 43 എഎംജി

മെഴ്‌സിഡീസ് ബെൻസിന്റെ ഏറ്റവും മികച്ച എസ്.യു.വികളിലൊന്നാണ് ജി.എൽ.ഇ 43 4 മാറ്റിക്ക്. 2017 മുതൽ 2020 വരെ ഇറങ്ങിയ മോഡലാണ് അപകടത്തിൽ പെട്ടത്. 3 ലീറ്റർ വി 6 ബൈ ടർബോ എൻജിനാണ് വാഹനത്തിൽ. 362 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട് കാറിന്. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.7 സെക്കൻഡ് മാത്രം വേണ്ടിവരുന്ന കാറിന്റെ ഉയർന്ന വേഗം 250 കിലോമീറ്റാണ്.

ആറ് എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഓൾവീൽ ഡ്രൈവ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളെല്ലാം ഈ വാഹനത്തിലുണ്ട്. നിലവിൽ ഈ മോഡൽ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നില്ല പകരം ജിഎൽഇ 53 എഎംജി, ജിഎൽഇ 63 എന്നീ മോഡലുകളാണുള്ളത്. പൂർണമായും ഇറക്കുമതി ചെയ്യുന്ന കാറിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 1.50 കോടി രൂപയിലാണ്.