- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും; എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം; സിസ്റ്റർ ലിനിയുടെ ഭർത്താവും മക്കളും പുതിയ ജീവിതത്തിലേക്ക്; സജീഷ് വിവാഹിതനാകുന്നു; കൊയിലാണ്ടി സ്വദേശിനിയുമായുള്ള വിവാഹം ഈമാസം 29ന്
കോഴിക്കോട്: നിപാ വൈറസ് കാലത്ത് മലയാളികളുടെ മനസിൽ വിങ്ങലായി കടന്നു പോയ വ്യക്തിത്വമാണ് സിസ്റ്റർ ലിനിയുടേത്. മക്കളെയും ഭർത്താവിനെയും തനിച്ചാക്കി ലിനിയെ നിപ വൈറസ് കൊണ്ടുപോയപ്പോൾ കേരളം ഒറ്റക്കെട്ടായി ലിനിയുടെ കുടുംബത്തിനൊപ്പം നിന്നു. പിന്നീട് ഇടയ്ക്കിടെ ലിനിയെ മലയാളികൾ ഓർത്തെടുത്തു. ഇപ്പോൾ ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനാകുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെ സജീഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ഓഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം'- സജീഷ് ഫേസ്ബുക്കിൽ കുറിച്ചു. കൊയിലണ്ടി സ്വദേശിനി പ്രതിഭയാണ് വധു.
നിപായ്ക്കെതിരെ പോരാടി മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന സിസ്റ്റർ ലിനി ഇന്നും കേരള സമൂഹത്തിന്റെ നൊമ്പരമാണ്. നിപാ ബാധിതരെ മറ്റൊന്നും നോക്കാതെ ശുശ്രൂച്ചാണ് ലിനി മരണത്തിലേക്ക് പോയത്. അന്ന് ആശുപത്രികിടക്കയിൽ കിടന്നുകൊണ്ട് ലിനി എഴുതിയ കത്ത് അന്ന് ഏറെ ഹൃദയസ്പർശിയായിരുന്നു. 'സജീഷേട്ടാ, ഞാൻ പോകുകയാണ്, നമ്മുടെ മക്കളെ നന്നായി നോക്കണേ'- എന്നായിരുന്നു ലിനി കുറിച്ചത്. ലിനി മരിക്കുമ്പോൾ ഗൾഫിലായിരുന്ന സജീഷ് ഉടൻതന്നെ നാട്ടിലെത്തി. സജീഷിന് പിന്നീട് സർക്കാർ ജോലി നൽകുകയും ചെയ്തു.
ആരോഗ്യപ്രവർത്തകർക്ക് ആകെ മാതൃകയായ വ്യക്തിത്വമായിരുന്നു സിസ്റ്റർ ലിനിയുടേതെന്്നാണ് മലയാളികൾ കരുതി പോന്നത്. മലയാളികൾ ഏറെ സ്നേഹത്തോടെയും ആദരവോടെയുമാണ് സിസ്റ്റർ ലിനിയുടെ കുടുംബത്തെ കണ്ടിരുന്നത്. റിതുൽ, സിദ്ധാർത്ഥ് എന്നിവരാണ് സജീഷ്-ലിനി ദമ്പതികളുടെ മക്കൾ.
നിപ മഹാമാരിക്കെതിരെ പോരാടി സിസ്റ്റർ ലിനി വിടവാങ്ങിയിട്ട് നാല് വർഷമായി. മക്കളുടെ കാര്യം നോക്കാൻ ഒരാൾ വേണമെന്ന ബോധ്യത്തെത്തുടർന്നാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് സജീഷുമായി അടുപ്പമുള്ളവർ പറയുന്നു. ലോകനാർ കാവിൽ വെച്ച് ഈമാസം 29നാണ് വിവാഹം. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുന്നത്. ഉറ്റബന്ധുക്കൾക്ക് പുറമെ അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുക്കും.
വിവാഹവാർത്ത പങ്കിട്ട സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം ഇങ്ങനെ: പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ഓഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്നേഹത്തോടെ സജീഷ്, റിതുൽ, സിദ്ധാർത്ഥ്, പ്രതിഭ, ദേവ പ്രിയ
മറുനാടന് മലയാളി ബ്യൂറോ