തിരുവനന്തപുരം: സജി ചെറിയാൻ ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. ഹൈക്കോടതിയിലെ ഗവർണറുടെ അഭിഭാഷകനോട് ആണ് നിയമോപദേശം ചോദിച്ചത്. മന്ത്രിസഭാ പുനഃപ്രവേശനം നിയമപരമാണോയെന്ന് പരിശോധിക്കും.

ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്തണം എന്നായിരുന്നു സർക്കാരിന്റെ ശുപാർശ. നാലാം തീയതി സത്യപ്രതിജ്ഞയ്ക്ക് സമയം ചോദിച്ച് സർക്കാർ ഗവർണർക്ക് കത്തു നൽകിയിരുന്നു. സജി ചെറിയാനെതിരെ ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച് തിരുവല്ല കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ജൂലൈ ആറിനാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ ഏകകണ്ഠമായി തീരുമാനിച്ചത്.

സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്ന കാര്യം സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടേയും ഗവർണറുടേയും സൗകര്യമനുസരിച്ച് ഉടൻ തന്നെ സത്യപ്രതിജ്ഞയുണ്ടാവുമെന്ന് എം വി ഗോവിന്ദൻ അറിയിച്ചു. അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കാര്യത്തിൽ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സജി ചെറിയാൻ നോക്കിയിരുന്ന സാംസ്‌കാരികം അടക്കമുള്ള വകുപ്പുകളും മടക്കി നൽകും.

പ്രസംഗം ഭരണഘടനയോടുള്ള വെല്ലുവിളിയാണോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. കോടതിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും വന്നുകഴിഞ്ഞു. ഭരണഘടനയോടുള്ള വെല്ലുവിളിയില്ലെന്ന് കോടതി തീരുമാനിച്ചുകഴിഞ്ഞു. രമേശ് ചെന്നിത്തലയ്‌ക്കോ മറ്റേതെങ്കിലും കോൺഗ്രസ് നേതാക്കൾക്കോ ഇതുമായി ബന്ധപ്പെട്ട് യാതൊരു സംശയവും ഉണ്ടാവേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചുകൊണ്ടുവരുന്നത് നീതീകരിക്കാനാവില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ ഏത് കാര്യത്തിനാണ് തെളിവ് കിട്ടുന്നതെന്ന് ചോദിച്ച ചെന്നിത്തല സജി ചെറിയാനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് ധാർമ്മികമായി ശരിയല്ല എന്നാണ് തങ്ങളുടെ നിലപാടെന്നും വ്യക്തമാക്കിയിരുന്നു.

ഇതിനോട് പ്രതികരിച്ച എം വി ഗോവിന്ദൻ, പ്രതിപക്ഷത്തിന്റെ രീതികളെല്ലാം നെഗറ്റീവാണെന്ന് ആരോപിച്ചിരുന്നു. അവർ നീതീകരിച്ചാൽ കാര്യം പോയില്ലേയെന്ന് ചോദിച്ച അദ്ദേഹം നെഗറ്റീവ് ചിന്തകൾക്കൊന്നും മറുപടി പറയേണ്ട കാര്യമില്ലെന്നും അഭിപ്രായപ്പെട്ടു. സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാലാം തീയതി നടത്താനാണ് തീരുമാനം.. ഇതു സംബന്ധിച്ച് സർക്കാർ തീരുമാനം ഉണ്ടായതായാണ് ലഭിക്കുന്ന വിവരം. സത്യപ്രതിജ്ഞാ തീയതി സംബന്ധിച്ച് രാജ്ഭവനെ സർക്കാർ അറിയിക്കും.

ജൂലൈ മൂന്നിനാണ് ഭരണഘടനയെ വിമർശിച്ച് സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ജൂലൈ ആറിന് രാജിവെച്ചു. കേസ് അന്വേഷിച്ച പൊലീസ് വക ക്ലീൻ ചിറ്റ് ലഭിച്ചു. ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അതുകൊണ്ട് സജി ചെറിയാനെതിരെ കേസ് നിലനിൽക്കില്ലെന്നും നിയമോപദേശം പൊലീസ് തിരുവല്ല കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് അവസാനിപ്പിക്കാൻ പൊലീസ് നൽകിയ അപേക്ഷയിൽ കോടതി തീരുമാനം ഔദ്യോഗികമായി വരാനുണ്ടെങ്കിലും അതിൽ മറ്റ് പ്രശ്നങ്ങളില്ലെന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സജി ചെറിയാന്റെ തിരിച്ച് വരവ്.

അതേസമയം, പൊലീസ് റിപ്പോർട്ട് റദ്ദാക്കി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബിജു നോയൽ ഹൈക്കോടതിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. പൊലീസ് അന്വേഷണം പ്രതിയെ രക്ഷിക്കാൻ വേണ്ടി നടത്തിയതാണെന്നും സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രിയായിരിക്കെ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിന് നിരവധി സാക്ഷികളുണ്ടായിട്ടും പൊലീസ് ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നു ഹർജിക്കാരൻ ആരോപിച്ചു