കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന 'അമ്മ'കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. നിർമ്മാതാവ് സോഫിയ പോളിന്റെ ആർഡിഎക്സ് എന്ന ചിത്രത്തിന്റെ സെറ്റിൽ പ്രശ്നമുണ്ടാക്കിയതിനാണ് ഷെയ്ൻ നിഗത്തെ വിലക്കിയത്. കുർബാനി ചിത്രത്തിന്റെ ഡബ്ബിങും പൂർത്തിയാക്കിയിട്ടില്ല. ഏറ്റവുമൊടുവിൽ, ഷെയിൻ തനിക്ക് എട്ടിന്റെ പണി തന്നുവെന്ന് നിർമ്മാതാവ് സജി നന്ത്യാത്ത് പറഞ്ഞു. തന്റെ യുടൂബ് ചാനലിലൂടെയാണ് സജിയുടെ വെളിപ്പെടുത്തൽ.

സജി നന്ത്യാത്തിന്റെ വാക്കുകൾ:

''ഷെയ്ൻ നിഗം എനിക്ക് എട്ടിന്റെ പണി തന്നു. ഈ സംഭവം പറയേണ്ടെന്ന് തീരുമാനിച്ച വിഷയമാണ്. അദ്ദേഹം കാരണം സാമ്പത്തികമായി എനിക്കുണ്ടായ നഷ്ടത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഒരു കഥയുമായി ലിജിൻ ജോസ് എന്ന സംവിധായകൻ എന്നെ സമീപിക്കുന്നു. അന്ന് സിനിമാ നിർമ്മാണത്തിൽ നിന്നും അൽപം ഇടവേള എടുത്തു നിൽക്കുന്ന സമയമാണ്. അങ്ങനെ ലിജിൻ കഥ പറഞ്ഞു, ഷെയ്ൻ നിഗത്തിന്റെ ഡേറ്റുണ്ടെന്നും ലൊക്കേഷൻ കാനഡയാണെന്നും എന്നോട് വിശദീകരിച്ചു. എന്നോടൊപ്പം ഈ പടം കോ പ്രൊഡ്യൂസ് ചെയ്യാൻ വന്ന മറ്റൊരു നിർമ്മാതാവാണ് സാന്ദ്ര തോമസ്.

അങ്ങനെ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനിടെ ലിജിൻ ജോസും ഞാനും ഷെയ്ൻ നിഗത്തെ കാണാൻ പോകുന്നു. 'വെയിൽ' എന്ന സിനിമയുടെ ഷൂട്ടിങ് സമയമാണത്. തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളുടെ മെൻസ് ഹോസ്റ്റലിലാണ് ഷൂട്ട് നടക്കുന്നത്. ഷൂട്ട് കഴിഞ്ഞ് സംസാരിക്കാമെന്ന് പറഞ്ഞ് രാത്രിവരെ വാഹനത്തിൽ വെയ്റ്റ് ചെയ്തു. രാത്രി ഷെയ്ൻ താമസിക്കുന്ന ഫ്‌ളാറ്റിൽ ചെന്നു. അവിടെ വച്ച് കഥയെല്ലാം എനിക്കറിയാം എന്ന് ഷെയ്ൻ എന്നോട് പറഞ്ഞു. രാത്രി പതിനൊന്നു മണിക്കാണ് സംഭവം. അഡ്വാൻസ് തന്നേക്കെന്ന് ഷെയ്ൻ പറഞ്ഞു. സാന്ദ്രയെ വിളിച്ച് ചോദിച്ചപ്പോൾ അഡ്വാൻസ് കൊടുത്തോളൂ എന്നും പറഞ്ഞു. പത്ത് ലക്ഷം രൂപയുടെ ചെക്ക് കൊടുത്തു. ചെക്കിലെഴുതാൻ ഔദ്യോഗിക പേരെന്താണെന്ന് ചോദിച്ചു. അതെഴുതേണ്ട ഞാനെഴുതാം എന്ന് ഷെയ്ൻ പറഞ്ഞു. അവസാനം പ്രൊജക്ട് ഓണായി. ഷെയ്ൻ നിഗം അഡ്വാൻസ് വാങ്ങിച്ചു എന്ന ധൈര്യത്തിൽ ഞങ്ങളിതിന്റെ ബാക്കി കാര്യങ്ങളുമായി മുന്നോട്ടുപോയി. ഇതിന്റെ ചിത്രീകരണം കാനഡയിലാണ്. അപ്പോൾ അതിന്റെ ഒരുപാട് കാര്യങ്ങൾ നോക്കേണ്ടതുണ്ട്. പങ്കജ് ദുബൈ എന്ന ഹിന്ദിയിലെ സ്‌ക്രിപ്റ്റ് റൈറ്റർക്കും അഡ്വാൻസ് കൊടുത്തു. സംവിധായകൻ ലിജിൻ ജോസിനും മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ കൊടുത്തു.

പിന്നെയാണ് പ്രശ്‌നങ്ങൾക്കു തുടക്കം. ഷെയ്ൻ നിഗം സംവിധായകനെ അടുപ്പിക്കുന്നില്ല. ഇതിനിടെയാണ് 'വെയിൽ' സിനിമയിൽ മൊട്ടയടിച്ച പ്രശ്‌നങ്ങളുണ്ടാവുന്നത്. ചാനലിൽ ചർച്ചകൾ നടക്കുന്നു. ഞാനും ചർച്ചയ്ക്കു പോയിരുന്നു. ഷെയ്ൻ നിഗത്തിന്റെ അമ്മ അന്ന് പറയുകയാണ് സജി നന്ത്യാട്ട് ഞങ്ങൾക്ക് 10 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് തന്നെന്ന്. ഞാൻ ഞെട്ടിപ്പോയി. ജീവിതത്തിൽ ഇന്നുവരെ ആർക്കും ഞാൻ വണ്ടിച്ചെക്ക് കൊടുത്തിട്ടില്ല. ഞാൻ കൊടുത്ത ആ ചെക്ക് മടങ്ങിയെന്നാണ് അവർ ആരോപിക്കുന്നത്. ലക്ഷോപലക്ഷം ജനങ്ങൾ കേൾക്കുന്ന വാർത്തയിലാണ് അവർ അങ്ങനെ പറഞ്ഞത്. എനിക്ക് പറയാൻ മറുപടി ഇല്ലാതായി. അത് വലിയ ആഘാതമായി.

അടുത്തദിവസം യൂണിയൻ ബാങ്കിൽ പോയി മാനേജരെ കണ്ടു. ആ ചെക്ക് നമ്പർ വച്ച് വിശദീകരണം ചോദിച്ചു. സ്‌കെച്ച് പെൻ കൊണ്ട് എഴുതിയതുകൊണ്ടാണ് പണം മാറാതിരുന്നതെന്ന് മാനേജർ പറഞ്ഞു. പേ ടു എന്ന സ്ഥലത്ത് ഷെയ്ൻ എഴുതിയത് സ്‌കെച്ച് പെൻ കൊണ്ടായിരുന്നു. അത് അവരുടെ അറിവില്ലായ്മയാണ്. അങ്ങനെ ആ ചെക്ക് മടങ്ങുകയാണ്. ഇതവർക്കും അറിയില്ല. സ്‌ക്രിപ്റ്റ് റൈറ്റർ കൊടുത്ത പൈസ തിരിച്ചു തന്നില്ല. സംവിധായകൻ കുറച്ച് തന്നു. ഇതിനു വേണ്ടി എത്ര ലക്ഷം രൂപയാണ് ചെലവായത്. എത്ര പൈസ ഷെയ്ൻ കാരണം എനിക്ക് നഷ്ടം വന്നു. ഷെയ്ൻ നിഗത്തെ വച്ച് പടമെടുക്കാത്ത എനിക്ക് നഷ്ടമുണ്ടായത് ലക്ഷങ്ങൾ.''സജി നന്ത്യാട്ട് പറഞ്ഞു.

വേനൽ എന്ന സിനിമയിൽ മുതൽ വിവാദ നായകനാണ് ഷെയിന് നിഗം. നിരവധി സിനിമകളുമായി നിറഞ്ഞു നിൽക്കുമ്പോഴാണ് അഹങ്കാരം തലയ്ക്ക് പിടിച്ചു ഷെയിൻ സ്വയം കുഴിതോണ്ടിയത്. ഈ സിനിമയിൽ അഭിനയിക്കാതെ വിട്ടു നിന്നതിന്റെ പേരിൽ ഷെയിന് വിലക്കും നേരിടേണ്ടി വന്നു. ഇതോടെ ഇടക്കാലം കൊണ്ട് ഫീൽഡിൽ നിന്നും മങ്ങിയ ഷെയിൻ വീണ്ടും തിരികെ എത്തി. ഇതിന് ശേഷം പ്രതിഫലം അടക്കം ഉയർത്തുകയും ചെയ്തു താരം. ഒരു കോടി പ്രതിഫലമായി വേണമെന്ന് പറഞ്ഞതു കൊണ്ട് മറ്റ് സിനിമകളിൽ നിന്നും ഒഴിവാക്കുന്ന അവസ്ഥയും ഉണ്ടായി.

ഇതിനിടെയാണ് സോഫിയ പോളിന്റെ ആർഡിഎക്‌സ് സിനിമാ സൈറ്റിലും ഷെയിൻ വില്ലനായത്. ആർഡിഎക്സ് എന്ന സിനിമയിലെ സൈറ്റിൽ തന്നേക്കാൾ പ്രാധാന്യം സഹതാരത്തിന് ലഭിച്ചോ എന്നതായിരുന്നു നടന്റെ ആശങ്ക. ഷെയിൻ നിഗമാണ് ഷൂട്ട് ചെയ്ത റഷസ് കാണണം എന്നു പറഞ്ഞ് പ്രശ്നം ഉണ്ടാക്കിയത്. കൂടാതെ സംവിധായകനെ നിരന്തരം അവഹേളിക്കുന്ന അവസ്ഥയും ഉണ്ടാ. നടൻ ഷൂട്ടിംഗിന് വിസമ്മതിച്ചതോടെ പ്രശ്നം തീർക്കാൻ പിന്നീട് ഫെഫ്ക ഇടപെടേണ്ട അവസ്ഥയും ഉണ്ടായി.

ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയപ്പോൾ ഈ സിനിമയിലെ സഹനടൻ ആയിരുന്ന ആന്റണി പെപ്പെയുടെ കൈ ഒടിഞ്ഞിരുന്നു. ഒടിവ് നേരെയാക്കി സഹനടനെത്തിയപ്പോഴേക്കും യുവനായകനായ ഷെയിൻ ഉടക്കുമായി രംഗത്തുവന്നു. പലതും പറഞ്ഞ് സിനിമ നീണ്ടു. വീണ്ടും സെറ്റിലെത്തണമെങ്കിൽ പ്രതിഫലം കൂട്ടണമെന്നു വരെ ആവശ്യം വരെ ഉന്നയിച്ചു. പ്രിയദർശൻ ചിത്രമായ കൊറോണ പേപ്പേഴ്സിൽ അഭിനയിച്ചതോടെ താരമൂല്യം ഉയർന്നു എന്നു പറഞ്ഞായിരുന്നു നടന്റെ രംഗപ്രവേശം. ഫെഫ്ക വിഷയത്തിൽ ഇടപെട്ടതോടെ ഈ സിനിമയുടെ ഷൂട്ടിങ് പൂർത്തീകരിച്ചു.