- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദാചാര സർക്കുലർ പുറത്തിറക്കിയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പുറത്തിറക്കിയത്; ഏത് അദ്ധ്യാപകനാണ് ഇതിന് പിന്നിലെന്ന് അന്വേഷിക്കും; വിനോദ യാത്രയ്ക്ക് പോകുന്ന വിദ്യാർത്ഥികൾക്കുള്ള മാർഗനിർദേശങ്ങൾ വിവാദമായപ്പോൾ എസ്എൻ കോളേജ് പ്രിൻസിപ്പലിന്റെ വിശദീകരണം ഇങ്ങനെ
കൊല്ലം: കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയയിൽ കൊടുമ്പിരി കൊണ്ട കൊല്ലം എസ് എൻ കോളേജിലെ ടൂർ മാർഗനിർദേശങ്ങൾ പുറത്തുവന്നത്. സദാചാര ഉത്തരവുകൾ ചേർത്ത മാർഗനിർദേശങ്ങളാണ് എന്നാണ് ആക്ഷേപം ഉയർന്നത്. കൊല്ലം എസ്.എൻ കോളേജാണ് വിനോദയാത്രക്ക് പോകുന്ന വിദ്യാർത്ഥികൾ പാലിക്കേണ്ട നിർദേശങ്ങളെന്ന പേരിൽ വിചിത്രമായ ഉത്തരവുകൾ പുറത്തിറക്കിയത്. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചുള്ള കോളേജ് ടൂറിലെ അധിക നിർദേശങ്ങൾ എന്ന തലക്കെട്ടിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്.
11 നിർദേശങ്ങളാണ് ഇപ്രകാരം നൽകിയിരിക്കുന്നത്. എന്നാൽ ഇതിനെതിരെ കോളേജ് അധികൃതർ ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോൾ വിവാദ സദാചാര സർക്കുലർ പുറത്തിറക്കിയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന പരാമർശവുമായി കോളേജ് പ്രിൻസിപ്പാൾ രംഗത്തെത്തിയിരിക്കുകയാണ്. ഏത് അദ്ധ്യാപകനാണ് ഇതിന് പിന്നിലെന്ന് അന്വേഷിക്കും. അതേസമയം വിനോദയാത്രയുടെ മറവിൽ സദാചാര സർക്കുലർ പുറത്തിറക്കിയ അദ്ധ്യാപകർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എസ് എഫ് ഐ സമരം ആരംഭിച്ചു.
ബസിന്റെ മുൻഭാഗത്തെ സീറ്റുകൾ പെൺകുട്ടികൾക്കായി റിസർവ് ചെയ്തിട്ടുണ്ടാകുമെന്നും, ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്നുള്ള യാത്ര അനുവദിക്കില്ലെന്നും നോട്ടീസിൽ പറയുന്നുണ്ട്. ഇരു വിഭാഗക്കാരും അടക്കവും ഒതുക്കവുമുള്ള വസ്ത്രമായിരിക്കണം ധരിക്കേണ്ടത്. പെൺകുട്ടികൾക്ക് യാത്രയിൽ ഒറ്റക്ക് എവിടെയും പോകാൻ അനുവാദമില്ല. അദ്ധ്യാപികയുടെയോ, ടീം മാനേജറുടെയോ കൂടെ മാത്രമേ പെൺകുട്ടികൾ സഞ്ചരിക്കാവൂ. ഷോപ്പിങ്, സൈറ്റ് സീയിങ് മുതലായവക്ക് പെൺകുട്ടികളെല്ലാം അദ്ധ്യാപികയോടൊപ്പം പ്രത്യേക ടീം ആയി തിരിയണമെന്നും നോട്ടീസിലുണ്ട്.
പെൺകുട്ടികൾക്ക് താമസിക്കാൻ പ്രത്യേക മുറികളൊരുക്കുകയും നിശ്ചിത സമയത്തിന് ശേഷം മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടുകയും ചെയ്യും. അത്യാവശ്യ ഘട്ടത്തിൽ മറ്റുള്ളവരെ ബന്ധപ്പെടാൻ എമർജൻസി അലാറം, ഫോൺ തുടങ്ങിയവ നൽകും. പെൺകുട്ടികൾ ആൺകുട്ടികളോടൊപ്പം ചേർന്ന് ചിത്രമെടുക്കുന്നതിന് കുഴപ്പമില്ലെങ്കിലും ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും മാത്രമെടുക്കുന്ന ചിത്രങ്ങൾക്ക് ടൂറിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പെൺകുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ചും നോട്ടീസിൽ പ്രത്യേകം പറയുന്നുണ്ട്. സ്വർണാഭരണങ്ങൾ ധരിക്കരുത്, എളുപ്പത്തിൽ നീങ്ങാൻ സാധിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളായിരിക്കണം പെൺകുട്ടികൾ ധരിക്കേണ്ടതെന്നും നോട്ടീസിൽ കാണാവുന്നതാണ്. ഹൈ ഹീലുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടികൾക്കോ ആൺകുട്ടികൾക്കോ യാത്രയിൽ മോശം അനുഭവങ്ങൾ ഉണ്ടായാൽ പരാതിപ്പെടാതിരിക്കുന്ന പക്ഷം അവർ തെറ്റായ പ്രവർത്തിക്ക് കൂട്ടുനിന്നതായി കണക്കാക്കുമെന്നും കർശനമായ നടപടികൾ ഇവർക്കെതിരെയുണ്ടാകുമെന്നും നിർദേശമുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ