- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിഷറീസും സാംസ്കാരികവും യുവജനക്ഷേമവും മടക്കി നൽകിയേക്കും; നഷ്ടമാകുന്നത് പഴയ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസ് മാത്രം; വീണ്ടും മന്ത്രിയാകുന്നതിൽ സ്വാഭാവിക സന്തോഷം മാത്രമെന്ന് സജി ചെറിയാൻ; ഗവർണറുടെ വിയോജിപ്പിന് മറുപടിയില്ലെന്നും എംഎൽഎ; നാളത്തെ സത്യപ്രതിജ്ഞ ബഹിഷ്കരിക്കാൻ പ്രതിപക്ഷം
തിരുവനന്തപുരം: മന്ത്രിസഭയിലേക്കുള്ള പുനഃ പ്രവേശത്തിൽ സ്വാഭാവിക സന്തോഷം മാത്രമെന്ന് സജി ചെറിയാൻ എംഎൽഎ. മാറി നിന്ന കാലത്തും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിർവഹിച്ചിരുന്നു. ഗവർണറുടെ വിയോജിപ്പിന് മറുപടിയില്ലെന്നും രാഷ്ട്രീയ നേതൃത്വം മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവർണറുടെ തീരുമാനത്തെ പറ്റി ആശങ്കയുണ്ടായിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, തനിക്ക് ജീവിതത്തിൽ ആശങ്കയില്ലെന്നായിരുന്നു മറുപടി. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ രാജിവച്ച സജി ചെറിയാൻ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
സജി ചെറിയാൻ മുമ്പ് കൈയാളിയിരുന്ന ഫിഷറീസ്, സാംസ്‌കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകൾ തന്നെ തിരികെ നൽകിയേക്കും. ഫിഷറീസ് വകുപ്പിന്റെ ചുമതല വി.അബ്ദുറഹ്‌മാനും, സാംസ്‌കാരികം വി.എൻ.വാസവനും യുവജനക്ഷേമം പി.എ.മുഹമ്മദ് റിയാസിനുമാണ്. ഈ വകുപ്പുകൾ തന്നെ സജി ചെറിയാന് നൽകുമെന്നാണ് സൂചന.
അതേസമയം, ഔദ്യോഗിക വസതിയായിരുന്ന കവടിയാർ ഹൗസ് സജി ചെറിയാനു ലഭിക്കില്ല. വാടക വീട്ടിൽ താമസിച്ചിരുന്ന വി.അബ്ദുറഹ്‌മാനാണ് ഇപ്പോൾ ഇവിടത്തെ താമസക്കാരൻ. സജി ചെറിയാനായി വാടക വീട് കണ്ടെത്തേണ്ടിവരും. അനക്‌സ് വണ്ണിലായിരുന്നു മന്ത്രിയായിരിക്കെ സജി ചെറിയാന്റെ ഓഫീസ്. ഇവിടേക്ക് തന്നെയാവും സത്യപ്രതിജ്ഞ ചെയ്തശേഷം സജി ചെറിയാൻ ചുമതലയേൽക്കാൻ എത്തുക.
ഗവർണ്ണർ ചില വിയോജിപ്പുകൾ പ്രകടിപ്പിച്ചെങ്കിലും സത്യപ്രതിജ്ഞയ്ക്ക് സർക്കാറിന്റെ നിർദ്ദേശപ്രകാരമുള്ള തീയതിയിലും സമയത്തും ചടങ്ങ് നടത്താൻ രാജ്ഭവൻ അനുവാദം നൽകി. മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിക്കുകയായിരുന്നു. സജി ചെറിയാൻ തിരിച്ചെത്തുന്നതിൽ വിശദാംശങ്ങൾ ചോദിച്ച ശേഷം മാത്രം സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയാൽ മതിയെന്ന് നേരത്തെ ഗവർണർക്ക് നിയമോപദേശം ലഭിച്ചിരുന്നു. വിശദീകരണം ചോദിച്ച് സമയം കളഞ്ഞില്ലെന്നതാണ് വസ്തുത.
രാജ്ഭവനിലെ ഓഡിറ്റോറിയത്തിലായിരിക്കും സത്യപ്രതിജ്ഞ. മന്ത്രിയുടെ പ്രസ്താവനയുടെ പേരിൽ അയോഗ്യനാക്കണമെന്ന പരാതിയിൽ ഹൈക്കോടതി തീർപ്പ് കൽപ്പിച്ചു, മറ്റ് കേസുകൾ രൂക്ഷമായിട്ടുള്ളതല്ല എന്നതിനാലാണ് സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകിയിട്ടുള്ളത്. അറ്റോർണി ജനറൽ അടക്കമുള്ളവരുടെ നിയമോപദേശം ഗവർണർ തേടിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകുകയല്ലാതെ ഗവർണർക്ക് ഭരണഘടനാപരമായി മറ്റൊന്നും ചെയ്യാനില്ലെന്ന് ഉപദേശം ലഭിച്ചതായാണ് സൂചന. അങ്ങനെ സിപിഎമ്മിലെ സംഘടനാ കരുത്തൻ വീണ്ടു മന്ത്രിയാകുന്നു. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ നേടിയ വിജയുമായാണ് നിയമസഭയിൽ സജി ചെറിയാൻ എത്തിയത്. പിന്നീട് സുധാകരനെ തന്നെ വെട്ടി ആലപ്പുഴയിലെ നേതാവായി. അത്തരമൊരു നേതാവിനെയാണ് വീണ്ടും സിപിഎം മന്ത്രിയാക്കുന്നത്.
പ്രതിപക്ഷം ബഹിഷ്‌കരിക്കും
മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വി ഡി സതീശൻ. സജി ചെറിയാൻ രാജിവെച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വീണ്ടും മന്ത്രിയാവുന്നതിൽ ധാർമികമായ പ്രശ്നമുണ്ട്. വീണ്ടും മന്ത്രിയാവുന്നതിന്റെ യുക്തി എന്താണ്. സജി ചെറിയൻ വീണ്ടും മന്ത്രിയാകാൻ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
സജി ചെറിയാന്റെ പ്രസംഗത്തോട് പാർട്ടി യോജിക്കുന്നുണ്ടൊ എന്ന് വ്യക്തമാക്കണം. ഇപ്പോൾ നിലനിൽക്കുന്നത് അസാധാരണ സാഹചര്യമാണ്. പ്രതിപക്ഷം സംഭവത്തിൽ പ്രതിഷേധിക്കും. പ്രതിഷേധ രീതി തീരുമാനിക്കും. നിയമപരമായ വഴികൾ തേടും. മുഖ്യമന്ത്രിക്കും ഗവർണർക്കും ഇടയിൽ ഇടനിലക്കാരുണ്ട്. ഗവർണറും മുഖ്യമന്ത്രിയും ഒത്തുതീർപ്പാവുന്നത് ആദ്യമല്ല. ഇതൊക്കെ പല തവണ കണ്ടതാണെന്നും സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ