തിരുവനന്തപുരം: ശബരിമലയിൽ മകരവിളക്കു ദിവസം തീർത്ഥാടകരെ ദേവസ്വം വാച്ചർ ബലം പ്രയോഗിച്ച് തള്ളി മാറ്റിയതിലും അപമാനിച്ചതിലും ഒടുവിൽ നടപടി. സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ശാസന ദേവസ്വം ബോർഡിന് എതിരാകാതിരിക്കാനാണ് സൂചന. ഇതൊഴിവാക്കാൻ ദേവ്‌സവം വാച്ചറായ അരുൺകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. അരുണിനെ വിവാദമുണ്ടായതിന് പിന്നാലെ ശബരിമലയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇങ്ങനെ മാറ്റിയ ഗാർഡിന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ പ്രത്യേക വാഹനം ഒരുക്കിയെന്നതാണ് വസ്തുത. ന്യായീകരിക്കാനും ശ്രമം നടന്നു. എന്നാൽ ഹൈക്കോടതി നിലപാട് കടുപ്പിക്കുമെന്നായപ്പോൾ ദേവസ്വം ബോർഡ് സസ്‌പെന്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം കൂടി മാനിച്ചാണ് തീരുമാനം.

ദേവസ്വം വാച്ചർ അരുൺ ഇടത് സംഘടനാ നേതാവാണ്. ഹൈക്കോടതി അരുണിനെതിരെ കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുമെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തിലാണ് അരുണിനെ തൽകാലത്തേക്ക് സസ്പെന്റ് ചെയ്യുന്നത്. ഇത് കോടതിയെ അറിയിക്കും. ഇതോടെ കോടതി ക്രിമിനൽ നടപടിക്ക് ശുപാർശ ചെയ്യില്ലെന്നാണ് വിലയിരുത്തൽ. അരുണിനെതിരെ കോടതി നിർദ്ദേശിച്ചാൽ വധശ്രമത്തിന് കേസെടുക്കേണ്ടി വരും. അരുണിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തിരുവല്ലം ക്ഷേത്രത്തിലെ വാച്ചറാണ് അരുൺ. ശബരിമല സീസണിൽ സോപാനത്ത് എത്തുകയായിരുന്നു അരുൺ. സംഭവം നാണക്കേടായ സാഹചര്യത്തിലാണ് സസ്‌പെന്റ് ചെയ്യാൻ ദേവസ്വം ബോർഡിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.

ശബരിമലയിൽ മകരവിളക്കു ദിവസം ഭക്തരോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തിൽ ദേവസ്വം ഗാർഡിനെ രൂക്ഷമായി വിമർശിച്ചിരുന്നു ഹൈക്കോടതി. ദേവസ്വം ഗാർഡ് അരുൺകുമാറിനെ സ്വമേധയ കക്ഷി ചേർത്ത ഹൈക്കോടതി നോട്ടിസിനു നിർദ്ദേശം നൽകി. അരുൺകുമാറിനെതിരെ നടപടിയെന്തെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അക്കാര്യവും വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി 23നകം സത്യവാങ്മൂലം നൽകാനും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകി. ഹർജി 24നു പരിഗണിക്കും. ഈ സാഹചര്യത്തിൽ കൂടിയാണ് സസ്‌പെൻഷൻ.

ശബരിമല ശ്രീകോവിലിനു മുന്നിൽ ദേവസ്വം ഗാർഡ് ഭക്തരെ നിയന്ത്രിച്ച രീതി, ഇതുസംബന്ധിച്ചു നേരത്തെയുള്ള കോടതി ഉത്തരവുകളുടെ ലംഘനമാണെന്നു ഹൈക്കോടതി പറഞ്ഞിരുന്നു. ശബരിമല സ്‌പെഷൽ കമ്മിഷണർ, ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ എന്നിവരിൽനിന്നു കോടതി റിപ്പോർട്ട് തേടിയിരുന്നു. അരുൺ കുമാർ തിരുവനന്തപുരം ഗ്രൂപ്പ് മണക്കാട് ദേവസ്വം വാച്ചറാണെന്നും ശബരിമലയിൽ ദേവസ്വം ഗാർഡായി സോപാനത്തു സ്‌പെഷൽ ഡ്യൂട്ടിയിൽ നിയമിച്ചതാണെന്നും റിപ്പോർട്ടിൽ അറിയിച്ചു. ഇദ്ദേഹത്തെ ഡ്യൂട്ടിയിൽനിന്നു മാറ്റിയെന്നും തിരിച്ചയച്ചെന്നും വ്യക്തമാക്കി.

ദീപാരാധനയ്ക്കുശേഷം തിരക്കേറിയതോടെ ഭക്തരുടെ നീക്കത്തിന്റെ വേഗം കൂട്ടാൻ നിർദ്ദേശം നൽകിയിരുന്നെന്നും തുടർന്നാണു ദർശനത്തിന് ഒന്നാം നിരയിലൂടെ വന്നിരുന്ന ഭക്തരെ ഗാർഡ് തള്ളിയതെന്നും ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ അറിയിച്ചു. എന്നാൽ റിപ്പോർട്ടിൽ പറയുന്നതുപോലെ ഭക്തരെ തള്ളുമ്പോൾ ഗാർഡിന്റെ ശരീരഭാഷയും മുഖഭാവവും ശബരിമല സന്നിധാനത്തു സ്‌പെഷൽ ഡ്യൂട്ടിക്കു നിൽക്കുന്ന ഒരാൾക്കു ചേർന്നതല്ലെന്നു കോടതി പറഞ്ഞിരുന്നു. വിഡിയോ ദൃശ്യങ്ങളും കോടതി പരിശോധിച്ചു. തള്ളിയാണോ ഭക്തരെ കയറ്റുന്നതെന്നും പൊലീസിന്റെ സാന്നിധ്യത്തിൽ ഇതെങ്ങനെ സംഭവിച്ചു എന്നും കോടതി ആരാഞ്ഞു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിനോട് നടപടി എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. 

ദേവസ്വം വാച്ചറുടെ നടപടിയിൽ അനൗചിത്യമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞിരുന്നു.  തീർത്ഥാടകരോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. പക്ഷേ തിരക്ക് നിയന്ത്രണാതീതമായിരുന്നു. പൊലീസും നന്നെ ബുദ്ധിമുട്ടി. തിരക്ക് നിയന്ത്രിക്കാൻ പൊലീസും ദേവസ്വം ഗാർഡുമാരുടെ സഹായം തേടിയിരുന്നുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ പറഞ്ഞിരുന്നു. സംഭവത്തെപ്പറ്റി വിശദീകരണം തേടിയിട്ടുണ്ട്. പരാതി ഉയർന്ന സാഹചര്യത്തിൽ പ്രസ്തുത വാച്ചറിനെ ആ ചുമതലയിൽ നിന്നും നീക്കിയിട്ടുണ്ടെന്നും അനന്തഗോപൻ അറിയിച്ചിരുന്നു. എങ്കിലും സസ്‌പെന്റ് ചെയ്തില്ല. ഇതിനിടെ ഹൈക്കോടതി വിഷയത്തിൽ അരുണിനെ കൂടി കക്ഷി ചേർത്ത് നടപടികൾ തുടങ്ങി. അതുകൊണ്ട് തന്നെ സസ്‌പെൻഷൻ അനിവാര്യതയായി.

അരുൺ തീർത്ഥാടകരെ തള്ളിമാറ്റുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഹൈക്കോടതി ഇടപെട്ടത്. ഹൈക്കോടതി കേസിൽ നിലപാട് എടുക്കും മുമ്പ് തന്നെ അരുണിനെതിരെ നടപടി എടുത്തുവെന്ന് വരുത്താനാണ് നീക്കം. മകരവിളക്കിന് ശബരിമലയിൽ എത്തുന്ന ഭക്തരെ ക്രൂരമായി കൈകാര്യം ചെയ്യുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലായതാണ് വിവാദത്തിന് കാരണം.

ബിജെപി നേതാവ് സൂരജ് ഇലന്തൂരാണ് വീഡിയോ ഷെയർ ചെയ്തത്. പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതിയും ആകാശ നീലിമയിലെ മകരനക്ഷത്രവും ദർശിക്കുന്നതിനായി പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം ശബരിമലയിൽ എത്തിയത്. മണിക്കൂറുകൾ നീണ്ട ക്യൂവിന് ശേഷം ശ്രീകോവിലിന് മുന്നിൽ ഒരു നിമിഷമെങ്കിലും അയ്യനെ കാണാൻ എത്തുന്നവരെയാണ് യാതൊരു ദാക്ഷണ്യവും കൂടാതെ ദേവസ്വം ജീവനക്കാരൻ കൈയേറ്റം ചെയ്യുന്നത്. പല ഭക്തരെയും കഴുത്തിന് പിടിച്ച് ഇയാൾ മാറ്റുന്നതും വീഡിയോയിൽ കാണാം.

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ വാച്ചർ തസ്തികയിൽ ജോലി ചെയ്യുന്ന അരുൺ സിപിഎം അനുഭാവിയാണ്. ശബരിമലയിൽ സ്പെഷൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഇടത് യൂണിയൻ നേതാവാണ്. തിരുവനന്തപുരത്തെ സിപിഎം കുടുംബാഗം. മന്ത്രി വി ശിവൻകുട്ടിയുടെ അടുത്ത അനുയായിയായ പെരുന്താന്നി രാജുവാണ് അരുണിന്റെ സഹോദരൻ.

തിരുവനന്തപുരം കോർപ്പറേഷനിലേക്ക് കഴിഞ്ഞ തവണ പെരുന്താന്നി രാജു മത്സരിച്ചിരുന്നു. മുമ്പ് ശിവൻകുട്ടി കൗൺസിലറായ മണ്ഡലമാണ് പെരുന്താന്നി. ഇവിടെ പെരുന്താന്നി രാജു മത്സരിച്ചെങ്കിലും കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പോയി. മുമ്പ് ആയിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം ജയിച്ചിരുന്ന വാർഡാണ് പെരുന്താന്നി. ഇവിടെ ഏറെ സ്വാധീനമുള്ള സിപിഎം നേതാവാണ് രാജു. അങ്ങനൊരു സിപിഎം നേതാവിന്റെ സഹോദരനെതിരെയാണ് ആക്ഷേപം.

സോപാനത്ത് വലിയ തിരക്കാണ് മകര വിളക്കിന് ശേഷം അനുഭവപ്പെടാറുള്ളത്. അതിനിടെ ഇതരസംസ്ഥാനക്കാരായ ഭക്തരുൾപ്പടെ ഇയാളുടെ കൈക്കരുത്തിന് ഇരയാകുന്നുണ്ട്. മകരവിളക്കിന് ശേഷം സോപാനത്തെ ദൃശ്യങ്ങൾ ചില ചാനലുകൾ തൽസമയം നൽകിയിരുന്നു. ഈ വീഡിയോ മൊബൈലിൽ എടുത്താണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. യൂണിയൻ നേതാവായ അരുൺ മുമ്പ് ദേവസ്വം ബോർഡ് അംഗത്തിന്റെ പേഴ്‌സണൽ സ്റ്റാഫിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇടതുപക്ഷ യൂണിയനായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡരേഷൻ സംസ്ഥാന സെക്രട്ടറിയാണ് അരുൺ. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സിപിഎം നേതാക്കൾക്കുമൊപ്പം ഇയാൾ നിൽക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മകരവിളക്ക് ദിനത്തിൽ പമ്പയിലെയും ശബരിമലയിലെയും സന്നിധാനത്തെയും സർക്കാർ- ദേവസ്വം ക്രമീകരണങ്ങൾ പാളിയതായി ആക്ഷേപമുണ്ട്. തിരക്ക് അനിയന്ത്രിതമായതോടെ ഭക്തരെ എരുമേലിയിൽ മണിക്കൂറുകളോളം തടഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടുന്ന ഭക്തർ അഞ്ച് മണിക്കൂറിലേറെ ക്യൂ നിന്നാണ് അന്ന് സന്നിധാനത്തെത്തിയത്. ഇവരെയാണ് ഇടതുപക്ഷ നേതാവ് നിർദ്ദയം ശ്രീകോവിലിന് മുന്നിൽ നിന്നും തള്ളി മാറ്റിയത്.