ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ച ബംഗളൂരു- മൈസൂരു എക്സ്‌പ്രസ് വേയുമായി ബത്തേരി, കോയമ്പത്തൂർ നഗരങ്ങളെ ബന്ധിപ്പിക്കുമെന്നത് കേരളത്തിനും യാത്രവേഗം കൂട്ടും. കോഴിക്കോട്-ബത്തേരി കൊല്ലേഗൽ പാതയും (എൻഎച്ച് 766), സത്യമംഗലം വഴിയുള്ള കോയമ്പത്തൂർ ബംഗളൂരു പാതയും (എൻഎച്ച് 948) പുതിയ എക്സ്‌പ്രസ് വേ ഉൾപ്പെടുന്ന എൻഎച്ച് 275 മായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

എൻഎച്ച് 275ന്റെ ഭാഗമായ മൈസൂരു-കുശാൽനഗർ 4 വരി പാതയുടെ നിർമ്മാണവും തുടങ്ങുകയാണ്. ശ്രീരംഗപട്ടണയിൽ നിന്നാരംഭിച്ച് കുശാൽനഗറിലെ ഗുഡേഹൊസൂർ വരെ 92 കിലോമീറ്റർ സംസ്ഥാനപാത 4130 കോടി രൂപ ചെലവിൽ ദേശീയപാതയായി വികസിപ്പിക്കുന്ന പദ്ധതിയാണിത്. ഇതു യാഥാർഥ്യമാകുന്നതോടെ കുടകിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാ സമയം 5 മണിക്കൂറിൽ നിന്ന് രണ്ടര മണിക്കൂറായി കുറയും. മൈസൂരു-ബെംഗളൂരു 10 വരി എക്സ്‌പ്രസ് വേ ഉദ്ഘാടനച്ചടങ്ങിലാണ് കേരളത്തിനും പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങളുണ്ടായത്.

പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. മണ്ഡ്യ മദ്ദൂരിലെ ഗെജ്ജലക്കെരെയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി, മണ്ഡ്യ എംപി സുമലത, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു മുന്നോടിയായി നടന്ന റോഡ് ഷോയിൽ പതിനായിരങ്ങൾ പ്രധാനമന്ത്രിക്ക് പുഷ്പവൃഷ്ടി നടത്തി അഭിവാദ്യം ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ധാർവാഡ് ക്യാംപസ്, ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിലെ ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്‌ഫോം, ഹൊസ്‌പേട്ട് റെയിൽവേ സ്റ്റേഷൻ, ശുദ്ധജലവിതരണ പദ്ധതികൾ എന്നിവയ്ക്കും തുടക്കമായി.

ബംഗ്ലൂരു-മൈസൂരു പത്തുവരി അതിവേഗപ്പാത വന്നതോടെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള യാത്രാ സമയം മൂന്നിലൊന്നായി കുറയും. കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കും, അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യുന്നവർക്കും ഈ പാത ആശ്വാസമാകും. ഇതുവഴിയുള്ള യാത്രയ്ക്ക് ടോൾ നൽകേണ്ടി വരും. പക്ഷേ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. കെഎസ്ആർടിസി സർവീസുകൾക്കും, സ്വകാര്യ ബസ്സുകൾക്കും ഇത് നേട്ടമാകും. ഗ്രീൻഫീൽഡ് ഇടനാഴിയുടെ ഭാഗമായിട്ടാണ് ഈ അതിവേഗപ്പാത പണിതത്. പാത തുറക്കുന്നതോടെ ബംഗളൂരു-മൈസൂരു യാത്രാ സമയം ഒരു മണിക്കൂർ 20 മിനുട്ടായി കുറയും. നിലവിൽ നാല് മണിക്കൂർ വരെ ഈ റൂട്ടിലെ യാത്രക്കായി വേണ്ടി വരുന്നുണ്ട്.

ബംഗളൂരു-മൈസൂരു മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഈ എക്സ്പ്രസ് വേ സഹായകരമായിരിക്കും. അത് കൂടി മുന്നിൽ കണ്ടാണ് ഇത് വന്നിരിക്കുന്നത്. ഹൈ സ്പീഡ് പാത രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായിട്ടാണ് നിർമ്മിച്ചത്. നിഡഘട്ട മുതൽ മൈസൂരു വരെയുള്ള 61 കിലോമീറ്റർ ആദ്യ ഘട്ടത്തിലും, ബംഗളൂരു മുതൽ നിഡഘട്ട വരെയുള്ള 58 കിലോമീറ്റർ രണ്ടാം ഘട്ടത്തിലും നിർമ്മിക്കുകയായിരുന്നു. പ്രധാന ഗതാഗതത്തിനായി ആറുവരി പാതയും, ഇരുവശത്തുമായി രണ്ടുവീതം സർവീസ് റോഡുകളും അടങ്ങുന്നതാണ് പത്തുവരി പാത. സമീപഗ്രാമങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കാൻ ഈ രണ്ടുവരി പാതകൾ സഹായിക്കും.

ആറുവരി പാതയിലൂടെ 150 കിലോമീറ്റർ വേഗത്തിൽ വരെ വാഹനങ്ങൾക്ക് യാത്ര ചെയ്യാം. ബിഡദി, രാമനഗര, മാണ്ഡ്യ, ശ്രീരംഗപട്ടണ, ചന്നപട്ടണം, മദ്ദൂർ, എന്നിങ്ങനെ ആറിടങ്ങളിലായി ബൈപ്പാസുകളുണ്ട്. ടൗണിലെ ഗതാഗത കുരുക്കൊന്നും ഈ യാത്രയെ ബാധിക്കില്ല. ഈ പാതയിലെ ഒറ്റയാത്രയ്ക്കുള്ള ഫീസ് വാഹന വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ 135 രൂപ മുതൽ 880 രൂപ വരെയാണ് ഈടാക്കുക. വിശദമായ ടോൾ നിരക്കുകൾ ഇങ്ങനെ,

കാർ, ജീപ്പ്, വാൻ - ഒരു വശത്തേക്ക് 135 രൂപ, ഇരുവശങ്ങളിലേക്കും 205 രൂപ, പ്രതിമാസ പാസ് 4525 രൂപ

ലൈറ്റ് കൊമേഴ്‌സൽ വെഹിക്കിൾ, ഗുഡ്‌സ് വെഹിക്കിൾ, മിനി ബസ് - ഒരു വശത്തേക്ക് 220 രൂപ, ഇരുവശങ്ങളിലേക്കും 330 രൂപ, പ്രതിമാസ പാസ് 7315 രൂപ

ബസ്, ലോറി - ഒരു വശത്തേക്ക് 460 രൂപ, ഇരുവശങ്ങളിലേക്കും 690 രൂപ, പ്രതിമാസ പാസ് 15,325 രൂപ

കൊമേഴ്‌സ്യൽ വെഹിക്കിൾ - ഒരു വശത്തേക്ക് 500 രൂപ, ഇരുവശങ്ങളിലേക്കും 750 രൂപ, പ്രതിമാസ പാസ് 16,715 രൂപ

ഹെവി കൺസ്ട്രക്ഷൻ വെഹിക്കിൾ, എർത്ത് മൂവിങ് എക്യുപ്‌മെന്റ് - ഒരു വശത്തേക്ക് 720 രൂപ, ഇരുവശങ്ങളിലേക്കും 1,080 രൂപ, പ്രതിമാസ പാസ് 24,030 രൂപ

7 ആക്‌സിലിൽ കൂടുതലുള്ള ഓവർസൈസ്ഡ് വെഹിക്കിൾ - ഒരു വശത്തേക്ക് 880 രൂപ, ഇരുവശങ്ങളിലേക്കും 1,315 രൂപ, പ്രതിമാസ പാസ് 29,255 രൂപ

അതേസമയം, ടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന രാമനഗര ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് തിരക്കിൽ ഇളവുണ്ടാകും. കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് 70 രൂപയാണ് ലൈറ്റ് കൊമേഴ്ഷ്യൽ ബസ് അടക്കമുള്ള വാഹനങ്ങൾക്ക് 110, 230 രൂപയുമാണ് ഇരുവശങ്ങളിലേക്കും ഈടാക്കുക.