തിരുവനന്തപുരം: കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കേസുകളിലൊന്നാണ് പാറശ്ശാലയിലെ ഷാരോൺ രാജിന്റെ കൊലപാതകം.ഷാരോണിന്റെ കാമുകി ഗ്രീഷ്മയാണ് കേസിൽ ഒന്നാം പ്രതി.പൊലീസിനെയും ഷാരോണിന്റെ വീട്ടുകാരെയും ഒരുപാട് വട്ടം കറക്കിയതിന് ശേഷമാണ് ഗ്രീഷ്മ ഒടുവിൽ പിടിയിലായത്. അന്വേഷണപുരോഗതിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് കേസ് അന്വേഷിക്കുന്ന റൂറൽ എസ്‌പി ഡി. ശിൽപയുടെ പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

''ഷീ ഈസ് ഫൈൻ, മിടുക്കിയാണ്, റാങ്ക് ഹോൾഡറാണ്'' എന്നാണ് ഗ്രീഷ്മയെ കുറിച്ച് ശിൽപ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. മാധ്യമ പ്രവർത്തകൻ അരുൺകുമാർ ഇതുസംബന്ധിച്ച് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം വൈറലായിട്ടുണ്ട്. 'വിഷം ചാലിച്ച് കൂട്ടുകാരനെ കൊന്ന കൊലയാളിയായ ഗ്രീഷ്മയെക്കുറിച്ച് പൊലീസ് : 'ഷീ ഈസ് ഫൈൻ, മിടുക്കിയാണ് , റാങ്ക് ഹോൾഡറാണ്:

അതേ സമയം, കാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് കള്ളക്കേസിൽ കുടുക്കിയ ഇടുക്കി കണ്ണംപടി സ്വദേശിയായ സരുൺ സജി എന്ന ആദിവാസി യുവാവിനെക്കുറിച്ച് '' ഹീ ഈസ് എ ക്രിമിനൽ, കുറ്റവാളിയാണ്, ജയിലിലടയ്‌ക്കേണ്ടവനാണ് '. ഈ സരുൺ പി.എസ്.സി റാങ്ക് ഹോൾഡറാണ്. മൂന്ന് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഭാവി സർക്കാർ ഉദ്യോഗസ്ഥനാണ്. പഠനം കഴിഞ്ഞുള്ള ഒഴിവ് സമയം ഓട്ടോയോടിച്ച് ചെലവ് കണ്ടെത്തുന്നവനാണ്. അവൻ മിടുക്കനല്ലെന്നും ഗ്രീഷ്മമിടുക്കിയാണന്നും തോന്നാൻ ഒറ്റ കാരണമേ ഉള്ളു. അത് അവന്റെ സ്വത്വമാണ്. കരയോഗമില്ലാത്ത സ്വത്വം'. ഇതാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

കുറ്റവാളിയുടെ ജാതിയും മറ്റും നോക്കി പൊലീസ് പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമാണ് റൂറൽ എസ്‌പിയുടെ പ്രതികരണത്തിലൂടെ വെളിവായത് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അതേസമയം, പ്രധാന പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തും. തെളിവ് നശിപ്പിച്ചതിനാണ് ഇരുവരെയും കേസിൽ പ്രതി ചേർത്തത്. ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്ക് മാറ്റാനാണ് സാധ്യത. സംഭവ ദിവസം ഷാരോൺ ധരിച്ച വസ്ത്രം കുടുംബം അന്വേഷണ സംഘത്തിന് കൈമാറും.

തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെ പ്രതി ചേർത്തത്. അച്ഛനെയും മറ്റൊരു ബന്ധുവിനെയും ഒരു വട്ടം കൂടി ചോദ്യം ചെയ്യും. ഇവർക്കും തെളിവ് നശിപ്പിച്ചതിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അമ്മയെയും അമ്മാവനെയും ഇന്ന് രാമവർമൻ ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തേക്കും. റിമാൻഡിലായ ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി നോക്കി ആശുപത്രി സെല്ലിലേക്കോ ജയിലിലേക്കോ മാറ്റാനിടയുണ്ട്.

ഗ്രീഷ്മയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ പൊലീസ് നെയ്യാറ്റിൻകര കോടതിയിൽ നൽകും. 14 തീയതി ഗ്രീഷ്മയുടെ വീട്ടിൽ പോയ സമയം ഷാരോൺ രാജ് ധരിച്ച വസ്ത്രം കുടുംബം കൈമാറും. ഇത് ഇന്നു തന്നെ ഫോറൻസിക് പരിശോധനക്ക് അയക്കും. ഷാരോണിന്റെ ഫോണും ശാസ്ത്രീയ പരിശോധനക്ക് അയക്കും. മറ്റൊരാളുമായുള്ള വിവാഹത്തിന് കാമുകനായ ഷാരോൺ തടസം നിൽക്കും എന്ന് ഭയന്നാണ് ഗ്രീഷ്മ വിഷം നൽകി കൊലപ്പെടുത്തിയത്.