- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ വർഷം മരിച്ചതിൽ 26 ശതമാനവും കാൽനടയാത്രക്കാർ; ആറു വർഷത്തിനിടെ മരിച്ച 23,512 പേരിൽ ഏറെയും ചെറുപ്പക്കാർ; വാഹനങ്ങളുടെ എണ്ണം ഇരട്ടിയായെങ്കിലും റോഡിന്റെ നീളത്തിൽ മാറ്റമില്ലാത്തത് പ്രതിസന്ധി; റോഡ് സുരക്ഷയ്ക്ക് പൊളിച്ചത് ശതകോടികൾ; കേരളത്തിലെ റോഡുകൾ മരണക്കെണിയാകുമ്പോൾ
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളിൽ ആറുവർഷത്തിനിടെ മരിച്ചത് 23,512 പേർ. ദിവസവും 12 മുതൽ 15 പേർ വാഹനാപകടത്തിൽ മരിക്കുന്നു. ഇതിൽ 70 ശതമാനവും ചെറുപ്പക്കാരാണ്. ബോധവത്കരണത്തിനും സുരക്ഷയ്ക്കുമായി കോടികൾ ചെലവഴിച്ചിട്ടും ഫലം കാണുന്നില്ലെന്നതാണ് വസ്തുത. 80 ശതമാനം അപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ പിഴവാണെന്നതാണ് മറ്റൊരു വസ്തുത.
സംസ്ഥാനത്തെ വാഹനാപകടങ്ങൾ പകുതിയായി കുറയ്ക്കാൻ ലക്ഷ്യമിട്ട് 2018-ൽ മോട്ടോർവാഹനവകുപ്പ് സേഫ് കേരള പദ്ധതിയും ഫലം കാണുന്നില്ല. കോടികൾ ചെലവഴിക്കുന്നുവെന്ന് മാത്രം. 127 കോടിരൂപയാണ് ചെലവിട്ടത്. 262 പുതിയ തസ്തികകൾ സൃഷ്ടിച്ചു. അതിവേഗമുൾപ്പെടെ തടയുന്നതിന് നിരത്തുകളിൽ ക്യാമറവെക്കാന്മാത്രം 11 വർഷത്തിനിടെ 250 കോടി രൂപയിലേറെ ചെലവഴിച്ചു. പക്ഷേ ഈ ക്യാമറകൾ പലതും നിശ്ചലമാണ്. കമ്മീഷൻ വാങ്ങി ഉദ്യോഗസ്ഥർ സന്തോഷവാന്മാരാകുന്നു. അതിന് അപ്പുറം ഒന്നും സംഭവിക്കുന്നില്ല. കോവിഡ് കാലത്ത് അപകടം കുറവായിരുന്നു. അല്ലാത്ത പക്ഷം മരണ നിരക്ക് ഇതിലും കൂടുമായിരുന്നു.
സേഫ് കേരള പദ്ധതി തുടങ്ങിയ വർഷം 4303 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. വാഹനനിയന്ത്രണമുണ്ടായിരുന്ന കോവിഡ് കാലത്തൊഴികെ ഒരിക്കലും മരണസംഖ്യ നാലായിരത്തിൽത്താഴെ പോയിട്ടില്ല. കഴിഞ്ഞ വർഷം മരിച്ചതിൽ 26 ശതമാനവും കാൽനടയാത്രക്കാരാണ് -1117 പേർ. സേഫ് കേരള ഉൾപ്പെടെയുള്ള പദ്ധതികൾ ലക്ഷ്യംകാണുന്നില്ലെന്ന് ഈ കണക്കുകളിൽനിന്ന് വ്യക്തം.
ഡ്രൈവിങ് പഠനം ശാസ്ത്രീയമാക്കണമെന്ന നിർദ്ദേശം സർക്കാരിന് ലഭിച്ചിട്ട് പത്തുവർഷത്തിലേറെയായി. പക്ഷേ, നടപ്പാക്കിയിട്ടില്ല. അതിവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കൽ, ൈഡ്രവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗം, അലക്ഷ്യ ൈഡ്രവിങ് തുടങ്ങിവയാണ് അപകടകാരണങ്ങൾ. റോഡ് നിർമ്മാണത്തിന് മുമ്പും നിർമ്മാണസമയത്തും ഗതാഗതത്തിന് തുറന്നുകൊടുത്തശേഷവും പഠനം നടത്തേണ്ടതുണ്ട്. റോഡുകളും മരണങ്ങൾക്ക് കാരണമാകുന്നുണ്ട്.
എറണാകുളത്ത് വെള്ളിയാഴ്ച ബൈക്ക് യാത്രക്കാരൻ ബസ്സിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചുവരുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊലീസിന് കർശനനിർദ്ദേശവും നൽകി. ''റോഡിൽ ഇനിയൊരു മരണം ഉണ്ടാകരുത്. അപകടകരമായി ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കെതിരേ കർശനനടപടിയെടുക്കണം. നടപടിയിൽ പേടിയില്ലാത്ത അവസ്ഥയാണിപ്പോൾ''-ഇതായിരുന്നു ജഡ്ജിയുടെ നിർദ്ദേശം. പക്ഷേ ഒറ്റ ദിവസം കൊണ്ട് പ്രശ്‌നപരിഹാരം സാധ്യമല്ലെന്നതാണ് വസ്തുത. ഇതിന് യോജിച്ച പ്രവർത്തനം അനിവാര്യമാണ്.
കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പുതുടരുകയാണ്. ആയിരംപേർക്ക് 466 വാഹനങ്ങൾ. ഫെബ്രുവരി അഞ്ചിന് നിയമസഭയിൽവെച്ച സംസ്ഥാന ആസൂത്രണബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ കണക്ക്. 2013-ൽ 80,48,673 വാഹനങ്ങളായിരുന്നു കേരളത്തിൽ. 2022-ൽ ഇത് 1,55,65,149 ആയി. വർധന 93 ശതമാനം. പക്ഷേ ഇതിന് അനുസരിച്ച് ഗതാഗത സൗകര്യങ്ങൾ കൂടുന്നില്ല. വാഹനങ്ങളുടെ എണ്ണം ഇരട്ടിയായെങ്കിലും റോഡിന്റെ നീളത്തിൽ അത്രമാറ്റമുണ്ടായിട്ടില്ല.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് 2011-ൽ 23,241 കിലോമീറ്റർ റോഡുണ്ടായിരുന്നു. 2022-ൽ 29,522.15 കിലോമീറ്ററായി. 30 ശതമാനത്തോളം വർധന. കേരളത്തിലെ റോഡ് സാന്ദ്രത 100 ചതുരശ്രകിലോമീറ്ററിന് 548 കിലോമീറ്ററാണ്. ദേശീയശരാശരിയുടെ മൂന്നിരട്ടിവരുമിതെന്ന് അവലോകന റിപ്പോർട്ട് പറയുന്നു. ഇങ്ങനെ റോഡുകൾ വളരാതെ കാറുകളുടെ എണ്ണം കൂടുന്നതും പ്രതിസന്ധിക്ക് കാരണമാണ്.
മറുനാടന് മലയാളി ബ്യൂറോ