- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതിരാത്രിയുടെ മറവിൽ ആശ്രമം കത്തിച്ച ദുഷ്ടശക്തികളെ പിടികൂടണേ ദേവീ..; മൂന്ന് തവണ മണിമുഴക്കി പ്രാർത്ഥിച്ച് സന്ദീപാനന്ദഗിരി; കുണ്ടമൺ കടവിലെ ആശ്രമത്തിലെ തീപിടുത്തത്തിൽ നാല് വർഷം പിന്നിട്ടിട്ടും പ്രതികളുടെ പൊടിപോലുമില്ല
തിരുവനന്തപുരം: പൊലീസിനെ കൊണ്ട് എന്തായാലും ആശ്രമം കത്തിക്കൽ കേസിലെ പ്രതികളെ പിടികൂടാൻ ആയില്ല. ഇനി അൽപ്പം കഠിനമായ പ്രാർത്ഥന കൊണ്ടു കാര്യമുണ്ടാകുമോ എന്നു നോക്കട്ടെ... ഇതാണ് ഇപ്പോൾ സ്വാമി സ്ന്ദീപാനന്ദ ഗിരിയുടെ അവസ്ഥ. അതുകൊണ്ട് തന്നെ തന്റെ പാർഥനാ ദൃശ്യങ്ങൾ പരസ്യപ്പെടുത്തി കൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്.
നാലുവർഷം പിന്നിട്ടിട്ടും ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താത്തതിന്റെ പശ്ചാത്തലത്തിൽ അമ്പലത്തിൽ മണിമുഴക്കി പ്രാർത്ഥിക്കുകയായിരുന്നു സ്വാമി സന്ദീപാനന്ദഗിരി. അൽമോറ ക്ഷേത്രത്തിലായിരുന്നു സന്ദീപാനന്ദഗിരിയുടെ പ്രാർത്ഥന. ഇതിന്റെ വീഡിയോ ദൃശ്യം അദ്ദേഹം ഫേയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
'ഇന്ത്യൻ നീതിന്യായ കോടതികൾക്കുള്ള വെല്ലുവിളികൂടിയായാണ് ഇത്തരത്തിൽ മണികെട്ടിത്തൂക്കി ജനങ്ങൾക്ക് പ്രാർത്ഥിക്കേണ്ടി വരുന്നത്. കേരളാ പൊലീസിന് അന്വേഷിച്ച് കാണ്ടെത്താൻ പറ്റിയിട്ടില്ല, ക്രൈംബ്രാഞ്ചിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പാതിരാത്രിയുടെ മറവിൽ ആശ്രമം കത്തിച്ച ദുഷ്ട ശക്തികളെ നിയമത്തിൽ മുന്നിൽ കൊണ്ടുവരണേ ദേവി', എന്ന് പ്രാർത്ഥിച്ചാണ് മൂന്നുതവണ സന്ദീപാനന്ദഗിരി മണിമുഴക്കുന്നത്.
അൽമോറയിലെ ക്ഷേത്രത്തിൽ പോയി മനസിൽ ആഗ്രഹിച്ച് മണിമുഴക്കിയാൽ തെളിയിക്കപ്പെടാത്ത ഏത് കേസും തെളിയുമെന്നാണ് വിശ്വാസം. തിരുവോണനാളിൽ പ്രാർത്ഥിച്ചാൽ ഫലിക്കുമെന്നും സ്വാമി ഫേസ്‌ബുക്കിൽ കുറിച്ചു. വീഡിയോ ദൃശ്യത്തിനൊപ്പം അദ്ദേഹം കുറിച്ചു.
കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. 2018 ഒക്ടോബർ 27-ന് പുലർച്ചെയായിരുന്നു സംഭവം. തീ കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത്. ഇതിൽ സംഘപരിവാർ സംഘടനകളിൽനിന്നും ഭീഷണി ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സംഭവം നടന്നദിവസം ആശ്രമത്തിലെത്തി പ്രതികളെ ഉടൻ പിടികൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആശ്രമത്തിലെ സി.സി.ടി.വി. കേടായിരുന്നു. ആശ്രമത്തിന്റെ ആറുകിലോമീറ്റർ ചുറ്റളവിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ