- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ മന്ദിരങ്ങൾ ഹൗസ് ഫുൾ; നികുതി കൊള്ളക്കിടയിൽ മന്ത്രി സജി ചെറിയാന് ആഡംബര വസതി; പ്രതിമാസ വാടക 85000 രൂപ; ഒരു വർഷം വാടക മാത്രം 10.20 ലക്ഷം; മന്ത്രി എത്തും മുമ്പേ മോടിപിടിപ്പിക്കലിനും ലക്ഷങ്ങൾ പൊടിക്കും; ചീഫ് വിപ്പും താമസിക്കുന്നത് 45000 രൂപ പ്രതിമാസ വാടകയ്ക്ക്
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡൻസ് അസോസിയേഷനിലെ 392 ആം നമ്പർ ആഡംബര വസതിയാണ് സജി ചെറിയാന്റെ താമസത്തിനായി സർക്കാർ വാടകക്ക് എടുത്തത്. 85000 രൂപയാണ് ആഡംബര വസതിയുടെ പ്രതിമാസ വാടക.
ഇതിന് പുറമേയാണ് കറന്റ് ചാർജ്, വാട്ടർ ചാർജ് എന്നിവ. വാടക വീടിന്റെ മോടി പിടിപ്പിക്കൽ ടൂറിസം വകുപ്പ് ഉടൻ നടത്തും. ലക്ഷങ്ങൾ ആകും ഇതിന്റെ ചെലവ്. ഔട്ട് ഹൗസ് ഉൾപ്പെടെ വിശാല സൗകര്യമുള്ള വസതിയാണിത്. ഒരു വർഷം വാടക മാത്രം 10.20 ലക്ഷം ആകും. ഔദ്യോഗിക വസതിയായി സർക്കാർ മന്ദിരങ്ങൾ ഒഴിവ് ഇല്ലാത്തതു കൊണ്ടാണ് വാടകക്ക് വീട് എടുത്തതെന്നാണ് സർക്കാർ വിശദീകരണം.
ചീഫ് വിപ്പിന് ഔദ്യോഗിക വസതിയായി നൽകിയതും വാടക വീടാണ്. 45000 രൂപയായിരുന്നു അതിന്റെ പ്രതിമാസ വാടക. കവടിയാറിലാണ് ചീഫ് വിപ്പ് താമസിക്കുന്നത്. ഇന്ധന സെസ് ഉൾപ്പെടെ നികുതി കൊള്ളയിൽ ജനങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് 85000 രൂപ പ്രതിമാസ വാടക ഉള്ള ആഡംബര വസതി സജി ചെറിയാനു വേണ്ടി സർക്കാർ നൽകുന്നതെന്നതാണ് വിരോധാഭാസം. വഞ്ചിയൂരിൽ താമസിക്കുന്ന വർഷ ചിത്ര എന്ന സത്രീയുടേതാണ് ഈ ആഡംബര വസതി.
ഭരണഘടനാ വിരുദ്ധ പ്രസംഗത്തെത്തുടർന്ന് രാജി വയ്ക്കുന്നതിന് മുമ്പ് കവടിയാറിൽ ആയിരുന്നു സജി ചെറിയാന്റെ ഔദ്യോഗിക വസതി. ഇത് പിന്നീട് മന്ത്രി വി.അബ്ദുറഹിമാന് നൽകി. തുടർന്നാണ് ഇപ്പോൾ മന്ത്രി വസതികളൊന്നും ഒഴിവില്ലാത്തതിനാൽ വീട് വാടകയ്ക്കെടുത്തിരിക്കുന്നത്.
സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ നമ്പർ എട്ടാണ്. നേരത്തെ ഉപയോഗിച്ച നമ്പരാണ് വീണ്ടും ലഭിച്ചിരിക്കുന്നത്. ആദ്യം മന്ത്രിയായിരുന്നപ്പോൾ ഉണ്ടായിരുന്ന അനക്‌സ് ഒന്നിലെ നാലാം നിലയിലുള്ള മുറിയാണ് ഓഫിസായി അനുവദിച്ചിരിക്കുന്നത്.
പത്തനംതിട്ട മല്ലപ്പള്ളിയിലെ പാർട്ടി പരിപാടിയിൽ ഭരണഘടനയെ വിമർശിച്ചതിനെ തുടർന്നാണ് സജി ചെറിയാന് രാജി വയ്‌ക്കേണ്ടിവന്നത്. 182 ദിവസത്തിനു ശേഷമാണ് അദ്ദേഹം മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ