ശബരിമല: പതിനെട്ടുമലകളിലും പ്രതിധ്വനിച്ച ശരണമന്ത്രങ്ങളുടെ അകമ്പടിയിൽ പതിനായിരക്കണക്കിനു തൊഴുകൈകളെയും നിറമിഴികളെയും സാക്ഷിയാക്കി പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങൾക്കു ജന്മസാഫല്യം. ഇടതടവില്ലാതെ മുഴങ്ങിയ ശരണം വിളികളുടെ ഇടവേളകളിൽ രണ്ട് തവണകൂടി ജ്യോതി മിന്നിത്തെളിഞ്ഞു. ആകാശത്ത് മകരനക്ഷത്രവും ദൃശ്യമായി. ദിവസങ്ങളായി ഈ മുഹൂർത്തത്തിന് കാത്തിരുന്ന പതിനായിരങ്ങളുടെ ശരണമന്ത്രങ്ങൾ പൂങ്കാവനത്തിലൊന്നാകെ പ്രതിധ്വനിച്ചു. ദർശനപുണ്യം നേടി മനംനിറഞ്ഞ് ഭക്തർ മല ഇറങ്ങി.

വ്രതനിഷ്ഠയിൽ തപം ചെയ്ത മനസ്സുമായി കാതങ്ങൾ താണ്ടി അയ്യപ്പനെ കാണാൻ മലകയറി വന്ന സ്വാമിമാരുടെ കണ്ഠങ്ങളിൽ ഒരേ സ്വരത്തിൽ ഒറ്റപ്രാർത്ഥന മാത്രം സ്വാമിയേ ശരണമയ്യപ്പ..! നെയ്യും കർപ്പൂരവും സുഗന്ധമായി വീശിയടിച്ചപ്പോൾ, ശരണംവിളിയുടെ അലകളിൽ ശബരിമല ഭക്തിയുടെ കൊടുമുടിയായി.

ശ്രീകോവിലിൽ തിരുവാഭരണ വിഭൂഷിതനായ ശബരീശന് ദീപാരാധന നടന്നശേഷം, സന്ധ്യയ്ക്കു 6.46നാണ് കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി ആദ്യം തെളിഞ്ഞത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ രണ്ടുതവണ കൂടി ജ്യോതി മിന്നിത്തെളിഞ്ഞതോടെ പൂങ്കാവനം ഭക്തിപാരവശ്യത്തിലേറി. ശരണപാതകൾ പിന്നിട്ട് തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെയാണു സോപാനത്തിലെത്തിയത്. തിരുവാഭരണം ചാർത്തി ദീപാരാധന നടന്നപ്പോൾ സന്നിധാനം ഭക്തിയുടെ പാരമ്യത്തിലായി. പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞപ്പോൾ ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ശരണംവിളി അയ്യനുള്ള ആരതിയായി.

വൈകിട്ട് 5ന് നടതുറക്കുന്നതിനു മുൻപേ തീർത്ഥാടകർ സന്നിധാനത്തും പരിസരത്തും തിങ്ങിനിറഞ്ഞിരുന്നു. രണ്ടു ദിവസം മുൻപ് പന്തളത്തുനിന്നു കാൽനടയായി ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര ഇതിനിടെ ശരംകുത്തിയിലെത്തി. ഉച്ചയ്ക്ക് വലിയാനവട്ടത്തുകൊണ്ടുവന്ന തിരുവാഭരണങ്ങൾ ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ശരംകുത്തിയിലെത്തിച്ചത്. തുടർന്ന് തിരുവാഭരണം സ്വീകരിക്കാൻ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയും ചേർന്നു ദേവസ്വം അധികൃതരെയും അയ്യപ്പസേവാസംഘം പ്രവർത്തകരെയും ശരംകുത്തിയിലേക്കു യാത്രയാക്കി.

പതിനെട്ടാംപടി കടന്നെത്തിയ തിരുവാഭരണം മന്ത്രി കെ.രാധാകൃഷ്ണന്റെയും ദേവസ്വം ബോർഡ് അധികൃതരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. കൊടിപ്പെട്ടിയും കലശക്കുടവും മാളികപ്പുറത്തേക്കും കൊണ്ടുപോയി. സോപാനത്തുനിന്നു തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങൾ ശ്രീകോവിലിലേക്കു കൊണ്ടുപോയി. ശേഷം തിരുവാഭരണങ്ങൾ ചാർത്തി കൂടുതൽ ശോഭയോടെ വിളങ്ങുന്ന അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന.

സമയം 6.46. ഇരുളിനെയും മഞ്ഞിനെയും ഭേദിച്ച്, ഭക്തരുടെ മനസ്സിൽ പുണ്യപ്രഭ പകർന്ന് മകരജ്യോതി മിന്നിത്തെളിഞ്ഞു. തെളിമ പകർന്ന മകരവിളക്കിനു മുന്നിൽ ഭക്തർ കർപ്പൂര ആരതിയുഴിഞ്ഞു. ഭക്തലക്ഷങ്ങൾക്കു ദർശന സുകൃതത്തിന്റെ പുണ്യവുമായി ശബരിമലയിൽ മകരവിളക്ക്. തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോഴും കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കുമ്പോഴും ജ്യോതി തെളിയുമ്പോഴും തീർത്ഥാടകർക്കു ഭക്തി പകരുന്ന കുളിരാണ്.

മകരവിളക്ക് തെളിഞ്ഞതിന് പിന്നാലേ മകരസംക്രമപൂജയ്ക്ക് ഒരുക്കമായി. സൂര്യൻ ധനുരാശിയിൽനിന്ന് മകരം രാശിയിലേക്കുകടന്ന രാത്രി 8.45-ന് മകരസംക്രമപൂജ നടന്നു. കവടിയാർ കൊട്ടാരത്തിൽനിന്ന് കൊടുത്തുവിട്ട നെയ്യ്തേങ്ങയിലെ നെയ്യ് ഉപയോഗിച്ചായിരുന്നു ഭഗവാന് അഭിഷേകം. ദീപാരാധനയ്ക്കുശേഷം മാളികപ്പുറത്തെ മണിമണ്ഡപത്തിൽ അയ്യപ്പന്റെ ബാലകരൂപം കളം എഴുതി.

രാത്രി പത്തുമണിയോടെ മണിമണ്ഡപത്തിൽനിന്നുള്ള അയ്യപ്പന്റെ എഴുന്നള്ളത്ത് ആരംഭിച്ചു. പന്തളം കൊട്ടാരത്തിൽനിന്ന് കൊണ്ടുവന്ന കൊടിപ്പെട്ടിയിലെ കൊമ്പൻ മീശയുള്ള അയ്യപ്പന്റെ തിടമ്പാണ് ആഘോഷപൂർവം പതിനെട്ടാംപടിയിലേക്ക് എഴുന്നള്ളിച്ചത്.

പതിനെട്ടാംപടിയിലെത്തി നിലപാടുനിന്ന് ശേഷം നായാട്ടുവിളി നടന്നു. പിന്നീട് എഴുന്നള്ളത്ത് സന്നിധാനം വലംവെച്ച് മണിമണ്ഡപത്തിൽ തിരികെ എത്തി കേശാദിപാദം പാടി കളം മായിച്ചു. രാത്രി 11-ന് ഹരിവരാസനം പാടി നട അടച്ചപ്പോഴും തീർത്ഥാടകർ എത്തിക്കൊണ്ടിരുന്നു.

പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും മകരവിളക്കിന്റെ പുണ്യം. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞിരുന്നു. സന്നിധാനത്തും പരിസരത്തുംമാത്രം ഒരു ലക്ഷത്തിലേറെപ്പേർ തമ്പടിച്ചിരുന്നു. അടുത്ത മകരവിളക്കിന് വീണ്ടുമെത്താമെന്ന പ്രതീക്ഷയോടെ മലയിറങ്ങിത്തുടങ്ങി. 17ന് രാത്രി വരെ തിരുവാഭരണം ചാർത്തിയുള്ള ദർശനം ലഭിക്കും. 18ന് കളഭാഭിഷേകം. തീർത്ഥാടനത്തിന് സമാപനം കുറിച്ച് 19ന് രാത്രി ഗുരുതി. തീർത്ഥാടകർക്ക് 19 വരെയാണ് ദർശന സൗകര്യം ഒരുക്കിയിട്ടുള്ളത്. 20ന് രാവിലെ 6.30ന് നട അടയ്ക്കുന്നതോടെ ഈ തീർത്ഥാടനകാലത്തിനു സമാപനമാകും.