ന്യൂഡൽഹി: സഭാസ്വത്തു വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന് ഉത്തരവിട്ടു ഹൈക്കോടതി സ്വീകരിച്ച തുടർനടപടികൾ ലക്ഷ്മണരേഖ കടന്നുള്ളതാണെന്നു സുപ്രീം കോടതി വിമർശനം താൽകാലികമായി ആശ്വാസമാകുന്നത് കേരളത്തിലെ സഭകൾക്ക്. ഹൈക്കോടതി നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതി, സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഹർജികൾ വിധി പറയാനായി മാറ്റി.

കേന്ദ്രസർക്കാരിനോടും മറ്റും തുടർനടപടിക്കു നിർദേശിച്ച ഹൈക്കോടതിയുടെ നടപടിയിലും ജഡ്ജിമാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ച് ആശ്ചര്യം അറിയിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിലെ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു സഭാസ്വത്തു വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി വിധി. എന്നാൽ, ക്രിമിനൽ കേസ് പരിഗണിക്കുന്നതിനിടെ സിവിൽ അവകാശം സംബന്ധിച്ച ഹൈക്കോടതിയുടെ പരാമർശത്തിൽ കോടതി സംശയമുന്നയിച്ചു. ഇത് നിയമപരമല്ലെന്നാണ് വിലയിരുത്തൽ.

കേസിൽ കക്ഷിചേരാനുള്ള അപേക്ഷകൾ സുപ്രീംകോടതി തള്ളി. പരാതിക്കാരിൽ ഒരാളായ ഷൈൻ വർഗീസും കേരള കാത്തലിക് ചർച്ച് റിഫോംസ് മൂവ്‌മെന്റുമായിരുന്നു അപേക്ഷ നൽകിയിരുന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാളിനെതിരായ വിധിയിലെ ഭാഗങ്ങൾ റദ്ദാക്കരുതെന്നു ഷൈൻ വർഗീസിനു വേണ്ടി വി.ഗിരിയും രാകേന്ദ് ബസന്തും വാദിച്ചു. കേസ് അവസാനിപ്പിക്കാൻ നൽകിയ റിപ്പോർട്ടിനെതിരെ വിചാരണക്കോടതിയെ സമീപിക്കാൻ അനുവദിക്കണമെന്ന ഇവരുടെ ആവശ്യം അംഗീകരിച്ചു. എന്നാൽ മറ്റ് നിരീക്ഷണങ്ങൾ കർദ്ദിനാളിന് അനുകൂലമാണ്. അന്തിമ വിധിയാകും ഇനി നിർണ്ണായകം.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകാതിരുന്നതിൽ സുപ്രീം കോടതി അതൃപ്തിയറിയിച്ചു. കോടതി ആവശ്യപ്പെട്ട ദിവസങ്ങളിൽ ചില അസൗകര്യമുണ്ടായിരുന്നതിനാലാണു ഹാജരാകാതിരുന്നതെന്നു കർദിനാളിനു വേണ്ടി അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര കോടതിയെ അറിയിച്ചു. സഭാസ്വത്ത് പൊതുട്രസ്റ്റാണെന്ന ഹൈക്കോടതി വിധിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയെങ്കിലും സർക്കാർ പ്രത്യേക നിലപാടു സ്വീകരിച്ചില്ല. ക്രിമിനൽ കേസ് റദ്ദാക്കാനുള്ള ഹർജിയിൽ ഹൈക്കോടതി ഈ വിഷയം പരിഗണിച്ചതു സാങ്കേതികമായി ശരിയല്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്.

കത്തോലിക്കാ പള്ളികൾക്ക് കാനോനിക നിയമമാണു ബാധകമെന്നും അതേസമയം, സഭയുടെ സ്ഥാപനങ്ങൾ രാജ്യത്തു നിലനിൽക്കുന്ന നിയമപ്രകാരമാണു പ്രവർത്തിക്കുന്നതെന്നും ബത്തേരി, താമരശ്ശേരി രൂപതകളും ചൂണ്ടിക്കാട്ടി. പള്ളി ഭൂമികൾ പൊതു ട്രസ്റ്റിന്റെ ഭാഗമായിവരുമെന്നും സിവിൽ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നുമുള്ള ഹൈക്കോടതി നിലപാടിനെ സംബന്ധിച്ച് സംസ്ഥാന സർക്കാർ അഭിഭാഷകരോട് കോടതി നിലപാട് ആരാഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടില്ലെന്നും അതിനാൽ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.

കർദിനാളിനെതിരായ ഒരു പരാതി സർക്കാർ അന്വേഷണം നടത്തി അവസാനിപ്പിച്ചു. സർക്കാർ ഭൂമിയാണ് വിറ്റത് എന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തി. നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. കോടതി ആവശ്യപ്പെട്ടാൽ ഇനിയും അന്വേഷിക്കാമെന്ന് സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും കോടതിയെ അറിയിച്ചു. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിനെ ന്യായീകരിച്ച് പരാതിക്കാരനായ ജോഷി വർഗീസിന്റെ സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്. നിയമവിരുദ്ധമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതിനാലാകാം ഹൈക്കോടതി ഇത്തരമൊരു നിർദ്ദേശം നൽകിയതെന്ന് മുത്തുരാജ് വാദിച്ചു.

പരാതിയിൽ പറയുന്ന ആരോപണങ്ങൾ ഒരു കോടതിയിലും കർദിനാൾ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. സീനിയർ അഭിഭാഷകനായ ജയന്ത് മുത്തുരാജിനുപുറമേ അഭിഭാഷക മീന പൗലോസും ജോഷി വർഗീസിനുവേണ്ടി ഹാജരായി. ക്രിമിനൽ നടപടി ചട്ടത്തിലെ 482-ാം വകുപ്പുപ്രകാരം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ ഫയൽചെയ്ത ഹർജിയിൽ പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി നിർദേശിച്ചതിനെയാണ് സുപ്രീംകോടതി വിമർശിച്ചത്. ഇക്കാര്യത്തത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്ന ഹൈക്കോടതി ലക്ഷ്മണ രേഖ കടന്നതായി ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.