മലപ്പുറം: കോട്ടക്കൽ ശിവക്ഷേത്ര പരിസരത്ത് ആർഎസ്എസ് നടത്തിവന്ന ശാഖയിലേക്കു ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നു പിറ്റേദിവസം ശാഖയിലെത്തിയത് 202പേർ. വെറും 22പേരുമായി ആർഎസ്എസ് നടത്തിവന്ന ശാഖയിലേക്കു ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ച് എത്തിയതറിഞ്ഞതോടെയാണു ഇതിലുള്ള പ്രതഷേധമെന്നോണം കൂടുതൽപേർ പ്രവർത്തകർ ശാഖയിലെത്തി അണിചേർന്നത്. ഡിവൈഎഫ്ഐയുടെ പ്രതിഷേധംകൊണ്ടു ആർ.എസ്.എസിനും ശാഖക്കും ഗുണംലഭിക്കുകയാണു അക്ഷരാർഥത്തിൽ ഇവിടെ സംഭവിച്ചത്.

ശാഖയിൽ ആയുധപരിശീലനമുണ്ടായിരുന്നും മതസ്പർദ്ദ വളർത്തുമെന്നും ആരോപിച്ചാണു ഡിവൈഎഫ്ഐ പ്രവർത്തകർ ശാഖയുടെ പ്രവർത്തനം തടയാനെത്തിയിരുന്നത്. എന്നാൽ യാതൊരു പ്രകോപനവും സൃഷ്ടിക്കാതെ ആർഎസ്എസ് പ്രവർത്തകർ സംയമനം പാലിച്ചു തങ്ങളുടെ പ്രവർത്തനങ്ങൾ അന്നേദിവസം അവസാനിപ്പിച്ചു മടങ്ങിയത്. എന്നാൽ സംഭവം വിവാദമായതോടെ കോട്ടയ്ക്കൽ പരിസര പ്രദേശങ്ങളിലുള്ളവരെല്ലാം പങ്കെടുത്ത സാംഘിക് ആണ് നടന്നതെന്നും ആർഎസ്എസ് കോട്ടക്കൽ സംഘചാലക് മുരളീധരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

കോട്ടക്കൽ കോവിലകം വെങ്കിട്ടത്തേവർ ശിവക്ഷേത്ര മൈതാനിയിൽ കോട്ടക്കൽ കോവിലകം ട്രസ്റ്റിന്റെ അനുമതിയോടെ 1965 ൽ ആരംഭിച്ച പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആർഎസ്എസ് ശാഖയിലേക്ക് കഴിഞ്ഞ ദിവസം സി, പി.ഐ.എം ഡിവൈഎഫ്ഐ പ്രവർത്തകർ ഇരച്ചു കയറിയിരുന്നു. തുടർന്നു കുട്ടികളടക്കമുള്ളവർക്ക് നേരെ കൊലവിളി നടത്തുകയും ചെയ്തതിലുള്ള പ്രവർത്തകരുടെ പ്രതിഷേധമാണ് ഇവിടെ കണ്ടെതെന്നും തുടർന്നു ശാഖയിലേക്കെത്താൻ കൂടുതൽ പേർ താൽപര്യം പ്രകടിപ്പിച്ചതായും ഭാരവാഹികൾ പറഞ്ഞു.

നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ അക്രമത്തെ മലപ്പുറം ജില്ലാ സംഘചാലക് പി.കൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ആർഎസ്എസ് മലപ്പുറം ജില്ലാ കാര്യകാരി ശക്തമായി അപലപിച്ചു. പ്രക്ഷുബ്ദമായ അന്തരീക്ഷത്തിലും സംയമനത്തോടെ ശാഖ പ്രവർത്തനം തുടർന്ന' സ്വയംസേവകർ നാടിന് മാതൃകയാണെന്നും കാര്യകാരി സൂചിപ്പിച്ചു.

ശാഖയിൽ ആയുധപരിശീലനമുണ്ടായിരുന്നുവെന്നാരോപിച്ചാണു ഡിവൈഎഫ്ഐ പ്രവർത്തകർ ശാഖയുടെ പ്രവർത്തനം തടയാനെത്തിയതെങ്കിലും തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ ആയുധങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും കോട്ടക്കൽ പൊലീസ് പറഞ്ഞു. ശാഖയിൽ വ്യായാമം, യോഗ, ദേശഭക്തിഗാനം തുടങ്ങിയവ മാത്രമാണ് നടന്നതെന്നു മറിച്ചുള്ള ആരോപണം തികച്ചും വാസ്തവ വിരുദ്ധമാണെന്നും ആർഎസ്എസ് കോട്ടക്കൽ സംഘചാലക് മുരളീധരൻ പറഞ്ഞു. ഒരുമണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസാണു ഇവിടെ നൽകിവരുന്നത്.

വർഷങ്ങളായി നടന്നുവന്നിരുന്ന ശാഖ കോവിഡ് വന്നതിനു ശേഷം താൽക്കാലികമായി നിർത്തിവെച്ചതായിരുന്നു. ശേഷം ഈമാസം ഒന്നു മുതാലാണ് ക്ഷേത്ര പരിസരത്ത് ശാഖ ആരംഭിച്ചത്. സംഭവത്തെ തുടർന്നു പ്രദേശത്ത് ബഹുജനങ്ങളുടെ എതിർപ്പ് ശക്തമായിരുന്നുവെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. വിശ്വാസികൾ ആരാധന നടത്തുന്ന ക്ഷേത്രത്തിന്റെ മുറ്റം സാമൂഹ്യ സ്പർദ ഉണ്ടാക്കുന്ന ശാഖ നടത്താൻ പാടില്ലെന്നും ഇത് മറ്റ് ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു.