- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദാനി ഗ്രൂപ്പ് ഓഹരി വിലകളിൽ കൃത്രിമം കാട്ടിയതായി പ്രഥമദൃഷ്ട്യാ തെളിവില്ല; സെബിയുടെ ഭാഗത്ത് നിന്നും വീഴ്ചകൾ വന്നതായി കണ്ടെത്താനായില്ല; അദാനി ഗ്രൂപ്പിനും സെബിക്കും ആദ്യഘട്ടത്തിൽ ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി; സെബിയുടെ സ്വതന്ത്രാന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും സമിതി
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിക്കുന്ന പോലെ അദാനി ഗ്രൂപ്പ് ഓഹരി വിലയിൽ കൃത്രിമം കാട്ടിയതായി പ്രഥമദൃഷ്ട്യാ കണ്ടെത്താനായില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി. ജനുവരിയിലാണ് അമേരിക്ക കേന്ദ്രമായുള്ള ഷോട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചത്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ക്ക് വീഴ്ചപറ്റിയെന്നും പറയാനാകില്ലെന്ന് സമിതി വിലയിരുത്തി. ജസ്റ്റിസ് എ.എം സാപ്രെ അധ്യക്ഷനായ സമിതിയുടെ ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരിവിപണിയുമായി ബന്ധപ്പെട്ട് സെബിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നത്. ഈ ഘട്ടത്തിൽ സെബിക്ക് വീഴ്ച പറ്റിയെന്ന് പറയാനാകില്ലെങ്കിലും, വിശദമായ അന്വേഷണം ആവശ്യമാണ്.
അദാനി ഗ്രൂപ്പ് ഓഹരികളുടെ വിലകൾ കുത്തനെ കയറിയപ്പോൾ സെബിയുടെ നിയന്ത്രണ സംവിധാനം പരാജയപ്പെട്ടതായി തെളിവില്ല. ഈ വിഷയത്തിൽ, സെബിയുടെ സ്വതന്ത്രാന്വേഷണം ഏത്രയും വേഗം പൂർത്തിയാക്കാൻ സമിതി നിർദ്ദേശിച്ചു. സെബി സമർപ്പിച്ച രേഖകൾ പരിശോധിച്ചപ്പോൾ അദാനി ഗ്രൂപ്പിന്റെ ഓഹരി വിലകളിൽ കൃത്രിമം കണ്ടെത്താനായില്ല. ഈ ഘട്ടത്തിൽ, സെബി നൽകിയ അക്കൗണ്ട് വിവരങ്ങളും, തെളിവുകളും പരിശോധിക്കുമ്പോൾ സെബിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്താനായില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അദാനി ഓഹരി വിലകളിലെ ചാഞ്ചാട്ടം ഉയർന്ന നിലയിലായിരുന്നെങ്കിലും, അത് ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന്റെ ആഘാതത്തിലാകാം എന്നും ഈ മാസം ആദ്യം സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. റീട്ടെയിൽ നിക്ഷപകർക്ക് ആശ്വാസകരമായ നടപടികളും ഗ്രൂപ്പ് സ്വീകരിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ പത്തിൽ ഒമ്പത് ഓഹരികളും ഉയർന്ന നിലയിലാണ് ട്രേഡ് ചെയ്തത്. അദാനി എന്റർപ്രസൈസ് ആദ്യദിവസത്തെ നഷ്ടത്തിൽ നിന്ന് കരകയറി 3.8 ശതമാനം ഓഹരി വിലയിൽ ഉയർച്ചകാട്ടി. അദാനി പോർട്‌സും,സ്‌പെഷ്യൽ എക്കണോമിക് സോൺ ലിമിറ്റഡും 2.2 ശതമാനം ഉയർന്നിരുന്നു.
മാർച്ചിലാണ് സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്. സെബിയുടെ ഭാഗത്ത് നിന്നും വീഴ്ചകൾ ഉണ്ടായോ എന്ന ചോദ്യത്തിന് പുറമേ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ നിർദ്ദേശങ്ങളും സമർപ്പിക്കാനാണ് സമിതിയെ നിയോഗിച്ചത്. ഓഗസ്റ്റ് 14 നാലുവരെയാണ് സെബിക്ക് അന്വേഷണം പൂർത്തിയാക്കാൻ സുപ്രീം കോടതി സമയം നൽകിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ