- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിമാനത്താവളം റൺവേ; 20 മീറ്റർ വരെ താഴ്ചയിൽ കുഴികൾ, പരിശോധനയ്ക്കായി മണ്ണുശേഖരണം തുടങ്ങി; യന്ത്രങ്ങളെത്തി പരിശോധന; കല്ലും കട്ടിയുള്ള മണ്ണുമുള്ള റബർ എസ്റ്റേറ്റ് ആയിരുന്നതിനാൽ ഉറപ്പുള്ളതായിരിക്കാനാണ് വിലയിരുത്തൽ; പരിശോധന നടത്തുന്നത് കൺസൾട്ടിങ് സ്ഥാപനമായ ലൂയി ബർഗർ ഏജൻസി
എരുമേലി: എരുമേലിയുടെ സ്വപ്നപദ്ധതിയായ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുടെ റൺവേയുടെ പ്രാരംഭ നടപടി ആരംഭിച്ചു. റൺവേയുടെ ഉറപ്പ് പരിശോധനയ്ക്കുള്ള മണ്ണിന്റെ സാംപിൾ ശേഖരണം ചെറുവള്ളി എസ്റ്റേറ്റിലാണ് ആരംഭിച്ചിരിക്കുന്നത്. മുക്കട ഹുദയത്തുൽ ഇസ്ലാം ജമാ അത്ത് പള്ളിക്കു സമീപമാണ് ആദ്യം മണ്ണിന്റെ സാംപിൾ ശേഖരിച്ചു തുടങ്ങിയത്. ഇതിനു ശേഷം ചേനപ്പാടി എരുമേലി റോഡിനു സമീപത്തെ എസ്റ്റേറ്റ് ബംഗ്ലാവിനു സമീപത്തുനിന്നു മണ്ണ് ശേഖരിക്കും. യന്ത്രസഹായത്തോടെയാണു മണ്ണ് ശേഖരിക്കുന്നത്.
കൺസൾട്ടിങ് സ്ഥാപനമായ ലൂയി ബർഗിനുവേണ്ടി ഏജൻസിയുടെ ഉദ്യോഗസ്ഥർ കാഞ്ഞിരപ്പള്ളിയിലെത്തിയിരുന്നു. ഡൽഹിയിൽനിന്നെത്തിയ ഇവർ 21 ദിവസംകൊണ്ട് മണ്ണ് പരിശോധന പൂർത്തിയാക്കി ഫലം അഥോറിറ്റിക്ക് കൈമാറും. പരിശോധന അനുകൂലമായാൽ മാത്രമേ റൺവെ നിർമ്മിക്കാൻ സാധിക്കുകയുള്ളൂ.
കല്ലും കട്ടിയുള്ള മണ്ണുമുള്ള ഇവിടം റബർ എസ്റ്റേറ്റ് ആയിരുന്നതിനാൽ ഉറപ്പുള്ളതായിരിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. ചതുപ്പ് സ്ഥലങ്ങൾ ചെറുവള്ളി എസ്റ്റേറ്റിൽ കുറവാണെന്നതാണ് റിപ്പോർട്ട് അനുകൂലമാകാൻ സാധ്യതയേറുന്നത്. എസ്റ്റേറ്റിന്റെ മധ്യഭാഗത്ത് മൂന്ന് കിലോമീറ്ററാണ് റൺവേയുടെ നീളം. എട്ട് സ്ഥലങ്ങളിലായി 10 മുതൽ 20 മീറ്റർ വരെ ആഴത്തിൽ കുഴൽക്കിണർ മാതൃകയിൽ കുഴിക്കും. ഒന്നര മീറ്റർ വ്യാസമുള്ള ആറ് കുഴികളും എടുക്കും. ഇതിൽനിന്ന് ശേഖരിക്കുന്ന മണ്ണും കല്ലുകളുമാണ് പരിശോധന നടത്തുക.
ലൂയി ബർഗിനായി പാർഥിക് ചക്രവർത്തി, സോയിൽ എൻജിനിയർ അമീൻ എന്നിവരുടെ നേതൃത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസുകുട്ടി, ഭൂരേഖാ തഹസിൽദാർ ഗോപകുമാർ, എരുമേലി തെക്ക് വില്ലേജ് ഓഫീസർ വർഗീസ് ജോസഫ്, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ അഷറഫ് ചക്കാലയിൽ എന്നിവർ നേതൃത്വം നൽകി.
മണ്ണും പാറയും മുംബൈ പനവേൽ ഉള്ള സോയിൽ ആൻഡ് സർവേ കമ്പനി (എസ്‌കെഡ്ബ്യൂ) യിലാണ് എത്തിച്ചാണ് ഉറപ്പ് പരിശോധിക്കുന്നത്. 21 ദിവസത്തിനുള്ളിൽ പരിശോധന ഫലം ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പരിശോധനാ ഫലം അനുകൂലമായാൽ തുടർ നടപടികൾ വേഗത്തിലാകും. എസ്റ്റേറ്റിന്റെ മധ്യഭാഗത്ത് കിഴക്ക് പടിഞ്ഞാറു ദിശയിൽ വരുന്ന വിധമാണ് റൺവേ ആലോചിച്ചത്. 3 കിലോ മീറ്ററാണ് റൺവേയുടെ നീളം. ഇപ്പോൾ മണ്ണെടുക്കുന്ന സ്ഥലത്ത് ആയിരിക്കും റൺവേ വരികയെന്ന് ഉറപ്പു പറയാൻ കഴിയില്ലെന്ന് കൺസൽറ്റിങ് സ്ഥാപനമായ ലൂയി ബഗ്ർ ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ണിന്റെ ഉറപ്പ് ഉൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് റൺവേ നിർമ്മാണം തീരുമാനിക്കുക.
അടുത്തിടെ ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ട് കേന്ദ്രം വീണ്ടും തേടിയിരുന്നു. വിമാനത്താവള അഥോറിറ്റി, കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) എന്നിവയുടെ അഭിപ്രായം കണക്കിലെടുത്താണിത്. ശബരിമല വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് യുഎസ് കൺസൽറ്റൻസിയുമായി ചേർന്ന് കോർപറേഷൻ മുൻപ് തയാറാക്കിയ റിപ്പോർട്ടിൽ ഒട്ടേറെ അപാകതകളുണ്ടായിരുന്നു. പത്തനംതിട്ട ചെറുവള്ളി എസ്റ്റേറ്റിൽ കണ്ടെത്തിയ ഭൂമി വിമാനത്താവള വികസനത്തിന് യോജ്യമല്ലെന്ന് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിസിഎ വ്യക്തമാക്കി. ഒപ്പുവയ്ക്കുക പോലും ചെയ്യാതെ കോർപറേഷൻ തയാറാക്കിയ റിപ്പോർട്ട് വിശ്വസനീയമല്ലെന്ന പരാമർശവും ഡിജിസിഎ നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ