- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസെന്റ് നിക്ഷേപ സംഗമം വഴി ഒരു രൂപയുടെ നിക്ഷേപം പോലും കേരളത്തിൽ എത്തിയില്ല; ഒരു മെയിൽ കൊടുത്തത് അല്ലാതെ അബുദാബി നിക്ഷേപവും വന്നില്ല; ആഗോള നിക്ഷേപ സംഗമത്തിന്റെ പേരിൽ കോടികൾ പൊടിച്ചത് മാത്രം മിച്ചം; 'ഒരു ലക്ഷം കോടി നിക്ഷേപ'ത്തിലെ കള്ളം പൊളിച്ച് സാബു ജേക്കബ്
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറിന് തുടർഭരണം ലഭിക്കുന്നതിൽ പബ്ലിക് റിലേഷനുള്ള ബന്ധം അധികമാരും തള്ളിക്കളയാൻ ഇടയില്ല. കേരളത്തിൽ തേനും പാലും ഒഴുക്കുമെന്ന വിധത്തിലുള്ള വാഗ്ദാനങ്ങളായിരുന്നു അന്നത്തെ സർക്കാർ നൽകിയിരുന്നത്. അന്ന് തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് കേരളം നിക്ഷേപ സൗഹൃദമെന്ന് വരുത്താൻ വേണ്ടിയുള്ള പരിശ്രമങ്ങളും വലിയ തോതിൽ നടന്നു. കൊച്ചിയിൽ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമം വഴി ഒരു ലക്ഷം കോടിയുടെ നിക്ഷേപം കേരളത്തിൽ വന്നുവെന്നാണ് അന്ന് സർക്കാർ വലിയ തോതിൽ അവകാശപ്പെട്ടിരുന്നത്. ദേശാഭിമാനിയിൽ അടക്കം വലിയ വാർത്തകളും നൽകി.
എന്നാൽ, രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിതോട അസെന്റ് നിക്ഷേപ സംഗമത്തെ കുറിച്ച് ഒന്നും മിണ്ടാത്ത അവസ്ഥയാണ്. അന്നത്തെ സർക്കാറിന്റെ അവകാശവാദങ്ങളുടെ തുടർച്ചയെന്ന നിലയിലാണ് പിന്നീട് വന്ന മന്ത്രി പി രാജീവും ഒരുലക്ഷം സംരംഭം പദ്ധതിയുമായി രംഗത്തുവന്നത്. ഈ പദ്ധതിയിലെ കള്ളം പൊളിയുകയും ചെയ്തു. അതേസമയം അസെന്റ നിക്ഷേപ സംഗമത്തിൽ നടന്നത് കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും ഒരു രൂപയുടെ നിക്ഷേപം പോലും ഈ നിക്ഷേപ സംഗമം വഴി ഉണ്ടായിട്ടില്ലെന്നാണ് അന്ന് നിക്ഷേപ സംഗമത്തിൽ സർക്കാറിന് കൈകൊടുത്തു പ്രവർത്തിച്ച കിറ്റെക്‌സ് എം ഡി സാബു ജേക്കബ് വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ വിനു വി ജോൺ നയിച്ച ചർച്ചയിലാണ് കൊച്ചിയിൽ 2020 ജനുവരിയിൽ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തെ കുറിച്ച് സാബു വെളിപ്പെടുത്തിയത്. അസെന്റ് നിക്ഷേപ സംഗമം വഴി ഒരു രൂപയുടെ നിക്ഷേപം പോലും കേരളത്തിൽ എത്തിയിട്ടില്ലെന്നാണ് സാബു ജേക്കബ്് പറഞ്ഞത്. ഈ നിക്ഷേപ സംഗമത്തിൽ നടന്നത് അപേക്ഷ പൂരിപ്പിക്കൽ മാത്രമാണ്. ആദ്യം പതിനായിരം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട പദ്ധതിയിൽ പിന്നീട് ഒരു ലക്ഷം നിക്ഷേപമെന്ന് വരുത്താൻ ശ്രമം നടന്നതായും സാബു പറഞ്ഞു. ഖജനാവിൽ നിന്നും കോടികൾ പൊടിച്ചത് അല്ലാതെ യാതൊരു ഗുണവും ഈ പദ്ധതി വഴി ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമക്കി.
സാബു ജേക്കബിന്റെ വാക്കുകൾ ഇങ്ങനെ:
' അസെന്റിന്റെ അസെന്റ് ആഗോള നിക്ഷേപക സംഗമത്തിന്റെ രഹസ്യങ്ങളെല്ലാം തനിക്കറിയാം. അതിന്റെ ആദ്യ ഘട്ടം മുതൽ എല്ലാ ഘട്ടത്തിലും ഞാൻ ഉണ്ടായിരുന്നു. അങ്ങനെ അവിടെ ഇൻവെസ്റ്റ് മെന്റ ്തുടങ്ങുന്നു. ഈ നിക്ഷേപ സംഗമത്തിന്റെ ആദ്യത്തെ ലക്ഷ്യം പതിനായിരം കോടി രൂപയായിരുന്നു. സംഗമത്തിന്റെ ആദ്യത്തെ ദിവസം സംരംഭകർക്ക് ആപ്ലിക്കേഷൻ കൊടുക്കുന്നു. എന്നാൽ ആരും അത് പൂരിപ്പിച്ചു കൊടുക്കാൻ തയ്യാറായില്ല. അങ്ങനെ ഉദ്യോഗസ്ഥർ നെട്ടോട്ടമോടുന്നു അവസ്ഥയാണ് ഉണ്ടായത്. എന്നോടും അവർ ചോദിച്ചു എന്തു ചെയ്യും?
ഞാൻ പല സുഹൃത്തുക്കളെയും കൺവിൻസ് ചെയ്തു. എന്റെ 3000 കോടി കൂടാതെ താനുമായു ബന്ധമുള്ളവരുടെ 17000 കോടി രൂപയുടെ നിക്ഷേപം ഞാൻ തന്നയൊണ് ഫിൽ ചെയ്ത്, ആ ഫോമുകൾ അവിടെ കൊടുത്തത്. ആ വിദ്യ അവർ മനസിലാക്കിയതോടെ ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നവരെ കൊണ്ട് ഫിൽ ചെയ്യിച്ച് അമ്പതിനായിരം കോടിയുടെ നിക്ഷേപമാക്കി മാറ്റി. ഇതോടെ പതിനായിരം ലക്ഷ്യമിട്ടിടത്ത് അത്യാഗ്രഹത്തോടെ ഒരു ലക്ഷം ആക്കണമെന്നായി. അവസാന നിമിഷം അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോരിറ്റിയുമായി ബന്ധപ്പെട്ട് ഒരു ഫാക്‌സ് സന്ദേശം എഴുതി വാങ്ങി. അങ്ങനെയാണ് അബുദാബി ഇൻവെസ്റ്റ് മെന്റ് വന്നത്.
അവിടെ നടന്നതെല്ലാം ശുദ്ധ കള്ളങ്ങളാണ്. ഞാൻ അതിലെ കാര്യങ്ങളെല്ലാം മനസ്സിലാക്കിയതാണ്. അങ്ങനെ ഒരു ലക്ഷം കോടിയെന്ന വാഗ്ദാനം അവിടെ കൊടുത്തു. അതിൽ ഒരു ലക്ഷം രൂപ പോലും നിക്ഷേപം വന്നില്ല. ഒരു മെയിൽ കൊടുത്തത് അല്ലാതെ അബുദാബി നിക്ഷേപമൊന്നും എത്തിയില്ല. അപ്പോൾ ഇതുപോലുള്ള വലിയ തട്ടിപ്പാണ് നടക്കുന്നത്. ഇതിനായി കോടികളാണ് ഇവർ പൊട്ടിക്കുന്നത്. ഡൽഹി, ബോംബെ, ചെന്നെ, ബംഗളുരൂ തുടങ്ങിയ നഗരങ്ങളിൽ റോഡ് ഷോ നടത്തി. അതിനായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയത്''.
സാബുവിന്റൈ വെളിപ്പെടുത്തലോടെ അസെന്റ് നിക്ഷേപ സംഗമത്തിന്റെ പൊള്ളത്തരങ്ങൾ കൂടിയാണ് ചർച്ചയാകുന്നത്. 2020 ജനുവരിയിൽ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തിൽ സർക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും കിറ്റെക്സ് പിന്മാറിയിരുന്നു. ഒരു അപ്പാരൽ പാർക്കും കൊച്ചി , തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ 600 ഓളം പുതുസംരംഭകർക്ക് അവസരമൊരുക്കുന്ന വ്യവസായ പാർക്കും നിർമ്മിക്കാനുമുള്ള ധാരണാ പത്രത്തിൽ നിന്നാണ് പിന്മാറുന്നത്. 20000പേർക്ക് തൊഴിൽ ലഭിക്കുന്ന അപ്പാരൽ പാർക്കും തിരുവനന്തപുരത്തും എറണാകുളത്തും പാലക്കാടും ആയി 5000 പേർക്ക് വീതം തൊഴിൽ ലഭിക്കുന്ന 3 ഇൻഡസ്ട്രിയൽ പാർക്കും അടക്കം 35000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയുടെ ധാരണാ പത്രമാണ് അന്ന് ഒപ്പിട്ടത്.
ഇതനുസരിച്ചുള്ള തുടർ നടപടികൾക്കും തുടക്കമിട്ടിരുന്നു. അപ്പാരൽ പാർക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രൊജക്റ്റ് റിപ്പോർട്ടും മറ്റ് തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിലും വലിയ മുതൽ മുടക്കുള്ള നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയതുമാണ്. 2025 ഓടെ പദ്ധതി പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പിന്നീട് സർക്കാറുമായി ഉടക്കു വന്നതോടെ കിറ്റെക്‌സ് തെലുങ്കാനയിലേക്ക് നിക്ഷേപം പറിച്ചു നടുകയാണ് ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ