- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവ് പോലെ ജയറാം എത്തിയെന്ന് കേട്ട് ഓടിയെത്തിയ നാട്ടുകാർ; എത്തിയപ്പോൾ കണ്ടത് ജയം രവിയേയും വിഘ്നേശ് ശിവനേയും ശരവണനേയും; എരുമേലിയിലെ ചന്ദ്രേട്ടന്റെ ചായക്കട വീണ്ടും സൂപ്പർ ഹിറ്റ്; ശബരിമല യാത്രയിലെ താരങ്ങളുടെ ചായകുടി വൈറലാകുമ്പോൾ
കോട്ടയം : നടൻ ജയറാം ശബരിമലയിലേക്കുള്ള യാത്രയിൽ ഭക്ഷണം കഴിക്കാൻ പതിവായി കയറുന്ന ഒരു ചായക്കടയുണ്ട്. എരുമേലിക്ക് സമീപത്തുള്ള കുറുവാമുഴിയിലെ ശാസ്താ ഹോട്ടൽ. വർഷങ്ങൾക്കു മുൻപ് യാദൃശ്ചികമായി ഇവിടെ കയറി ഭക്ഷണം കഴിച്ചതാണ് ഇവിടുത്തെ ഭക്ഷണം ഇഷ്ടപെടാനിടയാക്കിയത്. പിന്നീടുള്ള യാത്രയിലെല്ലാം ഇവിടെയെത്തിയാണ് പ്രഭാത ഭക്ഷണം കഴിക്കുന്നത്. കഴിഞ്ഞ ദിവസവും ശബരിമലയിലേക്ക് പോകും വഴി അദ്ദേഹം ഉച്ചക്ക് ശേഷം അപ്രതീക്ഷിതമായി ഇവിടെയെത്തി.
ജയറാമിനെ കാണാൻ ഓടിക്കൂടിയവരാകട്ടെ തെന്നിന്ത്യൻ സൂപ്പർ താരങ്ങളെ കണ്ട് ഞെട്ടി. തമിഴ്‌സൂപ്പർ താരം ജയം രവി, സംവിധായകനും നയൻതാരയുടെ ഭർത്താവുമായ വിഘനേഷ് ശിവൻ, നടൻ ശരവണൻ എന്നിവർ ഉൾപ്പെടെ ഇരുപതോളം പേർ ഉണ്ടായിരുന്നു. സ്വാമിമാരുടെ വേഷത്തിൽ സാധാരണക്കാരനെ പോലെ ഇറങ്ങി നടന്ന വിഘ്‌നേഷിനെ അധികം ആരും തിരിച്ചറിഞ്ഞില്ല. പിന്നീട് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്കുവച്ചത് വൈറൽ ആയിരുന്നു. എരുമേലിയിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള ദൂരം കാണിക്കുന്ന ബോർഡിന് മുൻപിൽ നിന്നാണ് അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജയറാമും ജയം രവിയും നാട്ടുകാർക്ക് ഒപ്പം ഇരുന്ന് സെൽഫി എടുത്തു. കാറിലിരുന്ന് അവരുമായി തമാശയും പങ്കിട്ട ശേഷമാണ് ജയറാം മടങ്ങിയത്. ഇത് ആറാം തവണയാണ് ജയറാം വരുന്നതെന്ന് ഹോട്ടൽ ഉടമ ചന്ദ്രൻ പറഞ്ഞു. ശബരിമലയിലേക്ക് പോകുമ്പോഴെല്ലാം ഇവിടെ ഭക്ഷണം കഴിക്കാൻ കയറാറുണ്ട്. പരിപ്പുവടയും ബോണ്ടയും ആണ് ജയറാമിന് ഇഷ്ടപെട്ട പലഹാരം. നാല് വർഷം മുൻപാണ് ജയറാമും ആയുള്ള സൗഹൃദം ആരംഭിക്കുന്നത്. റെജികുമാർ എന്നയാളാണ് പരിചയപെടുത്തിയത്.
1995 ൽ ശാസ്താ ഹോട്ടൽ എന്ന പേരിൽ ഹോട്ടൽ തുടങ്ങിയ ചന്ദ്രൻ തികഞ്ഞ ഒരു അയ്യപ്പഭക്തനാണ്. എല്ലാ വർഷവും ശബരിമലയിൽ പോകും. കഴിഞ്ഞ സെപ്റ്റംബറിലും ജയറാം എത്തിയിരുന്നു. ഇത്തവണ കൂടുതൽ സിനിമ താരങ്ങളുമായി എത്തിയപ്പോൾ ശരിക്കും ഞെട്ടി പോയതായും ചന്ദ്രൻ ചേട്ടൻ പറഞ്ഞു.
എല്ലാവരും ഒപ്പം നിന്ന് ഫോട്ടോ എടുത്തു. എരുമേലി കുറുവമുഴിയിലെ ശാസ്താ ഹോട്ടലിലെ രുചി തമിഴ് സിനിമാ താരങ്ങൾക്കിടയിലും പ്രിയമായി മാറിയിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ