തിരുവനന്തപുരം: വിദേശ രാജ്യങ്ങളുമായി ഒരു സംസ്ഥാനവും നേരിട്ട് ബന്ധപ്പെടാൻ പാടില്ലെന്നതാണ് നിയമം. അത് കേന്ദ്ര സർക്കാരിനെ അറിയിച്ച് അവരിലൂടെ മാത്രം ചെയ്യേണ്ട ഇടപെടലാണ്. പക്ഷേ കേരളത്തിന് വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഡൽഹിയിൽ ഒരു ഉദ്യോഗസ്ഥൻ തന്നെയുണ്ട്. അതാണ് വേണു രാജാമണി. ഡൽഹിയിലെ കേരളത്തിലെ പ്രതിനിധിയായി വേണു രാജമണിയുടെ ഉത്തരവാദിത്തം വിദേശ രാജ്യ ഇടപെടലാണെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഈ സാഹചര്യത്തിലാണ് കെവി തോമസിനെ ഡൽഹിയിൽ കേരളത്തിന്റെ പ്രതിനിധിയാക്കുന്നത്. തോമസ് ബിജെപി സർക്കാരുമായി ബന്ധപ്പെട്ട് എല്ലാം നേരെയാക്കും!

സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി മുൻപു പ്രവർത്തിച്ച എ.സമ്പത്തിനും സംഘത്തിനുമായി 20 മാസം കൊണ്ട് ചെലവഴിച്ചത് 7.26 കോടി രൂപയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റ സമ്പത്തിനെ കാബിനറ്റ് റാങ്കിലാണു നിയമിച്ചത്. 20 മാസം പദവി വഹിച്ചു. 4 പഴ്‌സനൽ സ്റ്റാഫിനെയും ദിവസ വേതന അടിസ്ഥാനത്തിൽ 6 പേരെയും നൽകി. ആകെ ചെലവ് 7.26 കോടി. ശമ്പളം മാത്രം 4.62കോടി. ദിവസ വേതനമായി 23.45 ലക്ഷവും ചെലവായി. 19.45 ലക്ഷമായിരുന്നു യാത്രാ ചെലവ്. ഓഫിസ് ചെലവ്, അതിഥി സൽക്കാരം, വാഹന അറ്റകുറ്റപ്പണി, ഇന്ധനം തുടങ്ങിയ ഇനങ്ങളിലും ലക്ഷങ്ങൾ ചെലവായി. കെവി തോമസിനും ഈ ആനുകൂല്യമെല്ലാം ലഭിക്കും.

കടമെടുത്ത് മുമ്പോട്ട് പോകുന്ന കേരളത്തിന് ഇതൊന്നും താങ്ങാനാവില്ല. എന്നാലും രാഷ്ട്രീയ മുന്നേറ്റത്തിന് ഈ പാഴ് ചെലവ് അനിവാര്യതയാണ്. സമ്പത്തിന്റെ നിയമനം തന്നെ ഏറെ വിവാദമായിരുന്നു. അതുകൊണ്ട് തന്നെ ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി കഴിഞ്ഞപ്പോൾ സമ്പത്ത് കേരളത്തിലേക്കു മടങ്ങി. ഇപ്പോൾ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്. അതിനു ശേഷമാണ് ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ആയി ഡൽഹിയിൽ വേണു രാജാമണിയെ നിയമിച്ചത്. കെ.വി.തോമസ് ഡൽഹിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധി ആയി എത്തുമ്പോഴും വേണു തുടരും. അതായത് രണ്ടു പേർക്ക് ഖജനാവിൽ നിന്നും പണമൊഴിക്കേണ്ട അവസ്ഥ.

സമ്പത്തിന് വേണ്ടി 2019-20 സാമ്പത്തികവർഷം 3.85 കോടിയും 2020-21 ൽ 3.41 കോടിയും ചെലവഴിച്ചതായി നിയമസഭയിൽ ധനമന്ത്രി നൽകിയ ബജറ്റ് രേഖകൾ സൂചിപ്പിക്കുന്നു. സമ്പത്തിന് ശമ്പളമായിമാത്രം 4.62 കോടിയാണ് നൽകിയത്. ദിവസവേതന ഇനത്തിൽ 23.45 ലക്ഷവും ചെലവായി. കോവിഡ് കാലത്ത് സമ്പത്ത് തിരുവനന്തപുരത്ത് വീട്ടിലായിരുന്നപ്പോഴും ആനുകൂല്യങ്ങൾ നൽകിയത് വിവാദമായിരുന്നു. അന്ന് തിരുവനന്തപുരത്ത് ഇരുന്ന് ഡൽഹിയിലെ കാര്യങ്ങൾ സമ്പത്ത് നോക്കിയെന്നായിരുന്നു സർക്കാർ ന്യായം പറഞ്ഞത്. കേരളാ ഹൗസും റെസിഡന്റ് കമ്മീഷണറും കേരളത്തിനായി ഡൽഹിയിലുണ്ട്. ഇവർക്ക് ചെയ്യാവുന്ന കാര്യങ്ങളേ ഡൽഹിയിലുള്ളൂ. എന്നിട്ടും രാഷ്ട്രീയക്കാർക്ക് വേണ്ടി പുതിയ നിയമനങ്ങൾ നടത്തുകയാണ്.

പഠനകാലത്ത് വേണു രാജാമണി കെ എസ് യുക്കാരനായിരുന്നു. വട്ടിയൂർക്കാവ് സീറ്റിൽ കോൺഗ്രസിന് വേണ്ടി കഴിഞ്ഞ തവണ മത്സരിക്കുമെന്ന് പോലും പ്രചരണമുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം പിന്മാറി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ് ഇതിന് കാരണമെന്ന വിലയിരുത്തൽ എത്തിയിരുന്നു. വിദേശത്ത് അംബാസിഡറായിരിക്കെ പിണറായിയുടെ യാത്രകളുടെ ഏകോപനം വേണു രാജാമണി നടത്തിയിരുന്നു. പ്രളയ പഠനത്തിനും മറ്റും യൂറോപ്പിലേക്ക് പിണറായിയെ കൊണ്ടു പോയത് വേണു രാജാമണിയായിരുന്നു. അതിനുള്ള പ്രത്യുപകാരമാണ് ഡൽഹിയിലെ പദവിയെന്നാണ് ആരോപണം.

കെവി തോമസും കോൺഗ്രസുകാരനായിരുന്നു. നേതൃത്വത്തെ തള്ളി പറഞ്ഞ് ഇടതിനൊപ്പമെത്തിയ നേതാവ്. ഇതിനുള്ള പ്രതിഫലമാണ് ഡൽഹിയിലെ പദവിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

എ.സമ്പത്തിനായി ചെലവാക്കിയ തുക

ശമ്പളം: 4.62 കോടി.
ദിവസ വേതനം: 23.45 ലക്ഷം.
യാത്രാ ചെലവ്: 19.45 ലക്ഷം.
ഓഫിസ് ചെലവ്:1.13 കോടി.
അതിഥി ചെലവ്:1.71 ലക്ഷം.
വാഹന അറ്റകുറ്റപ്പണി: 1.58 ലക്ഷം.
മറ്റു ചെലവുകൾ: 98.39 ലക്ഷം.
ഇന്ധനം: 6.84 ലക്ഷം.