കൊച്ചി: നിയമം ലംഘിക്കുന്ന ഡ്രൈവർമാരെ ഇനി സഹിക്കില്ലെന്നും റോഡുകളിൽ രക്തം വീഴാൻ അനുവദിക്കില്ലെന്നും ഹൈക്കോടതി അസന്ദിഗ്ധമായി പ്രഖ്യാപിക്കുമ്പോഴും അതിന്റെ നേട്ടം ഉണ്ടാക്കുക അഴിമതിക്കാരായ ഉദ്യോഗസ്ഥരെന്ന വാദം അതിശക്തം. റോഡ് നിയമങ്ങൾക്കു വിലകൽപ്പിക്കാത്ത ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്തിനു കോടതി നേരിട്ടു നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട റെയ്ഡും തുടങ്ങി. എന്നാൽ ഇതെല്ലാം വെറും കൈക്കൂലി ഇടപാടുകളായി മാറുമെന്ന ആശങ്ക ശക്തമാണ്. അങ്ങനെ വ്ന്നാൽ ഇനിയും അപകടങ്ങൾ കൂടും. മരണവും.

ഹൈക്കോടതി അതിശക്ത നിലപാടാണ് എടുത്തത്. ക്രിമിനൽ കേസിലെ പ്രതിയാണ് വടക്കഞ്ചരിയിൽ അപകടമുണ്ടാക്കിയ ജോമോൻ പത്രോസ്. മദ്യപിച്ച് പരസ്യമായി പ്രശ്‌നമുണ്ടാക്കുന്ന വ്യക്തി. എഴുന്നേറ്റ് നിന്ന് ഒറ്റക്കൈയിൽ ബസ് ഓടിക്കുന്ന ഡ്രൈവർ. ഡിവൈഎഫ് ഐ ഓഫീസ് ആക്രമണ കേസിലും പ്രതി. ഇങ്ങനെയുള്ള ക്രിമിനലുകൾ ബസ് ഓടിക്കുന്നതാണ് പ്രശ്‌നത്തിന് കാരണം. എന്നാൽ ഇത് നിയമപരമായി തടയാൻ മോട്ടോർ വാഹന വകുപ്പിന് കഴിയില്ല. വലിയ ബസുകളുടെ ഉടമകൾ തന്നെ തീരുമാനം എടുക്കണം. എന്നാൽ മാത്രമേ ബസുകളിലെ നിയമലംഘനം തീരൂ.

'ഒരപകടമുണ്ടായാൽ നിർദേശങ്ങളും പദ്ധതികളും മുന്നോട്ടുവയ്ക്കുന്നത് പതിവാണ്. പിന്നീട് അത് മറക്കും. വടക്കഞ്ചേരി അപകടത്തിൽ ജീവൻ പൊലിഞ്ഞ കുട്ടികളെ ഒരിക്കലും മറക്കാൻ അനുവദിക്കില്ല; അവരുടെ ഉറ്റവരുടെ ഹൃദയവേദന വിസ്മൃതിയാലാകരുത്. നടപടിയാണ് പ്രധാനം; വിശദീകരണങ്ങളല്ല'-ഇതാണ് ഹൈക്കോടതി മുമ്പോട്ട് വയ്ക്കുന്നത്. ഇതിന്റെ മറവിലെ പരിശോധന പ്രഹസനമായാൽ ഇനിയും അമിത വേഗതയിലെ അപകടങ്ങൾ തുടരും. ഇതുണ്ടാകില്ലെന്നാണ് ഗതാഗത കമ്മീഷണർ ശ്രീജിത്ത് നൽകുന്ന ഉറപ്പ്. എന്നാൽ ഉദ്യോഗസ്ഥർ കൈക്കൂലിക്ക് പിറകെ പോയാൽ ഇതെല്ലാം അട്ടിമറിക്കും. റോഡ് അപകടം തുടർക്കഥയാകും. അതുകൊണ്ട് തന്നെ മോട്ടോർ വാഹന വകുപ്പിലെ അഴിമതിയാണ് ആദ്യം തുടച്ചു നീക്കേണ്ടത്.

അതിനിടെ നിയമ ലംഘനത്തിൽ ഡ്രെവർമാർക്കു താക്കീതു നൽകാൻ എൻഫോഴ്‌സ്‌മെന്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കു കർശന നിർദ്ദേശം നൽണമെന്ന് കമ്മിഷണറോട് ആവശ്യപ്പെട്ടു. ആവശ്യമായ സർക്കുലറുകളും ഉത്തരവുകളും ഇറക്കാനും പെട്ടെന്നുള്ള നടപടികൾക്കും ഇലക്ട്രോണിക് മാർഗം ഉൾപ്പെടെ ഉപയോഗിക്കണം എന്ന് കോടതി പറയുന്നു. കൂസലില്ലായ്മയും അശ്രദ്ധയുംമൂലം റോഡുകളിലുണ്ടാകുന്ന അരുംകൊലകൾ ഭാവിയിൽ ആവർത്തിക്കില്ലെന്നും ഒരു ജീവനും നഷ്ടപ്പെടുകയില്ലെന്നും എല്ലാവരും ഉറപ്പാക്കണമെന്നു കോടതി പറഞ്ഞു. വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റോഡുകൾ സംബന്ധിച്ച കേസാണു പരിഗണിച്ചത്. കോടതി നിർദേശപ്രകാരം കമ്മിഷണർ ഹാജരായിരുന്നു.

വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട ബസിനെ വിലക്കുപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും ബസ് അമിതവേഗത്തിലാണെന്ന് 2 തവണ ബസ് ഉടമയ്ക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ സന്ദേശം നൽകിയിരുന്നുവെന്നും എസ്.ശ്രീജിത് അറിയിച്ചു. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി കമ്മിഷണർ പറഞ്ഞു. റോഡ് സുരക്ഷ സംബന്ധിച്ചു സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ 28നു വീണ്ടും ഹാജരാകണമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെതിരെ കുറ്റകരമായ നരഹത്യയ്ക്കു കേസെടുത്തു. അറസ്റ്റിലായ ജോമോനെ റിമാൻഡ് ചെയ്തു. അപകടം നടന്നയുടൻ, ടൂർ ഓപ്പറേറ്ററാണെന്നു പറഞ്ഞു ജോമോൻ കടന്നുകളഞ്ഞതും അന്വേഷിക്കും. ഇതിന് സഹായിച്ചത് ആരൊക്കെയെന്നു പരിശോധിക്കും. മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ച ശേഷമാണോ വാഹനമോടിച്ചത് എന്നറിയാൻ മെഡിക്കൽ പരിശോധനാഫലം കാത്തിരിക്കുകയാണ്.

വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഉടമ കോട്ടയം പാമ്പാടി തെക്കേമറ്റം എസ്.അരുൺ സുധാകരനും അറസ്റ്റിലായി. വാഹനത്തിന്റെ അമിതവേഗം സംബന്ധിച്ച് 3 മാസത്തിനിടെ 19 തവണ സന്ദേശം വന്നിട്ടും നടപടി സ്വീകരിക്കാത്തതിന് അരുണിന്റെ പേരിൽ പ്രേരണക്കുറ്റത്തിനാണു കേസ്. ഇതിനൊപ്പമാണ് ക്രിമിനലായ ജോമോൻ പത്രോസിന് ബസ് ഡ്രൈവർ ജോലി നൽകിയതും.