- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾ മരിച്ചതറിയാതെ പിതാവ് രാമു ആശുപത്രിയിൽ ചികിത്സയിൽ; നൊമ്പരമായി തീർത്ഥാടകയായ 10 വയസുകാരിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജിൽ സങ്കട കാഴ്ചകൾ; ശബരിമല പാതയിലെ അപകട മേഖലയായി കണ്ണിമല മഠംപടി വളവും കണമല അട്ടിവളവും
കോട്ടയം: മകൾ മരിച്ചതറിയാതെ അപകടത്തിൽ പരുക്കേറ്റ പിതാവ് രാമു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. തമിഴ്‌നാട് താമ്പ്രം സ്വദേശി രാമുവിന്റെ മകൾ സംഘമിത്ര (10) ആണ് മരിച്ചത്. ബന്ധുക്കളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ മനോനില നഷ്ടപ്പെട്ടു വിതുമ്പുന്ന അമ്മാവൻ ആശുപത്രിയിലെ നൊമ്പരകാഴ്ചയായി മാറി. തീർത്ഥാടക സംഘത്തിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർ അപകടത്തിന്റെ ഭീതിയിൽ നിന്നും മാറിയിട്ടില്ലായിരുന്നു. ഒപ്പം യാത്ര ചെയ്തിരുന്ന ബാലിക മരിച്ചെന്നുള്ള വിവരം സംഘത്തിലുള്ളവരെ അറിയിക്കാനാവാതെ വിഷമിക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.
എരുമേലി - മുണ്ടക്കയം പാതയിൽ കണ്ണിമല മഠംപടി വളവിലാണ് അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞത്. പരുക്കേറ്റ രാമു ഉൾപ്പെടെ അഞ്ചു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും, മൂന്ന് കുട്ടികളെ കോട്ടയം കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നന്ദകുമാർ, ശിവകുമാർ, മണിവർണൻ, രാജേഷ് കുട്ടികളായ മോശപ്രിയൻ, കുഴലി, പ്രെജിൻ എന്നിവരെയാണ് കോട്ടയത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
തീർത്ഥാടകർ ശബരിമലയിലേക്ക് പോകുന്നതിനായി എരുമേലിക്കു വരും വഴിയാണ് അപകടം. കുത്തിറക്കം ഇറങ്ങി വരും വഴി നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കുത്തനെ മറിഞ്ഞു കിടന്ന വാഹനത്തിനുള്ളിൽ നിന്നും പരുക്കേറ്റവരെ നാട്ടുകാരാണ് പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽപെട്ട കുട്ടിയെ എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം.
മുൻ വർഷങ്ങളിൽ നിരവധി അപകടങ്ങൾ നടന്ന പാതയാണിത്. എന്നാൽ അപകടത്തിൽ മരണം ഇത് ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു.
അരകിലോമീറ്ററോളം നീളത്തിലുള്ള കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടമായി വരുന്ന വാഹനം കൊടും വളവിൽ നിയന്ത്രണം നഷ്ടമായാണ് അപകടം ഉണ്ടാകുന്നത്. യു ഷേപ്പിലാണ് വളവ്. അപകടകരമായ വളവ് നിവർക്കണമെന്ന് ആവശ്യം ഉയർന്നിട്ടുള്ളതാണ്.
അപകടകരമായ വളവിന് മുകളിലായി പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ വേണ്ടത്ര അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. സ്ഥലം പരിചയമില്ലാത്ത ഇതര സംസ്ഥാന വാഹനങ്ങളാണ് അപകടത്തിൽ പ്പെടുന്നത്. മുൻപ് തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട് . മുട്ടയുമായി വന്ന വാഹനവും കൈത ചക്കയുമായി വന്ന വാഹനവും താഴ്ചയിൽ മറിഞ്ഞിട്ടുണ്ട്. വളവിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചാണ് വാഹനങ്ങളെ അപകടത്തിൽ നിന്നും രക്ഷിക്കുന്നത്. എരുമേലി -പമ്പ പാതയിൽ കണമല അട്ടിവളയും തീർത്ഥാടകർക്ക് പേടി സ്വപ്നമാണ്. നിരവധി അപകടങ്ങളിലായി 35ഓളം പേരാണ് കണമലയിൽ മരിച്ചത്. വലിയ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയതോടെ അപകടങ്ങൾ നിയന്ത്രിക്കാനായിട്ടുണ്ട്.
ഡ്രൈവർ ഉൾപ്പെടെ 21 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടം നടന്നതറിഞ്ഞു ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്രവർത്തനം നടത്തിയത്. ഓട്ടോറിക്ഷയിലും അതുവഴി വന്ന കാറിലുമായി പരുക്കെറ്റവരെ ആശുപത്രിയിൽ എത്തിച്ചു. എരുമേലി പൊലീസ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മേൽനടപടികൾ സ്വീകരിച്ചു. മരിച്ച പെൺകുട്ടിയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടു നൽകും.
എരുമേലിയിൽ തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ വാഹന അപകടങ്ങളും പതിവാകുകയാണ്. വെള്ളിയാഴ്ച രാവിലെ വാഹനം ഇടിച്ചു തമിഴ്‌നാട് സ്വദേശിയായ തീർത്ഥാടകയുടെ രണ്ടു കാലൊടിഞ്ഞ അപകടം ഉണ്ടായിരുന്നു. പലദിവസങ്ങളിലായി അപകടങ്ങൾ ശബരിമല പാതയിൽ ഉണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പേട്ടതുള്ളലിനിടയിൽ വാഹനം ഇടിച്ചു കയറി മൂന്ന് തമിഴ്‌നാട് തീർത്ഥാടക്ക് പരുക്കേറ്റിരുന്നു. 57 വയസുള്ള കൊലഞ്ഞി എന്ന തീർത്ഥാടകയുടെ രണ്ടു കൈകളും ഒടിഞ്ഞു. ഇവർക്കൊപ്പമുണ്ടായിരുന്ന പെരുമാൾ (57), സുരേഷ് (44) എന്നിവർക്കും പരുക്കേറ്റു.