മുംബൈ: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്തിനെ തുടർ ചികിത്സയ്ക്കായി മുംബൈയിലേക്കു മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് എയർ ലിഫറ്റ് ചെയ്യുകയായിരുന്നു. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലായുന്നു പന്തിനെ ചികിത്സിച്ചിരുന്നത്. നിരവധി കായികതാരങ്ങളെ ചികിത്സിച്ച ഡോ. ദിൻഷോ പർദിവാലയുടെ കീഴിലാണ് പന്തിന് ചികിത്സ നൽകുക.

നേരത്തെ, ഡൽഹിയിലേക്ക് മാറ്റുമെന്നുള്ള വാർത്തകളുണ്ടായിരുന്നു. എന്നാൽ ബിസിസിഐക്ക് മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ തുടർ ചികിത്സ ലഭ്യമാക്കാനായിരുന്നു താൽപര്യം. ഇക്കാര്യം ബിസിസിഐ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. ബിസിസിഐ മെഡിക്കൽ സംഘം പന്തിനൊപ്പം തുടരും. കൂടുതൽ ചികിത്സ ആവശ്യം വന്നാൽ വിദേശത്തേക്ക് അയക്കുകയും ചെയ്യും. ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ മേൽനോട്ടത്തിലാണ് ഋഷഭ് പന്തിന്റെ ചികിത്സ നടക്കുന്നത്.

നേരത്തെ, താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി മാക്സ് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. പന്തിന്റെ അമ്മ സരോജ പന്തും സഹോദരി സാക്ഷിയും ഋഷഭ് പന്തിനൊപ്പം ആശുപത്രിയിലുണ്ട്. ലണ്ടനിലായിരുന്ന സഹോദരി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെത്തി പന്തിനെ സന്ദർശിച്ചത്. നെറ്റിയിലേറ്റ പരിക്കിന് പന്തിനെ ഇന്നലെ തന്നെ പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു.

ഇതിനിടെ പന്തിനെ സന്ദർശിക്കാൻ എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബോളിവുഡ് താരങ്ങളായ അനിൽ കപൂറും അനുപം ഖേറും ആശുപത്രിയിലെത്തി ഋഷഭ് പന്തിനെ സന്ദർശിച്ചിരുന്നു. ആരാധകരെന്ന നിലയിലാണ് പന്തിനെ സന്ദർശിച്ചതെന്ന് ഇരുവരും പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിച്ച് ക്രിക്കറ്റ് ഗ്രൗണ്ടിൽ തിരിച്ചെത്തട്ടെ എന്നും അവർ പറഞ്ഞു. ക്രിക്കറ്റ് താരം നിതീഷ് റാണയും ആശുപത്രിയിലെത്തി പന്തിനെ കണ്ടു.

അമ്മക്ക് പുതുവർഷ സർപ്രൈസ് നൽകാനായി റൂർക്കിയിലേക്ക് പോകുന്നതിനിടെയാണ് ഇന്നലെ പുലർച്ചെ ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിയമർന്നത്. ഋഷഭ് പന്ത് തന്നെയായിരുന്ന കാർ ഓടിച്ചിരുന്നത്. അപടകത്തിൽ ഡിവൈഡറിലിടിച്ച് കരണം മറിഞ്ഞശേഷമാണ് കാർ പൂർണമായും കത്തിയമർന്നത്.

ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു. അപകടത്തിൽ നെറ്റിയിലും കാലിനും പുറത്തും പന്തിന് പരിക്കേറ്റിരുന്നു. പുറത്ത് പൊള്ളലുമേറ്റിട്ടുണ്ട്.

അതേസമയം ഋഷഭ് പന്തിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച എല്ലാവരെയും ആദരിക്കുമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പ്രതികരിച്ചു. ഹരിയാന റോഡ്‌വെയ്‌സ് ബസ് ഡ്രൈവർ സുശീൽ കുമാർ, കണ്ടക്ടർ പരംജിത് നൈൻ തുടങ്ങി താരത്തെ രക്ഷിക്കാൻ മുൻകയ്യെടുത്ത എല്ലാവരുടേയും വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. പന്തിനെ രക്ഷിച്ച ബസ് ജീവനക്കാരെ റിപ്പബ്ലിക് ദിനത്തിൽ ആദരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും അറിയിച്ചു.

ഋഷഭ് പന്തിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അമ്മയെ കാണുന്നതിനായി വീട്ടിലേക്കു പോകുംവഴി ഡിസംബർ 30ന് റൂർക്കിക്കു സമീപത്താണു പന്തിന്റെ വാഹനം അപകടത്തിൽപെട്ടത്. ഡിവൈഡറിലേക്ക് ഇടിച്ചു കയറിയ വാഹനം കത്തിനശിക്കുകയായിരുന്നു. വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് ഋഷഭ് പന്ത് പുറത്തെത്തിയത്.