- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗിനിയിൽ തടഞ്ഞുവച്ച കപ്പലിലെ മലയാളി ഓഫിസർ സനു ജോസ് അറസ്റ്റിൽ; പിന്നാലെ സനു ജോസിനെ ഗിനി നാവികസേനാ കപ്പലിലേക്കു മാറ്റി; ഓഫീസർ അറസ്റ്റിലായത് വിസ്മയയുടെ സഹോദരൻ അടക്കം ഉള്ള കപ്പൽ ജീവനക്കാരുടെ മോചനശ്രമങ്ങൾ തുടരുന്നതിനിടെ; സനു ജോസിനെ നൈജീരിയൻ നാവികസേനയ്ക്ക് കൈമാറുമോയെന്നും ആശങ്ക
ന്യൂഡൽഹി പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ തടഞ്ഞുവച്ച കപ്പലിലെ മലയാളി ഓഫിസർ അറസ്റ്റിൽ. കൊച്ചി സ്വദേശിയും കപ്പലിലെ ചീഫ് ഓഫിസറുമായ സനു ജോസിനെയാണ് അറസ്റ്റ് ചെയ്തത്.
ഇതിനു പിന്നാലെ സനു ജോസിനെ ഗിനി നാവികസേനാ കപ്പലിലേക്കു മാറ്റി. സനുവിനെ നൈജീരിയൻ നാവികസേനയ്ക്ക് കൈമാറുമോയെന്ന് ആശങ്കയുണ്ട്. നോർവേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ചിരിക്കുന്നത്.
കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗിനിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് മലയാളി ഓഫിസർ അറസ്റ്റിലായത്.
നൈജീരിയൻ നാവികസേനയുടെ നിർദ്ദേശപ്രകാരമാണ് ഗിനിയൻ നേവി, ഇവർ ജോലി ചെയ്യുന്ന കപ്പൽ കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പൽ കമ്പനി നൽകിയിട്ടും ഇവരെ മോചിപ്പിച്ചില്ല. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 26 പേരാണുള്ളത്. ഇവരിൽ പതിനാറ് പേർ ഇന്ത്യക്കാരാണ്. കപ്പൽ നൈജീരിയക്ക് കൈമാറുമെന്ന് എക്വറ്റോറിയൽ ഗിനി സർക്കാർ അറിയിച്ചിരുന്നു. എക്വറ്റോറിയൽ ഗിനി വൈസ് പ്രസിഡന്റാണ് കപ്പൽ കൈമാറുമെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തത്.
നൈജീരിയൻ സമുദ്രാതിർത്തിയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയതിനാലാണ് ഇവരെ കൈമാറുന്നതെന്നാണ് എക്വേറ്റോറിയൽ ഗിനി സർക്കാരിന്റെ വാദം. സമുദ്രാതിർത്തി ലംഘിച്ചതിന് കപ്പൽ കമ്പനിയിൽ നിന്ന് ഇരുപത് ലക്ഷം ഡോളർ പിഴ ഈടാക്കിയതിന് ശേഷമാണ് ഗിനിയുടെ നീക്കം. കപ്പലിന്റെ നിയന്ത്രണവും രാജ്യത്തെ സൈന്യം ഏറ്റെടുത്തിട്ടുണ്ട്.
എന്നാൽ ജീവനക്കാർ തടവിലായ ഓഗസ്റ്റ് മുതൽ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ജീവനക്കാരുമായും എംബസി സംസാരിക്കുന്നുണ്ട്. സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുമെന്നും ഗിനിയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
എഎ റഹീം എംപി വിദേശകാരമന്ത്രാലയത്തിന് നൽകിയ കത്തിന് മറുപടിയായാണ് എംബസിയുടെ പ്രതികരണം. ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ, വി ശിവദാസൻ, എഎ റഹീം എന്നിവരാണ് വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ