- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തകുഴലുകളിലെ കൊഴുപ്പ് കാലിൽ വേദനയായി; ഭാര്യ ഒറ്റയ്ക്കായതിനാൽ ദൂരെയുള്ള സ്ഥലങ്ങളിൽ ജോലിക്ക് പോകാനാവാത്ത ബുദ്ധിമുട്ടുന്ന റഹ്മാൻ; പത്തുകൊല്ലം 'ഒളിവിൽ' കഴിഞ്ഞ പ്രണയത്തിന് ഇപ്പോഴും പറയാനുള്ളത് വേദന മാത്രം; വാക്ക് നൽകിയവരെല്ലാം ഇന്ന് ഒളിവിൽ! ഒറ്റമുറി വീട്ടിൽ വാടകക്കാരായി റഹ്മാനും സജിതയും ദുരിത ജീവിതത്തിൽ
പാലക്കാട്: പത്തുവർഷമായി ഒറ്റമുറിയിൽ ഒളിച്ചു താമസിച്ച പ്രണയിതാക്കൾ ഇന്നും ദുരിത ജീവിതത്തിൽ. വാക്കു നൽകിവർ എല്ലാം പാലക്കാട്ടെ സജിതയേയും റഹ്മാനേയും മറന്നു. ഒളിവ് ജീവിതം അവസാനിപ്പിച്ച് രേഖാമൂലം വിവാഹിതരായ ഇവരുടെ ഇപ്പോഴത്തെ അവസ്ഥ ദുരിത പൂർണ്ണാണ്. കൂലിപ്പണിക്കാരനായ റഹ്മാന്റെ വരുമാനത്തിലാണ് രണ്ടുപേരും മുന്നോട്ടുപോകുന്നത്. റഹ്മാനും സജിതയ്ക്കും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് നിരവധിപേരാണ് അന്ന് രംഗത്തെത്തിയത്. അരും പക്ഷേ ജീവിത കണ്ണീർ തുടയ്ക്കാൻ ഇന്ന് അവർക്കൊപ്പമില്ല. റേഷൻ കാർഡിൽ പോലും സർക്കാർ നീതി കാട്ടിയതുമില്ല.
പ്രമുഖരായ രാഷ്ട്രീയക്കാർ മുതൽ കേരള വനിതാ കമ്മീഷൻ വരെ ഇരുവരെയും സന്ദർശിച്ചിരുന്നു. ഇവരെല്ലാം നൽകിയ പ്രതീക്ഷകൾ വാഗ്ദാനങ്ങളായി മാത്രം അവസാനിച്ചു. പെയിന്റ്ങ് ജോലികൾക്ക് പോയാണ് റഹ്മാൻ കുടുംബം നോക്കുന്നത്. ദിവസം അഞ്ഞൂറു രൂപയ്ക്ക് താഴെയാണ് വരുമാനമെന്ന് റഹ്മാൻ പറയുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇവർക്ക് സർക്കാർ നൽകിയിരിക്കുന്നത് എപിഎൽ കാർഡ്. റേഷൻ കാർഡ് ബിപിഎൽ ആക്കാനായി പലതവണ ശ്രമിച്ചെങ്കിലും നടപടിയായില്ല. ഇതിന് അവർക്ക് എല്ലാ അർഹതയുമുണ്ടെന്നതാണ് വസ്തുതത.
രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയതിനാൽ സജിതയുടെ കാലിൽ ഒരു ഓപ്പറേഷൻ നടത്തേണ്ടിവന്നു. കാലിന് ഇപ്പോഴും വേദനയുള്ളതിനാൽ സജിതയ്ക്ക് മറ്റു ജോലികൾക്ക് പോകാൻ സാധിക്കില്ല. തുടർ ചികിത്സയ്ക്കായുള്ള പണവും വേണം. ചെറിയ വീട്ടിന് മാസം 2,000 രൂപയാണ് വാടക. കാരക്കാട്ട് പറമ്പിലാണ് ആറുമാസമായി താമസം. വീട്ടിൽ ഭാര്യ തനിച്ചായതിനാൽ സന്ധ്യയോടെ തിരിച്ചെത്തുന്ന സ്ഥലങ്ങളിലേക്ക് മാത്രമേ റഹ്മാൻ ജോലിക്ക് പോകാറുള്ളു. ഇത് പ്രതിസന്ധിയായി മാറുന്നു. ശസ്ത്രക്രിയയുടെ സമയത്ത് സജിതയുടെ മാതാപിതാക്കൾ സഹായം നൽകിയിരുന്നു. റഹ്മാന്റെ സഹോദരി റഹ്മത്ത് മാത്രമാണ് ഇടയ്ക്ക് കാണാനെത്തുന്നത്.
ആധാർ കാർഡും വരുമാന സർട്ടിഫിക്കേറ്റും ലഭിച്ചു. ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ വീടിന് അപേക്ഷിച്ചെങ്കിലും ഇതുവരെയും അനുവദിച്ചിട്ടില്ലെന്നും സജിത പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കൂടി നെന്മാറയിലെ സപ്ലൈകോ ഓഫീസിലെത്തി റേഷൻ കാർഡ് ബിപിഎൽ ആക്കുന്ന കാര്യം തിരക്കിയിരുന്നു. നെന്മാറയിൽ യുവതിയെ പത്തുവർഷം മുറിയിൽ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി മാതാപിതാക്കൾ രംഗത്തു വരുമ്പോൾ ആ പ്രണയകഥയ്ക്ക് പുതിയ തലം വന്നിരുന്നു. മൂന്നു മാസം മുൻപ് ആണ് സജിത പുറത്തിറങ്ങാൻ ഉപയോഗിച്ചു എന്ന് പറയുന്ന ജനലിന്റെ അഴികൾ മുറിച്ചുമാറ്റിയതെന്ന് റഹ്മാന്റെ പിതാവ് മുഹമ്മദ് കരീമും മാതാവ് ആത്തികയും മാധ്യമങ്ങളോടു പറഞ്ഞതായിരുന്നു ഇതിന ്കാരണം. ഇതോടെ വനിതാ കമ്മീഷന്റെ നിലപാടിൽ പോലും മാറ്റം വന്നു.
പാതി ചുമരുള്ള മുറിയിലാണ് റഹ്മാൻ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയിൽ ഉണ്ടെങ്കിൽ ഞങ്ങൾ അറിയുമായിരുന്നു. റഹ്മാന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മൂന്നു വർഷം മുൻപ് വീടിന്റെ മേൽക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടിൽ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നതെന്നും മാതാപിതാക്കൾ ചൂണ്ടിക്കാട്ടി. ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാൻ പറഞ്ഞത്. വർഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാന്റെ മാതാപിതാക്കൾ പറഞ്ഞിരുന്നു. എന്നാൽ, റഹ്മാനും സജിതയും അവരുടെ വാദങ്ങളിൽ ഉറച്ചു നിന്നു.
അതിനിടെ യുവതിയെ വീടിനകത്ത് പൂട്ടിയിട്ട സംഭവം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയും ചെയ്തു. ഈ രീതിയെ പ്രണയമെന്ന് വിശേഷിപ്പിക്കാമോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഭൂരിഭാഗത്തിന്റെയും ചോദ്യം. പ്രണയമുള്ളതിനാൽ ഞാൻ നിന്നെ ഇഞ്ചിഞ്ചായി കൊന്നോട്ടെ എന്ന പോലെയാണ് ആ ജീവിതം എന്ന് പറഞ്ഞ ഡോ. അനുജ ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. എന്നാൽ അവിശ്വസനീയമായി തോന്നുമെങ്കിലും ഇവർ പറയുന്ന കാര്യങ്ങൾ വിശ്വസനീയമെന്നാണു പൊലീസ് പറഞ്ഞതെന്നതും വസ്തുതയാണ്. മാനസിക പ്രയാസത്തിലായ ഇരുവർക്കും പൊലീസിന്റെ നേതൃത്വത്തിൽ കൗൺസിലിങ് നൽകി. അന്ന് നിരവധി പേരാണ് സഹായവുമായി എത്തിയത്. എന്നാൽ അതെല്ലാം വാക്കുകളിൽ മാത്രം ഒതുങ്ങി.
പത്തുവർഷം വിളിപ്പാടകലെ ഒളിവിൽ കഴിഞ്ഞ മകളെ കാണാൻ രക്ഷിതാക്കളെത്തിയിരുന്നു. സജിതയുടെ അച്ഛൻ വേലായുധനും ഭാര്യ ശാന്തയുമാണ് അന്ന് റഹ്മാനും സജിതയും താമസിച്ചിരുന്ന വിത്തനശ്ശേരിയിലെ വാടക വീട്ടിലെത്തിയത്. പത്തു കൊല്ലം മുമ്പ് ശാന്തയുടെ സഹോദരിയുടെ വീട്ടിലേക്കു പോയ സജിത പിന്നെ തിരിച്ചുവന്നില്ല. പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അയിലൂർ കാരക്കാട്ട് പറമ്പ് സ്വദേശികളായ ഇരുവരും ഒരുമിച്ച് സ്വതന്ത്രമായി ജീവിക്കണമെന്നു കരുതിയാണ് പത്തുവർഷം കഴിഞ്ഞ റഹ്മാന്റെ വീട്ടിലെ ഒറ്റമുറിയിൽനിന്നു പുറത്തിറങ്ങിയത്.
ലോക്ക്ഡൗണിൽ റഹ്മാനു പണി കുറഞ്ഞതോടെയാണ് ഇരുവരും പുറത്തിറങ്ങാൻ തീരുമാനിച്ചത്. 'വീട്ടിൽനിന്ന് ശരിയായി ഭക്ഷണം ലഭിക്കാതെ വന്നു. മന്ത്രവാദ ചികിത്സയും കൂടിയായതോടെ ശരിക്കും വിഷമിച്ചു. വിശ്വസിച്ച് കൂടെ വന്ന സജിതയെ ഉപേക്ഷിക്കാൻ മനസുവന്നില്ല. വിട്ടുപോകാൻ അവളും തയാറായില്ല. വീട്ടിൽ കറിയില്ലാതെ ചോറുമാത്രം കഴിക്കേണ്ട സ്ഥിതിയായി. അങ്ങിനെയാണ് പുറത്ത് കടക്കാൻ തീരുമാനിച്ചത്. പണിക്കിടെ വാടക വീട് കണ്ടെത്തി. അതിൽ നാട്ടിലെ ആരുമറിയാതെ താമസിച്ചു തുടങ്ങി.'-റഹ്മാൻ കഥ പറഞ്ഞത് ഇങ്ങനെയാണ്.
മറുനാടന്‍ മലയാളി ബ്യൂറോ