- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
63 ദിവസം ജോലിയെടുത്താൽ 500 വച്ച് ആകെ കിട്ടുക 31,500 രൂപ; പാവങ്ങൾക്ക് ആ വേതനം കൊടുക്കാതെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ പുതിയ ഭീഷണി; ഭണ്ഡാരം എണ്ണാൻ കൂടിയാലേ കൂലി പാസാക്കൂവെന്ന് തിട്ടൂരും; ശബരിമലയിലെ ഭണ്ഡാരം എണ്ണുന്നതിന് സ്ഥിര ജീവനക്കാരെ ഒഴിവാക്കി പുതിയ തന്ത്രം; വരുമാനം കൂടിയതും പീഡനമാകുമ്പോൾ
പത്തനംതിട്ട: ശബരിമലയിലെ 'താൽകാലിക' ജീവനക്കാരെ പ്രതിസന്ധിയിലാക്കി എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഇടപെടൽ. 63 ദിവസം ഡ്യൂട്ടി ചെയ്താൽ ദിവസം 500 രൂപ നിരക്കിൽ വേതനമെന്നതാണ് വ്യവസ്ഥ. ജോലിക്കാലം പൂർത്തിയാക്കിയിട്ടും ആർക്കും വേതനം നൽകുന്നില്ലെന്നതാണ് വസ്തുത. ഭണ്ഡാരം കൂടി എണ്ണി തീർത്ത ശേഷം പോയാൽ മതിയെന്നാണ് ശബരിമലയിൽ വിവിധ ഇടങ്ങളിൽ ജോലി ചെയ്യുന്ന താൽക്കാലികക്കാർക്കുള്ള നിർദ്ദേശം. അധിക ജോലി ചെയ്താൽ അതിന് കൂടുതൽ തുക അനുവദിക്കാനും വ്യവസ്ഥയില്ല. അതായത് നിലവിലെ 63 ദിവസത്തെ കൂലി കിട്ടണമെങ്കിൽ അധിക ജോലി ചെയ്യണമെന്നതാണ് അവസ്ഥ. ഇത് ശബരിമലയിൽ താൽകാലിക ജീവനക്കാർക്കിടയിൽ പ്രതിഷേധമായി മാറുന്നു.
ശബരിമലയിൽ വൻതോതിൽ നട വരുമാനം ഈ സീസണിൽ കിട്ടി. ഇതുവരെ 350 കോടിയാണ് വരുമാനം. ഇനിയും നാണയതുട്ടുകൾ എണ്ണാനുണ്ട്. ദേവസ്വം ബോർഡ് ജീവനക്കാരാണ് സാധാരണ ഈ ജോലി ചെയ്യുന്നത്. ഭണ്ഡാരത്തിൽ മോഷണവും മറ്റും നടക്കുന്നതു കൊണ്ടാണ് ഇത്. അങ്ങനെ അതീവ സുരക്ഷിതമായി സൂക്ഷിക്കുന്ന ഭണ്ഡാരത്തിലേക്ക് താൽകാലികക്കാരെ കയറ്റാനും പാടില്ല. ഇതിനിടെയാണ് വതേനം വേണമെങ്കിൽ ഭണ്ഡാരത്തിലെ തുട്ടുകൾ കൂടി എണ്ണമെന്ന ആവശ്യം ഉയർത്തുന്നത്. ചില താൽകാലികക്കാർ പ്രതിഷേധത്തിലാണ്. എന്നാൽ തുച്ഛമായ വരുമാനത്തിന് ജോലിക്കെത്തുന്നു സാധാരണക്കാർ അനുസരിക്കേണ്ട അവസ്ഥയിലും.
ഭണ്ഡാരത്തിലെ തുട്ടുകൾ എണ്ണാൻ കൂടുതൽ ജീവനക്കാരെ ശബരിമലയ്ക്ക് പുറത്തു നിന്ന് എത്തിക്കാം. ഇതിന് ശബരിമലിയിലെ ഉന്നതന്റെ സംഘടനാ താൽപ്പര്യം അനുവദിക്കുന്നില്ലെന്നും വിമർശനമുണ്ട്. ഇടതു സംഘടനാ നേതാവായ ഈ ഉദ്യോഗസ്ഥൻ ഭക്തരെ പിടിച്ചു തള്ളുകയും കഴുത്തിന് പിടിക്കുകയും ചെയ്ത അരുണിനെ കാർ ഏർപ്പാടാക്കി നൽകി വീട്ടിലേക്ക് അയച്ചതും ഈ ഉദ്യോഗസ്ഥനാണ്. അങ്ങനെ വിവാദമുണ്ടാക്കുന്നവർക്ക് സംരക്ഷണമൊരുക്കിയ വ്യക്തിയാണ് പാവങ്ങളെ കഷ്ടപ്പെടുത്തുന്നത്. ശബരിമല നട അടയ്ക്കുമ്പോൾ തന്നെ വീട്ടിൽ പോകാമെന്ന് കരുതി എത്തുന്ന താൽകാലികക്കാരെയാണ് ഇത് വേദനയിലാക്കുന്നത്.
ശമ്പളത്തിനൊപ്പം സ്‌പെഷ്യൽ അലവൻസും വാങ്ങിയാണ് ദേവസ്വം ജീവനക്കാർ ശബരിമല ഡ്യൂട്ടിക്ക് എത്തുന്നത്. ഇതിനൊപ്പം പല വിധത്തിലും ആനുകൂല്യങ്ങൾ കിട്ടും. എന്നാൽ വെറും 500 രൂപയാണ് താൽകാലികക്കാരുടെ വേതനം. ഇവരുടെ വേതനമാണ് തടഞ്ഞു വച്ച് കൂടുതൽ സമയം ജോലിക്ക് നിർബന്ധിക്കുന്നത്. ഇതോടെ ഭണ്ഡാരം ഡ്യൂട്ടിയിലുള്ള സ്ഥിര ജീവനക്കാർക്ക് വേഗം വീട്ടിലും പോകാം. ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം ആണ് ഇത്തവണ ശബരിമലയിൽ നിന്ന് ലഭിച്ചത്. എന്നാൽ ഇത് എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാതെ പ്രയാസപ്പെടുകയാണ് തിരുവിതാകൂർ ദേവസ്വം ബോർഡ് അധികൃതർ.
ശബരിമല വരുമാനത്തിൽ മുൻ വർഷങ്ങളിൽ നിന്നും ഇരട്ടിയിലധികം വർദ്ധനവ് ഉണ്ടായിട്ടും ഇതെങ്ങനെ ഏറ്റെടുക്കും എന്നതിലാണ് ആശങ്ക. 2017 -164 , 2018 -105, 2019 -156, 2020 -9.09, 2021-78.92 ,2022-22.98 കോടി എന്നിങ്ങനെ ആയിരുന്നു വരുമാനം. ഇക്കുറി ഇത് 350 കോടിവരെ കടന്നു. നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്ന ധനലക്ഷ്മി ബാങ്ക് നിഷേധാത്മക നിലപാടാണ് പുലർത്തുന്നത് എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഇത് മൂലം കീറിയ നോട്ടുകൾ, അൽപ്പം നിറം മങ്ങിയ നോട്ടുകൾ ഒക്കെ ചാക്കിൽ തന്നെ കെട്ടി കിടക്കുന്നു.
ഇരു മുടി കെട്ടിനുള്ളിൽ വെറ്റിലയിൽ പൊതിഞ്ഞു കൊണ്ടുവന്ന് ഭഗവാന്റെ മുന്നിലെ ഭണ്ഡാരത്തിൽ സമർപ്പിക്കുന്ന ദക്ഷിണ പോലും തരം തിരിക്കാൻ ഇത് വരെ ജീവനക്കാർക്ക് കഴിഞ്ഞിട്ടില്ല.ഇതേടെ വെറ്റിലക്കുള്ളിൽ ഇരുന്ന് ഇവയുടെ നിറം മങ്ങുകയും നമ്പറുകൾ വായിക്കാൻ കഴിയാത്ത അവസ്ഥയുമാണ്. ഇതിനൊപ്പമാണ് കുമിഞ്ഞു കൂടി കിടക്കുന്ന നാണയങ്ങളും.
മറുനാടന് മലയാളി ബ്യൂറോ