തിരുവനന്തപുരം: സോളാർ വിഷയം കത്തി നിന്ന ദിവസങ്ങളിൽ സെക്രട്ടറിയേറ്റിന് അകത്തു നിന്നും പുറത്തു നിന്നും നേരിടേണ്ടി വന്നത് തീപാറുന്ന അനുഭവങ്ങളായിരുന്നുവെന്ന് സെക്രട്ടറിയേറ്റിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന മുൻ സെക്യൂരിറ്റി ഇൻസ്‌പെക്ടർ പി.എ.ജോസഫ് സാർത്രോ. സോളാർ കേസ് അപ്രസക്തമാകുമ്പോൾ പഴയതെല്ലാം പി എ ജോസഫ് സാർത്രോ ഓർക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ ജനകീയ ഇടപെടലുകളെ കുറിച്ചാണ് സാർത്രോ പറഞ്ഞു വയ്ക്കുന്നത്.

ഏത് നിമിഷവും എന്തും സംഭവിക്കാമായിരുന്ന അവസ്ഥ തരണം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുഭവക്കരുത്തുകൊണ്ടായിരുന്നു. സെക്രട്ടറിയേറ്റിൽ സന്ദർശകരെ നിയന്ത്രിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോൾ ഉമ്മൻ ചാണ്ടി അനുഭവിച്ച മാനസിക സമ്മർദ്ദം വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ലെന്ന് സാർത്രോ പറഞ്ഞു. സെക്രട്ടറിയേറ്റ് പൂർണമായും പൊലീസ് വലയത്തിലായപ്പോഴും പരാതിയുമായി എത്തുന്നവരെ കാണാൻ ഉമ്മൻ ചാണ്ടി വിസമ്മതം പ്രകടിപ്പിച്ചിരുന്നില്ല. ജനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ പൊതുജന പരാതി പരിഹാര സെൽ ആരംഭിച്ചത് സോളാർ വിവാദം ആളിക്കത്തിയപ്പോഴാണെന്ന് സാർത്രോ പറയുന്നു. മംഗളം ബ്യൂറോ ചീഫ് എസ് നാരായണനാണ് സാർത്രോയുടെ അഭിമുഖം റിപ്പോർട്ട് ചെയ്യുന്നത്.

ഇന്റെലിജൻസ് ശിപാർശ തള്ളി പലപ്പോഴും ആ കാലയളവിൽ രാവും പകലും നോക്കാതെ സന്ദർശകർക്കായി സെക്രട്ടറിയേറ്റിന്റെ വാതിലുകൾ തുറന്നിടാൻ നിർദ്ദേശം നൽകിയതും ആത്മധൈര്യത്തോടെയായിരുന്നുവെന്ന് സാർത്രോ ഓർക്കുന്നു. സന്ദർശകരെ ഒരു കാരണവശാലും വിലക്കരുതെന്നും തന്നോട് ആവശ്യപ്പെട്ടു. പലവട്ടം അന്ന് പ്രതിപക്ഷത്ത് നിന്നവർ സെക്രട്ടറിയേറ്റിന് അകത്തേക്ക് ഇരമ്പിക്കയറിയപ്പോഴും കൊല്ലുന്നുണ്ടെങ്കിൽ കൊന്നോട്ടെ എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. സദാ സമയവും സി.സി.ടി.വി ദൃശ്യങ്ങൾ വാച്ച് ചെയ്യാനായി പൊലീസുകാരെ നിയോഗിച്ചു. സെക്രട്ടറിയേറ്റിനുള്ളിൽ പരാതിക്കാരുടെ വേഷത്തിൽ മുഖ്യമന്ത്രി അറിയാതെ പൊലീസുകാരെ നിയോഗിച്ചു. തീർത്തും അഗ്‌നിപരീക്ഷണമായിരുന്നു അന്നത്തെ ദിനങ്ങൾ.

ഒടുവിൽ, മനസിൽ നന്മ വറ്റാത്ത ഏവരും ആഗ്രഹിച്ച വിധം, ഉമ്മൻ ചാണ്ടിയെ സോളാർ വിവാദത്തിൽ നിന്ന് പൂർണ്ണമായും കുറ്റവിമുക്തനാക്കി സിബിഐ, കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു. ഒരു നിരപരാധിയെ ക്രൂശിൽ തറയ്ക്കാൻ കൂട്ടം കൂടിയവരുടെ മുഖത്ത് തന്നെ കനത്ത പ്രഹരമേല്പിച്ചു കൊണ്ട് ആ റിപ്പോർട്ട് കേരളത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്നു. അന്ന് സെക്രട്ടറിയേറ്റ് സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഒരാളെന്ന നിലയിൽ പുറത്ത് പറയാൻ പറ്റാത്ത സർവ്വീസ് രഹസ്യങ്ങൾ ഒരുപാടുണ്ട് - സാർത്രോ പറയുന്നു.

'കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഓഫീസ്, പാവങ്ങളുടെ ആശാകേന്ദ്രമായിരുന്നു. അവിടെ പ്രത്യേകിച്ച് രാഷ്ട്രീയമോ മതമോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ഒന്നുമുണ്ടായിരുന്നില്ല. എതിർപാർട്ടികളിൽപ്പെടുന്നവർ പോലും അദ്ദേഹത്തിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയിരുന്നു. ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് കൈവശമുണ്ടെങ്കിൽ സംസ്ഥാനത്തുള്ള ആർക്കും വന്ന് സങ്കടം പറയാൻ കഴിയുന്ന ഒരഭയസ്ഥാനം, അതായിരുന്നു ഉമ്മൻ ചാണ്ടി! വിവിധ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയെ കാണാൻ വരുന്ന സാധാരണക്കാരിൽ സാധാരണക്കാരുടെ ഏഴൈതോഴനായിരുന്നു അദ്ദേഹം!

ആൾക്കൂട്ടം പ്രതീക്ഷകളോടെ, തങ്ങളുടെ പരാതികളുമായി പൊതിഞ്ഞു നിൽക്കുമ്പോഴും, മുഖ്യമന്ത്രിയുടെ മൂന്നാം നിലയിലെ ഓഫീസിൽ ഇഴഞ്ഞും നിരങ്ങിയുമൊക്കെ എത്തുന്ന അംഗപരിമിതരോടുപോലും അദ്ദേഹം കാണിച്ചിരുന്ന ആ പ്രത്യേക പരിഗണന്ന ആരുടെ കണ്ണിലും പൊടിയിടാനായിരുന്നില്ല. അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്ന് വരുന്ന കാരുണ്യത്തിന്റെയും ദയയുടെയും വറ്റാത്ത ഉറവയായിരുന്നു അതെല്ലാം! പരാതിക്കാർക്ക് പേടിച്ച് വിറച്ച് കാണേണ്ട ഒരു മുഖ്യമന്ത്രിയാകാൻ ഒരിക്കലും അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. പരാതിയുമായി വരുന്നവർ എത്ര പ്രകോപിപ്പിച്ചാലും പൊട്ടിത്തെറിച്ചാലും അദ്ദേഹത്തിന്റെ സ്ഥായിയായ മുഖഭാവത്തിന് ഒരു മാറ്റമോ, സ്‌നേഹം വഴിഞ്ഞൊഴുകുന്ന ആ മുഖത്ത് ഒരു നീരസമോ പോലും ഉണ്ടാവുമായിരുന്നുമില്ല. ബന്ധപ്പെട്ട ഓഫീസ് സ്റ്റാഫിനെ വിളിച്ചു വരുത്തി പരമാവധി അവരുടെ പരാതികൾ പരിഹരിക്കുന്ന സമീപനമായിരുന്നു. ഒരാളോടും പൊട്ടിത്തെറിക്കുന്നത് കാണാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല.

അന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്‌ളോക്ക്, ഒരു ബാലികേറാമലയായിരുന്നില്ല. ആർക്കും ധൈര്യമായി കയറി വരാൻ കഴിയുംവിധം ആ കവാടങ്ങൾ തുറന്നു തന്നെയിടാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. വഴിയിലോ ഓഫീസിലോ ആരെങ്കിലും തന്നെ ആക്രമിക്കുമെന്ന് തെല്ലും ഭയന്നിരുന്നുമില്ല. മുഖ്യമന്തിയുടെ സുരക്ഷയെക്കരുതി പൊലീസും ഇന്റലിജൻസും അടിച്ചേൽപിച്ച സുരക്ഷയ്ക്കപ്പുറം ഒരു സുരക്ഷാ ക്രമീകരണങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നില്ല. ഒരു വടക്കൻ ജില്ലയിൽ വച്ച് മുഖ്യമന്ത്രിയുടെ തലയിൽ, പൊലീസ് സാന്നിദ്ധ്യത്തിൽ തന്നെ, കല്ലേറിൽ പരിക്ക് പറ്റിയപ്പോഴും മായാത്ത മന്ദസ്മിതവുമായിത്തന്നെ അദ്ദേഹം നിവർന്നു നിന്നത് മായാത്ത ചിത്രമായി മനസിലുണ്ട്.

ഏത് സമയത്തും സന്ദർശകരെ നോർത്ത് ബ്‌ളോക്കിലെ ഓഫീസിൽ സ്വീകരിക്കുന്നതിൽ സുരക്ഷാ ഭീഷണി കണ്ട ഇന്റലിജൻസ് വിഭാഗത്തിന്റെ വിലക്കിന് ബദലായാണ് ഏത് സമയത്തും മുഖ്യമന്ത്രിക്ക് സന്ദർശകരെ കാണുന്നതിനായി നോർത്ത് ബ്‌ളോക്കിന് തൊട്ടുമുമ്പിൽ പ്രധാന ഗേറ്റിന് (സമരഗേറ്റ്) സമീപം ഒരു പുതിയ ജനസമ്പർക്ക കേന്ദ്രം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഉയർന്നുപൊങ്ങിയത്. ഒരു വിലക്കിനും സുരക്ഷാ ഭീഷണിക്കും ഉമ്മൻ ചാണ്ടിയെ അദ്ദേഹത്തിന്റെ പവർ ബാങ്കായ സാധാരണക്കാരിൽ നിന്നും മാറ്റി നിറുത്താൻ കഴിയുകയില്ല എന്ന് ഉറപ്പിച്ച ഒരു നീക്കമായിരുന്നു അത് - സാർത്രോ ചൂണ്ടിക്കാണിക്കുന്നു.

ചിലപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഓഫീസ് ഫോണിലേക്ക് വധഭീഷണിയും അത്തരത്തിലുള്ള മറ്റ് സന്ദേശങ്ങളുമെത്തും. ബന്ധപ്പെട്ട പൊലീസ് കേന്ദ്രങ്ങളിൽ നിന്നും ആ കോൾ വന്ന നമ്പറിലെ അഡ്രസ് നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ ശേഖരിക്കും. ആ കോളിന്റെ ഉറവിടമായ പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതിയെ താമസിയാതെ തന്നെ കസ്റ്റഡിയിലുമെടുക്കും. പക്ഷെ അവർക്കെതിരെ കേസെടുക്കാനോ അവരെ ഉപദ്രവിക്കാനോ അതൊരു പത്രവാർത്തയായി വരാനോ ഉമ്മൻ ചാണ്ടി ഒരിക്കലും അനുവദിച്ചിരുന്നില്ല. ഒടുവിൽ ഇനി മേലിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുത് എന്നൊക്കെ പറഞ്ഞ് കക്ഷിയെ ഒന്നു വിരട്ടി വീട്ടിൽ പറഞ്ഞു വിട്ടേക്കൂ എന്ന് താൻ തന്നെ പറഞ്ഞ് സ്റ്റേഷനിൽ അത് തീർപ്പാക്കി വിടും. അതായിരുന്നു പതിവ്.

സഹായിക്കാനല്ലാതെ ഉപദ്രവിക്കാൻ അദ്ദേഹത്തിനറിയില്ലായിരുന്നു. കൂടെ നില്ക്കുന്നവരെയും അന്ധമായി അദ്ദേഹം വിശ്വസിച്ചു.. അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ചില ജീവനക്കാരെ പേഴ്‌സണൽ സ്റ്റാഫിൽ എടുക്കരുത് എന്ന ഇന്റലിജൻസ് വിഭാഗത്തിന്റെ നിർദ്ദേശവും അദ്ദേഹം സ്‌നേഹപൂർവ്വം അവഗണിക്കുകയായിരുന്നു. ഒരു വിശ്വാസ്യതയും ഇല്ലാത്ത ആരോപണമായിരുന്നു പരാതിക്കാരിയുടേതെന്നു താൻ മുമ്പേ തന്നെ പറഞ്ഞിരുന്നു , സ്തുതിപാഠകരായിരുന്ന പലരും തിരിഞ്ഞു നിന്ന് വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും, ദിവസങ്ങളോളം സെക്രട്ടറിയേറ്റ് വളഞ്ഞ്, ചുറ്റും മനുഷ്യമതിലുയർത്തി, സെക്രട്ടറിയേറ്റ് കോമ്പൗണ്ടിൽ മനുഷ്യമലം നിറച്ച്, ഇവനെ ക്രൂശിക്കുക എന്നാക്രോശിച്ചവർക്കെതിരേ പോലും സംയമനം പാലിച്ച ഉമ്മൻ ചാണ്ടി എനിക്കൊരത്ഭുതമായിരുന്നു. ഞാൻ മറ്റൊരു നേതാവിനെയും സർവ്വീസ് ജീവിതത്തിൽ ഇതുപോലെ കണ്ടിട്ടില്ല. അധികാരം ജനസേവനത്തിന് മാത്രം എന്ന മുദ്രാവാക്യമുയർത്തി നിയമസഭയിലെ വിരലിലെണ്ണാവുന്ന ഭൂരിപക്ഷത്തെ വച്ച്, ദീർഘവീക്ഷണത്തോടെയുള്ള ഭരണം മറ്റ് രാഷ്ട്രീയക്കാർ പോലും ആദരവോടും അത്ഭുതത്തോടെയുമായിരിക്കും കണ്ടിട്ടുണ്ടാവുക!

കോട്ടയം ജനസമ്പർക്ക പരിപാടി കഴിഞ്ഞ് ഒരു പോള കണ്ണടയ്ക്കാതെ രാവിലെ 5 മണിക്ക് ശേഷം തിരുവനന്തപുരത്തെത്തിയ ഉമ്മൻ ചാണ്ടി അന്നും പതിവു പോലെ 10 മണിക്ക് മുമ്പായി ഓഫീസിലെത്തി. അടഞ്ഞു പോകുന്ന കണ്ണുകളോടെ ഓഫീസിൽ ഏറെ അവശനായ കണ്ട അദ്ദേഹത്തോടുള്ള ആദരവിൽ, സ്‌നേഹത്തിൽ, പ്രധാന സെക്രട്ടറിയേറ്റിന്റെ നോർത്ത് സൗത്ത് സന്ദർശക സഹായ കേന്ദ്രങ്ങളിൽ അന്നേദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പൊതുജനങ്ങൾക്ക് പാസ് കൊടുക്കണ്ട എന്ന തന്റെ നിർദ്ദേശത്തോട് തീർത്തും വിയോജിച്ച് രാവിലെ തന്നെ സന്ദർശകരെ കാണാൻ അദ്ദേഹം തയ്യാറായി. ഇതുപോലൊരാളെ രാഷ്ട്രീയത്തിൽ എവിടെ കാണാൻ കഴിയും ? ആരെയും വെറുപ്പിക്കാതെ, വിഷമിപ്പിക്കാതെ തന്റെ കൈയിലിരുന്ന പ്രധാന വകുപ്പു പോലും പരാതിക്കിട വരുത്താതെ കൈമാറാൻ കാണിച്ച ധൈര്യം ഇന്നും മനസിലുണ്ട്.

മതത്തിനോ മതാധികാരികൾക്കോ ഒരു പരിധിയിൽ കവിഞ്ഞ് അദ്ദേഹത്തിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ എല്ലാവരുമായി ഊഷ്മളമായ നല്ലൊരു ബന്ധം നിലനിറുത്താൻ ഉമ്മൻ ചാണ്ടിക്ക് എന്നും കഴിഞ്ഞിരുന്നു എന്നതും സെക്യൂരിറ്റി ഇൻസ്‌പെക്ടറായ തന്നെ അതിശയിപ്പിച്ചിരുന്നു. 'സാർത്തോവിന്റെ സുവിശേഷം' എന്ന തന്റെ ഓർമ്മക്കുറിപ്പുകളിൽ അതേക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

സോളാർ വിവാദ നാളുകളിൽ തന്നെ കാണാൻ വരുന്ന സന്ദർശകരോട് കർക്കശ നിലപാട് വേണ്ടെന്ന് നിർബന്ധം പിടിക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസ് ഫ്‌ളോറിൽ പോലും കൂടുതൽ സുരക്ഷാ ജീവനക്കാരെ ഡ്യൂട്ടിക്കിടാൻ പാടില്ല എന്ന് നിഷ്‌കർഷിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ ഒരു മനോരോഗി കയറി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇരിപ്പിടത്തിൽ തന്നെ ഇരുന്ന് ഫയലുകൾ നോക്കാൻ ശ്രമിച്ച വിഷയത്തിൽ പോലും തന്റെ ഓഫീസിലെ ഒരു സുരക്ഷാ ജീവനക്കാരനെതിരെയും യാതൊരച്ചടക്ക നടപടിയും സ്വീകരിച്ചില്ല. ആ നിലപാടിനെ ഒരു അത്ഭുതമായാണ് ഞങ്ങൾ പൊലീസുകാർ കാണുന്നത്.

ഉമ്മൻ ചാങ്ങിയെന്ന കേരളാ മുഖ്യമന്ത്രിയെ രാത്രി 1.30 ന് ക്ലിഫ് ഹൗസിൽ ഒരു വിദേശ പ്രതിനിധി ചർച്ചയ്ക്കായി എത്തിയത് മാധ്യമങ്ങൾ കൗതുകത്തോടെ വിവരിച്ചതും മറക്കാനാവില്ല. സ്തുത്യർഹമായ ജനസേവനത്തിന് ഐക്യരാഷ്ട്രസഭയുടെ അവാർഡ് ലഭിച്ചതിലും അതിശയമില്ല. സോളാർ കേസ് വന്നതിന്റെ ആയിരം മടങ്ങ് ആഘാതമായിരുന്നു പരാതിക്കാരെ കാണരുതെന്ന പൊലീസ് നിർദ്ദേശം. പക്ഷേ പാവങ്ങളുടെ അടുത്തേക്ക്, തന്റെ ജീവനിരിക്കുന്ന അവരിൽ നിന്ന് തനിക്ക് മാറി നിൽക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്-മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറയുന്നു.