തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിൽ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലു പൊലീസുകാർക്കും അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. കോളേജിൽ നേരത്തേ സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദ പ്രവേശനം നേടി കോഴ്‌സ് പൂർത്തിയാക്കാതെ പോയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട രോഹിത് രാജ് എന്ന വിദ്യാർത്ഥിക്ക് യൂണിവേഴ്‌സിറ്റി ഏകജാലകം വഴി പ്രവേശനം നൽകിയിട്ടും ഇന്റർവ്യൂ ബോർഡ് വിദ്യാർത്ഥിക്ക് അഡ്‌മിഷൻ നൽകാൻ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. എന്നാൽ വിചിത്രമായിരുന്നു ഈ വാദം.

കോളേജുകളിൽ സംഘടനയെ വളർത്താൻ ചേട്ടന്മാരുടെ സാന്നിധ്യം അനിവാര്യമാണ്. ഇതിന് വേണ്ടിയാണ് രോഹിത് രാജിനേയും കോളേജിൽ വീണ്ടും കയറ്റാൻ എസ് എഫ് ഐ ശ്രമിച്ചത്. ഇത്തരം ചേട്ടന്മാരിലൂടെ ആധ്യാപകരെ പോലും വിരട്ടാനും നിലയ്ക്ക് നിർത്താനും സംഘടനയ്ക്ക് കഴിയുന്നു. 30 വയസ്സിലേറെ പ്രായമുള്ള പലരും കേരളത്തിലെ പല കോളേജിലും പഠിക്കുന്നുണ്ട്. പലതരം തട്ടിപ്പുക്കളിലൂടെയാണ് ഇതെല്ലാം സാധിച്ചെടുക്കുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകളും ഇത്തരക്കാർ കൈയേറുന്നു. അങ്ങനെ സമ്പൂർണ്ണ ആധിപത്യം കോളേജിലും ഹോസ്റ്റലുകളിലും ചേട്ടന്മാർ നേടുന്നു. പഠനത്തിൽ താൽപ്പര്യമില്ലാത്ത ഇത്തരക്കാർ ക്യാമ്പസിലും ഹോസ്റ്റലിലും മയക്കുമരുന്നും എംഡിഎഎയുമായി എത്തിക്കുകയും ചെയ്യുന്നു.

ഇതാണ് പൊതു ചിത്രം. ഇതിനിടെയാണ് കാര്യവട്ടം യൂണിവേഴ്‌സിറ്റിയിലെ എസ് എഫ് ഐ കലാപം. ഇടതു സർക്കാർ അധികാരത്തിലുള്ളപ്പോൾ വിദ്യാർത്ഥിയുടെ ന്യായമായ പ്രശ്‌നങ്ങളിൽ പോലും മൗനം പാലിക്കുന്ന വിദ്യാർത്ഥി സംഘടനയാണ് എസ് എഫ് ഐ. എന്നാൽ കാര്യവട്ടത്തെ നീതിയിൽ അവർ അനീതി കണ്ടു. ഏകജാലകം വഴി പ്രവേശനം നേടി ഇന്റർവ്യൂ ദിവസമായ ഓഗസ്റ്റ് 22-ാം തീയതി കോളേജിൽ ഹാജരായപ്പോഴാണ് നേരത്തേ ഇതേ കോഴ്‌സിന് പ്രവേശനം നേടുകയും കോഴ്‌സ് പൂർത്തിയാക്കാതെ പുറത്തുപോവുകയും ചെയ്ത വിദ്യാർത്ഥിയാണ് ഇയാളെന്നും വീണ്ടും അതേ കോഴ്‌സിൽ പ്രവേശിപ്പിക്കാനാവില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചത്.

കാമ്പസുകൾ അടക്കിഭരിക്കാൻ 'മുതിർന്ന' വിദ്യാർത്ഥികളെ കോളേജുകളിൽ നിലനിർത്താനാണ് വിദ്യാർത്ഥിസംഘടനകൾ പുനഃപ്രവേശനം ഉപയോഗപ്പെടുത്തുന്നത്. യൂണിറ്റ് നേതാക്കളായി എന്തിനും മടിയില്ലാത്ത മുതിർന്ന ഒരുകൂട്ടം യുവാക്കളെ കോളേജുകളിൽ നിലനിർത്തുകയാണ് സംഘടനകളുടെ ലക്ഷ്യം. ഇതിന് ആദ്യം ബിരുദത്തിന് പ്രവേശനം ലഭിക്കുന്ന ഒരു വിദ്യാർത്ഥി മൂന്നുവർഷംവരെ കോളേജിൽ തുടരും. തുടർന്ന് ആദ്യ കോഴ്സ് പഠനം റദ്ദാക്കി വീണ്ടും അടുത്ത ബിരുദ കോഴ്സിന് പ്രവേശനം നേടും. പലതവണയായി ബിരുദാനന്തര കോഴ്സുകളിലും ഇത് തുടരും. കോളേജുകളിലെ ആധിപത്യം നിലനിർത്താൻ ഈ വഴിയാണ് വിദ്യാർത്ഥിസംഘടനകൾ ഉപയോഗിക്കുന്നത്.

ഇതു കാരണം പല കോളേജുകളിലും ഒരു വിദ്യാർത്ഥിസംഘടന മാത്രമേയുണ്ടാകു. തിരുവനന്തപുരത്ത് എസ്.എഫ്.ഐ.യും എ.ബി.വി.പി.യും ചില കോളേജുകളിൽ ഏകപക്ഷീയമായി പ്രവർത്തിക്കുന്നുണ്ട്. 30 വയസ്സിലേറെ പ്രായമുള്ള നേതാക്കൾ പല കോളേജുകളിലും പഠിച്ചുകൊണ്ട് സംഘടന നിയന്ത്രിക്കുന്നുണ്ട്. എന്തിനും മടിയില്ലാത്ത ഈ സംഘമാണ് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഭയപ്പെടുത്തി നിയന്ത്രിക്കുന്നത്. ഒരിക്കൽ പൂർത്തിയാക്കിയ കോഴ്സിൽ വീണ്ടും പ്രവേശനം നൽകാൻ നിയമമില്ലെങ്കിൽപ്പോലും കാര്യവട്ടത്ത് പ്രിൻസിപ്പലിനെ ബന്ധിയാക്കി നിയമത്തെപ്പോലും വെല്ലുവിളിക്കാനായിരുന്നു ശ്രമം. സാധാരണ മറ്റൊരു വിഷയത്തിൽ പ്രവേശനം നേടിയാണ് ഈ നിയമത്തെ വെല്ലുവിളിക്കുന്നത്.

യൂണിവേഴ്‌സിറ്റി നിയമം അനുസരിച്ച് കോഴ്‌സ് ക്യാൻസലേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ പുതിയ കോഴ്‌സിന് പോലും പ്രവേശനം നേടാൻ സാധിക്കൂ എന്നും ഇയാൾ നേരത്തേ അച്ചടക്ക നടപടി നേരിട്ട ആളാണെന്നും പ്രിൻസിപ്പലും ഇന്റർവ്യൂ ബോർഡും അറിയിച്ചു. ഇതാണ് പ്രശ്‌നകാരണം. ഈ നിയമവും ന്യായവും ചർച്ചയാക്കിയതാണ് എസ് എഫ് ഐയ്ക്ക് പിടിക്കാത്തത്. ഇതേ കോളേജിൽ അച്ചടക്ക നടപടി നേരിട്ട ചേട്ടനാണ് രോഹിത് രാജ്. അച്ചടക്ക നടപടി നേരിട്ട എസ്എഫ്‌ഐ നേതാവും മുൻ വിദ്യാർത്ഥിയുമായിരുന്ന രോഹിത് രാജിന് വീണ്ടും അതേ കോഴ്‌സിൽ അഡ്‌മിഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു.

എന്നാൽ അച്ചടക്ക നടപടി നേരിട്ട രോഹിതിന് പ്രവേശനം നൽകുന്നതിന് കോളേജ് അക്കാദമിക് കൗൺസിൽ അനുവാദം നൽകാതിരുന്നതോടെ എസ്.എഫ്.ഐ പ്രവർത്തകർ പ്രകോപിതരാവുകയായിരുന്നു. ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സിൽ മൂന്നു വർഷം പഠിച്ചെങ്കിലും പരീക്ഷ ജയിക്കാനായില്ല. തുടർന്ന് പഠനം റദ്ദാക്കാനും അതേ വിഷയത്തിൽ ഒന്നാംവർഷ വിദ്യാർത്ഥിയായി പുനഃപ്രവേശനം നേടാനുമാണ് രോഹിത് അപേക്ഷിച്ചത്. സർവകലാശാലയുടെ ഏകജാലക സംവിധാനം വഴി, പട്ടികജാതി ക്വാട്ടയിൽ, ഒന്നാം അലോട്ട്മെന്റിൽ ഇടംനേടുകയും ചെയ്തു. ഇയാൾ ഒന്നിലേറെ തവണ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥിയാണ്.

കോഴ്‌സ് ക്യാൻസലേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന് പറഞ്ഞിട്ടും കോളേജിൽ പ്രവേശനം നൽകുമെന്ന് ഉറപ്പുനൽകിയില്ലെന്ന് വിദ്യാർത്ഥി പറയുന്നു. പിന്നാലെ അക്രമം തുടങ്ങി. എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റിയശേഷമാണ് പ്രിൻസിപ്പലിനെ പൊലീസ് ജീപ്പിൽ പുറത്തെത്തിച്ചത്. യൂണിവേഴ്സിറ്റി കോളേജിലെ പഴയ കത്തിക്കുത്ത് കേസ് ഒടുവിൽ പി.എസ്.സി. പരീക്ഷത്തട്ടിപ്പുവരെ വളർന്നതിനു പിന്നിൽ സംഘടന വളർത്താൻ എസ്.എഫ്.ഐ. കൊണ്ടുനടന്ന 'മുതിർന്ന' വിദ്യാർത്ഥികളായിരുന്നു. എസ്.എഫ്.ഐ.ക്കാരായ വിദ്യാർത്ഥികളെതന്നെ ആക്രമിച്ചതോടെയാണ് ഇവർക്കെതിരേ രോഷമുണ്ടാവുകയും തട്ടിപ്പുകൾ പുറത്തുവരുകയും ചെയ്തത്.

ആക്രമികളുടെ വീടുകളിൽനിന്നു സർവകലാശാല ഉത്തരക്കടലാസ് കണ്ടെത്തിയതോടെ പരീക്ഷത്തട്ടിപ്പും പുറത്തുവന്നു. തുടർന്ന് ഇവർ പി.എസ്.സി. പരീക്ഷയിലും തട്ടിപ്പു നടത്തി റാങ്ക് വാങ്ങിയതുവരെ കണ്ടെത്തി. പക്ഷേ, ഏതാനും പ്രതികളിലൊതുക്കി പൊലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.