മുംബൈ: വെള്ളിയാഴ്ച ഡൽഹി ഡെറാഡൂൺ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ ഋഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ബിസിസിഐ. ഋഷഭ് പന്തിനെ കൂടുതൽ പരിശോധനകൾക്കു വിധേയനാക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. 

വലത് കാൽമുട്ടിലെ ലിഗമെന്റിന് പരിക്കുണ്ട്. കൂടാതെ, വലതു കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പന്തിന്റെ നെറ്റിയിൽ രണ്ട് മുറിവുകളുണ്ട്. താരം ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്. എംആർഐ സ്‌കാനിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.

താരത്തിന്റെ കുടുംബാംഗങ്ങളുമായും പരിശോധിക്കുന്ന ഡോക്ടർമാരുമായും സംസാരിച്ചതായും ജയ് ഷാ ട്വിറ്ററിൽ കുറിച്ചു. ഋഷഭ് പന്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ജയ് ഷാ അറിയിച്ചു. അത്ഭുതകരമായിട്ടാണ് താരം രക്ഷപ്പെട്ടതെന്ന് സംഭവസ്ഥലം സന്ദർശിച്ച പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതുവർഷം അമ്മയ്ക്കൊപ്പം ആഘോഷിക്കാനായി വീട്ടിലേക്ക് വരികയായിരുന്നു പന്ത്. അമ്മയ്ക്ക് സർപ്രൈസാവട്ടെയെന്ന് മനസിലുണ്ടായിരുന്നു. എന്നാൽ അതൊരു അപകടത്തിൽ അവസാനിക്കുകയായിരുന്നു.

രാവിലെ 5.30ന് ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിംഗിനിടെ ഉറങ്ങി പോയതോടെയാണ് അപകടം സംഭവിച്ചതെന്ന് പന്ത് പൊലീസിനോട് പറഞ്ഞിരുന്നു. ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ വച്ചാണ് ഋഷഭ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ക്രിക്കറ്റ് ലോകം പന്തിന് വേണ്ടി പ്രാർത്ഥനയിലാണ്.

 കാൽമുട്ടിലും കൈ മുട്ടിലുമാണ് പന്തിന് പ്രധാനമായും പരിക്കേറ്റ്. പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. കാറിന്റെ ഗ്ലാസുകൾ സ്വയം തകർത്താണ് പന്ത് വാഹനത്തിൽ നിന്ന് പുറത്തുവരുന്നത്. പിന്നാലെ നിലത്ത് കിടക്കുകയായിരുന്നു താരം. കാറ് പൂർണമായും കത്തി നശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഋഷഭ് പന്തിന്റെ ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പ്രതികരിച്ചു. ഡെറാഡൂണിലെ ആശുപത്രിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെറിയ പരുക്കുകൾ മാത്രമാണ് ഋഷഭ് പന്തിനുള്ളതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. ആശിഷ് യാഗ്‌നിക് പറഞ്ഞു. താരത്തിന് ബോധമുണ്ടെന്നും ഡോക്ടർ ദേശീയ മാധ്യമത്തോടു പറഞ്ഞു.

റൂർക്കിയിലെ വീട്ടിലേക്കു കാറോടിച്ചു പോകുംവഴിയാണ് ഋഷഭ് പന്തിന്റെ വാഹനം അപകടത്തിൽപെട്ടത്. വാഹനം ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. കാറിൽ തീ പടർന്നതോടെ വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് ഋഷഭ് പന്ത് രക്ഷപെട്ടത്. അപകടം നടക്കുമ്പോൾ പന്തു മാത്രമേ കാറിലുണ്ടായിരുന്നുള്ളൂവെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പ്രതികരിച്ചു.

ഒരു വർഷമെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇപ്പോൾ പന്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥിക്കുകയാണ് ക്രിക്കറ്റ് ലോകം. പാക്കിസ്ഥാൻ താരം ഷഹീൻ അഫ്രീദി, ബംഗ്ലാദേശ് താരം ലിറ്റൺ ദാസ്, ഇന്ത്യൻ താരം മുഹമ്മദ് ഷമി, മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ, എൻസിഎ ഡയറക്റ്ററും മുൻ താരവുമായി വിവി എസ് ലക്ഷ്മൺ, മുൻ വനിതാ ക്രിക്കറ്റർ ജുലൻ ഗോസ്വാമി തുടങ്ങിയവരെല്ലാം പന്തിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നതായി കുറിച്ചു.