തിരുവനന്തപുരം:  നടി നിമിഷ സജയൻ നികുതി വെട്ടിച്ചുവെന്ന് കണ്ടെത്തൽ. 20 ലക്ഷം രൂപയുടെ നികതി വെട്ടിപ്പാണ് കണ്ടെത്തിയിരക്കുന്നത്. സംഭവത്തിൽ കൂടുതൽ ന്വേഷണത്തിന് ഒരുങ്ങുകയാണ് ജിഎസ്ടി ജോയന്റ് കമ്മീഷണർ. നികുതി വെട്ടിപ്പിന്റെ വിവരം പുറത്തുവിട്ടത് ബിജെപി നേതാവായ സന്ദീപ് ജി വാര്യരാണ്. അതേസമയം നടിയുടെ അമ്മ ഇന്റലിജൻസ് ഓഫീസിൽ ഹാജരായി വരുമാനം രേഖപ്പെടുത്തിയതിലെ പിശകാണെന്ന് വിശദീകരിച്ചിട്ടുണ്ട്. നടി ഒളിപ്പിച്ചത് 1.14 കോടിയുടെ വരുമാനമാണെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.

നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായർ ഹാജരാവുകയും ചെയ്തു. വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് നിമിഷ സജയൻ നികുതി വെട്ടിച്ച വിവരം സന്ദീപ് വാര്യർ പുറത്തവിട്ടത്. നേരത്തെ പ്രമുഖ താരത്തിന്റെ നികുതി വെട്ടിപ്പ് വിവരം പുറത്തുവിടുമെന്ന് സന്ദീപ് വ്യക്തമാക്കിയിരുന്നു. അതിന് ശേഷം 12 മണിയോടെയാണ് സന്ദീപ് വാര്യർ ഫേസ്‌ബുക്കിലൂടെ വിവരം പുറത്തുവിട്ടത്.

'സംസ്ഥാന ജിഎസ്ടി വകുപ്പാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നിമിഷയുടെ അമ്മ കുറ്റം സമ്മതിച്ചിട്ടുമുണ്ട്. ഇനി രാഷ്ട്രീയ പകപോക്കലാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിമിഷയടക്കമുള്ളവർ വലിയ രാഷ്ട്രീയ പ്രസ്താവന നടത്തുന്ന ആളുകളാണ്'. വലിയ വായിൽ പ്രസ്താവനകൾ നടത്തുന്നവർ രാജ്യത്തെ തന്നെ കബളിപ്പിക്കുകയാണെന്നും രേഖകൾ സഹിതമാണ് താൻ ആരോപണം ഉന്നയിക്കുന്നതെന്നും സന്ദീപ് പാലക്കാട്ട് പറഞ്ഞു.

സന്ദീപ് വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായർ ഹാജരാവുകയും ചെയ്തു . വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു . എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് . ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടുന്നു .

സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികുതി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ. സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത്. ടാക്‌സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല.. പിന്നെയാ

മുൻപ് പൗരത്വ ഭേദഗതി നിയമത്തിന് എതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച സിനിമാ പ്രവർത്തകരുടെ നികുതി വെട്ടിപ്പ് പുറത്തു കൊണ്ടുവരുമെന്ന് സന്ദീപ് വാര്യർ പറഞ്ഞിരുന്നു.