ന്യൂഡൽഹി: കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ച നടപടി ഇപ്പോൾ കോടതി കയറുകയാണ്. കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പുനർനിയമനത്തിന് എതിരായ ഹർജിയിൽ കോടതി വിശദമായ വാദം കേൾക്കാനിരിക്കയാണ് താനും. ഇതിനിടെ കേസിൽ നിയമവൃത്തങ്ങളെ പോലും സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്ന സംശയം പോലും ഉയരുകയാണ്. ഇത്തരമൊരു സംശയത്തിന് വഴിമരുന്നിട്ട സംഭവം ഇന്ന് സുപ്രീംകോടതിയിൽ ഉണ്ടായി. ഗോപിനാഥ് രവീന്ദ്രന്റെ കേസ് പരിഗണിക്ക ബെഞ്ചിനെ നയിക്കുന്ന സുപ്രീംകോടതി ജഡ്ജിയെ കണ്ണൂർ സർവകലാശാലയുടെ പരിപാടിയിലേക്ക് ക്ഷണിച്ചതാണ് വിവാദമായത്.

കണ്ണൂർ സർവ്വകലാശാലയുടെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ദേശീയ മുട്ട് കോർട്ട് കോമ്പറ്റീഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാനാണ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി. രാമസുബ്രമണ്യത്തിന് ക്ഷണം ലഭിച്ചത്. ഈ ക്ഷണത്തിനെതിരെ പരാതി ഉയർന്നതോടെ ന്യായാധിപൻ പരിപാടിയിൽ നിന്നും പിന്മാറി. സർവകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജി താൻ പരിഗണിക്കുവെന്ന് അറിയാതെയാണ് ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചത് എന്നും ജസ്റ്റിസ് രാമസുബ്രമണ്യം വ്യക്തമാക്കി.

ചടങ്ങിൽ ജസ്റ്റിസ് പങ്കെടുക്കുന്നതിനെതിരെ കെ.എസ്.യു സംസ്ഥാന വൈസ്പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ജസ്റ്റിസ് രാമസുബ്രഹ്മണ്യം പിന്മാറിയതും. കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മാർച്ച് 16 മുതൽ 19 വരെയാണ് ദേശിയ മുട്ട് കോർട്ട് കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നത്. ലീഗൽ സ്റ്റഡീസ് വിഭാഗത്തിന്റെ മേധാവിയായുള്ളത് അഡ്വ. ഷീന ഷുക്കൂറാണ്. ഇവർ കുറച്ചുകാലമായി തന്നെ ഇടതുപക്ഷ അനുഭാവം പ്രകടിപ്പിച്ചാണ് മുന്നോട്ടു പോകുന്നത്. ഇതിനിടെയാണ് ഇവർ അടങ്ങുന്ന ടീമാണ് ജസ്റ്റിസ് രാമസുബ്രഹ്മണ്യത്തെ പരിപാടിയിലേക്ക് ക്ഷണിച്ചതും.

എന്നാൽ വിസിക്ക് എതിരായ കേസ് പരിഗണിക്കേണ്ടത് താനാണെന്ന് ന്യായാധിപന് അറിയില്ലായിരുന്നു. തുടർന്ന് ചടങ്ങിൽ പങ്കെടുക്കാൻ സുപ്രീം കോടതി ജഡ്ജി വി രാമസുബ്രമണ്യം സമ്മതമറിയിച്ചിരുന്നു. എന്നാൽ കണ്ണൂർ സർവകലാശാല വി സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജി പരിഗണക്കുന്ന ബെഞ്ചിനു നേതൃത്വം നൽകുന്ന ജസ്റ്റിസ് വി രാമസുബ്രമണ്യം ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ പരാതി ഉയർന്നതോടെയാണ് പിന്മാറ്റവും.

സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ നാലാം എതിർ കക്ഷി ഡോ. ഗോപിനാഥ് രവീന്ദ്രനായതിനാൽ ജസ്റ്റിസ് രാമസുബ്രമണ്യം ചടങ്ങിൽ പങ്കെടുക്കരുതെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. എന്നാൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടാതെയാണ് ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചത് എന്ന് ജസ്റ്റിസ് രാമസുബ്രമണ്യം ഇന്ന് വ്യക്തമാക്കി. ജഡ്ജിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനും ശ്രമം നടന്നോ എന്ന സംശയമാണ് ഇതോടെ ഉയർന്നത്.

മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപലിന്റെ അച്ഛൻ ബാരിസ്റ്റർ എം. കെ. നമ്പ്യാരുടെ പേരിലുള്ള ചടങ്ങായതിനാലാണ് ദേശിയ മുട്ട് കോർട്ട് കോമ്പറ്റീഷനിൽ പങ്കെടുക്കാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം അറിയിച്ചു. വിവാദമറിഞ്ഞപ്പോൾ തന്നെ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സംഘാടകരെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്നത് മുൻ എ.ജി കൂടിയായ കെ. കെ. വേണുഗോപാലാണ്. ചാൻസലർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിന് മറുപടി നൽകുന്നതിന് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയമനുവദിച്ചു. ചാൻസലർ കൂടിയായ ഗവർണർക്ക് വേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയാണ് ഇന്ന് സുപ്രീം കോടതിയിൽ ഹാജരായത്.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഹർജി സുപ്രീം കോടതിയിൽ എത്തിയത്. വിസി ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ടങ്ങൾ പാലിച്ചാണെന്ന് കണ്ണൂർ സർവകലാശാലയും ഡോ.ഗോപിനാഥ് രവീന്ദ്രനും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിനെതിരായ മറുപടി സത്യവാങ്മൂലത്തിലാണ് കണ്ണൂർ വിസിയുടെ ആദ്യനിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിക്കാരൻ വാദിക്കുന്നത്.ഈ സാഹചര്യത്തിൽ നൽകിയ പുനനർനിയമനവും നിലനിൽക്കില്ല. പുനർനിയമന സമയത്ത് ഡോ,ഗോപിനാഥ് രവീന്ദ്രൻ ആറുപത് വയസ് കഴിഞ്ഞിരുന്നു.പ്രായം കടന്നുള്ള നിയമനവും ചട്ടലംഘനമാണെന്നും ഹർജിക്കാരൻ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. അഭിഭാഷകൻ അതുൽ ശങ്കർ വിനോദാണ് ഹർജിക്കാരൻ പ്രേമചന്ദ്രൻ കീഴൂട്ടിനായി മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്.