- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുജാഹിദ്, ജമാ അത്തെ ഇസ്ലാമി ആശയങ്ങൾ നമുക്ക് വേണ്ട, ജാഗരൂഗരായിരിക്കണം; ഇസ്ലാമികവും മതേതരവും ആയ വിദ്യാഭ്യാസം നൽകുക എന്നതായിരിക്കണം സ്ഥാപനങ്ങളുടെ ലക്ഷ്യം; സ്ഥാപനങ്ങൾക്ക് സമസ്തയുടെ കർശന മാനദണ്ഡങ്ങൾ; പുതിയ പരിഷ്ക്കാരം അവസാന വാക്ക് സമസ്തയുടേതാവുമെന്ന നിലയിൽ
കോഴിക്കോട്: സമസ്തയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങൾ. തങ്ങളുടെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് പുതിയ നിയമാവലി ഏർപ്പെടുത്തി കൊണ്ടാണ് നിയന്ത്രണം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ശക്തമാക്കിയത്. കോൺഫെഡറേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്( സിഐസി)യുമായി നടന്ന ഉരസലിനെ തുടർന്നാണ് ഈ തീരുമാനം. മുജാഹിദ്, ജമാ അത്തൈ ഇസ്ലാമി ആശയങ്ങൾ ഒരുകാരണവശാലും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലേക്കോ ആശയമണ്ഡലങ്ങളിലേക്കോ വരരുതെന്നാണ് പ്രധാന നിർദ്ദേശം.
ഇസ്ലാമികവും മതേതരവും ആയ വിദ്യാഭ്യാസം നൽകുക എന്നതായിരിക്കണം സ്ഥാപനങ്ങളുടെ ലക്ഷ്യം എന്നതിനെ മുൻനിർത്തിയാണ് സമസ്ത മാനദണ്ഡങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാവുന്ന ഏതൊരു പ്രശ്നങ്ങളിലും അവസാന വാക്ക് സമസ്തയുടേതാവും എന്ന നിലക്കാണ് പുതിയ പരിഷ്‌കരണം.
നേരത്തെ സിഐസിയുടെ ഭരണഘടന ഭേദഗതിയെ ചൊല്ലിയാണ് തർക്കത്തിലേക്ക് നീങ്ങിയത്. വാഫി, വാഫിയ കോഴ്സുകൾ നടത്തിയിരുന്ന കോളേജുകളുടെ കൂട്ടായ്മയായ സിഐസിയുടെ ഭരണഘടനയിൽ ഭേദഗതി വരുത്താൻ ശ്രമിച്ചത് സമസ്തയുടെ നിയന്ത്രണം എടുത്തു കളയാനാണ് എന്നാണ് സംഘടന കരുതുന്നത്. ഈ തർക്കം സിഐസി ജനറൽ സെക്രട്ടറി അബ്ദുൾ ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയിൽ നിന്നുള്ള പുറത്താക്കലിലേക്ക് എത്തിച്ചിരുന്നു.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം ഏതെങ്കിലും തരത്തിലുള്ള ഭരണഘടന ഭേദഗതി സമസ്തയുടെ അനുമതിയോടെയായിരിക്കും. മുജാഹിദ്, ജമാ അത്തെ ഇസ്ലാമി ആശയങ്ങൾ ഒരു കാരണവശാലും സ്ഥാപനങ്ങളുടെ സിലബസുകളിൽ ഇടം നേടരുത്. ഈ സംഘടനകളുടെ പുസ്തകങ്ങളോ മാസികകളോ സ്ഥാപനത്തിലെ ലൈബ്രറിയിൽ ഇടം നേടരുത്. ഇത്തരം ആശയങ്ങളുള്ളവരെ അദ്ധ്യാപകരായി നിയമിക്കരുതെന്നും പുതിയ നിയമാവലികളിൽ പറയുന്നു.
വിഘടിത വിഭാഗങ്ങളുടെയും യുക്തിവാദികളുടെയും പ്രത്യയശാസ്ത്രത്തിന്റെ 'പൊള്ളത്തരം' പ്രത്യേക ക്ലാസ്സുകളിലൂടെയും പരിപാടികളിലൂടെയും തുറന്നുകാട്ടണമെന്ന് സമസ്ത നിർദേശിച്ചു. സമസ്തയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന ക്ലാസ്സുകൾ തുടർച്ചയായി നടത്തണം. സുന്നി പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള മാസികകൾ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് നൽകണം. സർക്കാർ വിദ്യാഭ്യാസ കോഴ്സുകളിൽ ഈ 'വിഘടിത വിഭാഗങ്ങളുടെ' ആശയങ്ങൾ ഇടം നേടുകയാണെങ്കിൽ അതിനെ അദ്ധ്യാപകർ തുറന്നുകാട്ടുകയും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുകയും വേണമെന്നും നിർദേശിക്കുന്നു.
സമസ്തയുടെ കീഴിൽ വളർന്ന് വലുതായ സിഐസിയുടെ ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ ഹക്കീം ആദൃശേരി മുജാഹിദ്, ജമാ അത്തെ ഇസ്ലാമി ആശയങ്ങൾ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലേക്ക് ഒളിച്ചു കടത്തിയെന്നാണ് സംഘടന വിലയിരുത്തിയത്. അങ്ങനെ ഇനി ഒരിക്കലും സംഭവിക്കരുതെന്ന് തീരുമാനിച്ചാണ് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതെന്നാണ് സമസ്ത വൃത്തങ്ങളുടെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ